സദൃശവാക്യങ്ങൾ 16:1-4
സദൃശവാക്യങ്ങൾ 16:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു. മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ.
സദൃശവാക്യങ്ങൾ 16:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യൻ പദ്ധതികൾ നിരൂപിക്കുന്നു, അന്തിമതീരുമാനം സർവേശ്വരൻറേതത്രേ. തന്റെ മാർഗങ്ങൾ ശരിയാണെന്ന് ഒരുവനു തോന്നുന്നു, സർവേശ്വരനോ ഹൃദയവിചാരങ്ങൾ പരിശോധിക്കുന്നു. നിന്റെ പ്രവൃത്തികൾ സർവേശ്വരനിൽ സമർപ്പിക്കുക, എന്നാൽ നിന്റെ ആഗ്രഹങ്ങൾ സഫലമാകും. ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്ടിച്ചിരിക്കുന്നു, അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.
സദൃശവാക്യങ്ങൾ 16:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു. മനുഷ്യന് തന്റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു.
സദൃശവാക്യങ്ങൾ 16:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു. മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
സദൃശവാക്യങ്ങൾ 16:1-4 സമകാലിക മലയാളവിവർത്തനം (MCV)
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു. മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും. യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും.