സദൃശവാക്യങ്ങൾ 15:1-17
സദൃശവാക്യങ്ങൾ 15:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം പൊഴിക്കുന്നു. യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം. ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്ത്തീരും. നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്റെ ആദായത്തിലോ അനർഥം. ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല. ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്കു വെറുപ്പ്; നേരുള്ളവരുടെ പ്രാർഥനയോ അവനു പ്രസാദം. ദുഷ്ടന്മാരുടെ വഴി യഹോവയ്ക്കു വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു. സന്മാർഗം ത്യജിക്കുന്നവനു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും. പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല; സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു. വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം ആചരിക്കുന്നു. അരിഷ്ടന്റെ ജീവനാളൊക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു. ദ്വേഷമുള്ളേടത്തെ തടിച്ച കാളയെക്കാൾ സേഹമുള്ളേടത്തെ ശാകഭോജനം നല്ലത്.
സദൃശവാക്യങ്ങൾ 15:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും; പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും; ജ്ഞാനിയുടെ വാക്കുകൾ വിജ്ഞാനം വിതറുന്നു; മൂഢന്മാരോ ഭോഷത്തം വിളമ്പുന്നു. സർവേശ്വരൻ എല്ലാം കാണുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു. സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം, വക്രതയുള്ള വാക്ക് ഹൃദയം തകർക്കുന്നു. മൂഢൻ പിതാവിന്റെ പ്രബോധനം നിരസിക്കുന്നു; ശാസനം ആദരിക്കുന്നവൻ വിവേകിയായിത്തീരും. നീതിമാന്റെ ഗൃഹത്തിൽ ധാരാളം നിക്ഷേപമുണ്ട്; ദുഷ്ടന്റെ സമ്പാദ്യത്തിന്മേൽ അനർഥം നിപതിക്കും. ജ്ഞാനിയുടെ വചസ്സുകൾ വിജ്ഞാനം വിതറുന്നു; ദുഷ്ടന്മാരുടെ മനസ്സോ നേരുള്ളതല്ല. ദുഷ്ടന്മാരുടെ യാഗം സർവേശ്വരൻ വെറുക്കുന്നു; സത്യസന്ധരുടെ പ്രാർഥനയിൽ അവിടുന്നു പ്രസാദിക്കുന്നു. ദുഷ്ടന്മാരുടെ മാർഗം സർവേശ്വരൻ ദ്വേഷിക്കുന്നു; എന്നാൽ നീതിനിഷ്ഠനെ അവിടുന്നു സ്നേഹിക്കുന്നു. നേർവഴി വിട്ടു നടക്കുന്നവനു കഠിനശിക്ഷ ലഭിക്കും; ശാസന വെറുക്കുന്നവൻ മരിക്കും. പാതാളവും നരകഗർത്തവും സർവേശ്വരന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; എങ്കിൽ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും. പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല; അവൻ ജ്ഞാനിയെ സമീപിക്കുന്നതുമില്ല. സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു. വിവേകി വിജ്ഞാനം തേടുന്നു. മൂഢൻ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു. പീഡിതന് ജീവിതം ക്ലേശപൂർണമാണ്; എന്നാൽ സന്തുഷ്ടഹൃദയനു നിത്യവും ഉത്സവമാണ്. അനർഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാൾ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്. വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാൾ സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം.
സദൃശവാക്യങ്ങൾ 15:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു. യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം. ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. നീതിമാന്‍റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം. ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല. ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം. ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു. സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും. പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു. വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു. പീഡിതന്‍റെ ജീവനാൾ എല്ലാം കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.
സദൃശവാക്യങ്ങൾ 15:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു. യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം. ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും. നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം. ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല. ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു; നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം. ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു. സന്മാർഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും. പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു. വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു. അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം. ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു. ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
സദൃശവാക്യങ്ങൾ 15:1-17 സമകാലിക മലയാളവിവർത്തനം (MCV)
സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു. ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു. യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു. സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു. ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ. നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്, എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു. ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല. ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം. ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു, എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു. നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും; ശാസന വെറുക്കുന്നവർ മരണത്തെ പുൽകും. മരണവും പാതാളവും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു! പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു. സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു. വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ. പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം, എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു. യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്. സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.