സദൃശവാക്യങ്ങൾ 14:13-35
സദൃശവാക്യങ്ങൾ 14:13-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകുകയുമാവാം. ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവനു തന്റെ നടപ്പിൽ മടുപ്പു വരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽതന്നെ തൃപ്തിവരും. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. ദുർജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനില്ക്കുന്നു. ദരിദ്രനെ കൂട്ടുകാരൻപോലും പകയ്ക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപ കാണിക്കുന്നവനോ ഭാഗ്യവാൻ. ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ. ജ്ഞാനികളുടെ ധനം അവർക്കു കിരീടം; മൂഢന്മാരുടെ ഭോഷത്തമോ ഭോഷത്തം തന്നെ. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു. യഹോവാഭക്തനു ദൃഢധൈര്യം ഉണ്ട്; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും. പ്രജാബാഹുല്യം രാജാവിനു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിനു നാശം. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. ശാന്തമനസ്സ് ദേഹത്തിനു ജീവൻ; അസൂയയോ അസ്ഥികൾക്കു ദ്രവത്വം. എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു. ദുഷ്ടനു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്. വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു. നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം. ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവനോ അവന്റെ കോപം നേരിടും.
സദൃശവാക്യങ്ങൾ 14:13-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ ചിരിക്കുമ്പോഴും അവന്റെ ഹൃദയം ദുഃഖപൂർണമായിരിക്കും. സന്തോഷത്തിന്റെ അന്ത്യമോ ദുഃഖം ആകുന്നു. വഴിപിഴച്ചവൻ സ്വന്തം ദുഷ്പ്രവൃത്തിയുടെ ഫലം കൊയ്തെടുക്കും, നല്ല മനുഷ്യനു തന്റെ സൽപ്രവൃത്തിയുടെ ഫലം ലഭിക്കും. ബുദ്ധിശൂന്യൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു, ബുദ്ധിമാനാകട്ടെ തന്റെ മാർഗം സൂക്ഷിക്കുന്നു. ജ്ഞാനി ജാഗരൂകനായി തിന്മയിൽനിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു. ക്ഷിപ്രകോപി അവിവേകം പ്രവർത്തിക്കുന്നു; എന്നാൽ ബുദ്ധിമാൻ ക്ഷമയോടെ വർത്തിക്കും. ബുദ്ധിഹീനൻ ഭോഷത്തം വരുത്തിവയ്‍ക്കുന്നു; വിവേകി പരിജ്ഞാനത്തിന്റെ കിരീടം അണിയുന്നു. ദുർജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ ശിഷ്ടന്മാരുടെ വാതില്‌ക്കലും വണങ്ങുന്നു. ദരിദ്രനെ അവന്റെ അയൽക്കാർപോലും വെറുക്കുന്നു, എന്നാൽ ധനവാനെ അനേകർ സ്നേഹിക്കുന്നു. അയൽക്കാരനെ നിന്ദിക്കുന്നവൻ പാപിയാകുന്നു, ദരിദ്രനോടു ദയ കാട്ടുന്നവനോ ധന്യൻ. ദുരാലോചന നടത്തുന്നവൻ വഴി തെറ്റിപ്പോകുന്നില്ലേ? നന്മ ചിന്തിക്കുന്നവനു കൂറും വിശ്വസ്തതയും ലഭിക്കുന്നു. അധ്വാനമെല്ലാം ലാഭകരമാണ്, എന്നാൽ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ. ജ്ഞാനികൾക്ക് ജ്ഞാനം കിരീടം; ഭോഷന്മാർക്ക് ഭോഷത്തം പൂമാല. സത്യസന്ധനായ സാക്ഷി പലരെയും രക്ഷിക്കുന്നു; കള്ളസ്സാക്ഷി വഞ്ചകനാകുന്നു. ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്. അത് അയാളുടെ മക്കൾക്ക് അഭയസ്ഥാനമായിരിക്കും. ദൈവഭക്തി ജീവന്റെ ഉറവയാകുന്നു, അതു മരണത്തിന്റെ കെണികളിൽനിന്ന് ഒഴിഞ്ഞുമാറാൻ സഹായിക്കുന്നു. പ്രജാബാഹുല്യം രാജാവിനു പ്രതാപകരം, പ്രജകളുടെ അഭാവം രാജാവിനു വിനാശം. ക്ഷമാശീലൻ മഹാബുദ്ധിമാൻ; ക്ഷിപ്രകോപി ഭോഷത്തം തുറന്നുകാട്ടുന്നു. പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്‌കുന്നു, അസൂയ അസ്ഥികളെ ജീർണിപ്പിക്കുന്നു. എളിയവനെ പീഡിപ്പിക്കുന്നവൻ സ്രഷ്ടാവിനെ നിന്ദിക്കുന്നു; എന്നാൽ ദരിദ്രനോടു ദയ കാട്ടുന്നവൻ അവിടുത്തെ ആദരിക്കുന്നു. ദുഷ്പ്രവൃത്തിയാൽ ദുഷ്ടൻ വീഴുന്നു; നീതിമാനാകട്ടെ തന്റെ സ്വഭാവശുദ്ധിയിൽ അഭയം കണ്ടെത്തുന്നു. വിവേകിയുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു, ഭോഷന്മാരുടെ ഹൃദയം അതിനെ അറിയുന്നതേയില്ല. നീതി ജനതയെ ഉയർത്തുന്നു; എന്നാൽ പാപം ഏതു ജനതയ്‍ക്കും അപമാനകരമത്രേ; ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു; എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്നവന്റെമേൽ രാജകോപം നിപതിക്കും.
സദൃശവാക്യങ്ങൾ 14:13-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം. ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും. അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു. ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ. ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു. യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്റെ മക്കൾക്കും അഭയം ഉണ്ടാകും. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും. പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു. വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതക്ക് അപമാനം. ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവൻ അവന്‍റെ കോപത്തെ നേരിടും.
സദൃശവാക്യങ്ങൾ 14:13-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം. ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു; ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു. കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ. ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു. ജ്ഞാനികളുടെ ധനം അവർക്കു കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു. യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും. പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു. ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം. എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു. ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു. വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു. നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം. ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
സദൃശവാക്യങ്ങൾ 14:13-35 സമകാലിക മലയാളവിവർത്തനം (MCV)
ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം. വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും. ലളിതമാനസർ സകലതും വിശ്വസിക്കുന്നു, വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു. ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു, എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്. ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു, കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു. ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു, വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു. ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും; നീചർ നീതിനിഷ്ഠരുടെ കവാടത്തിലും. ദരിദ്രരെ അവരുടെ അയൽവാസികൾപോലും അവഗണിക്കുന്നു, എന്നാൽ ധനികർക്കു ധാരാളം സുഹൃത്തുക്കളുണ്ട്. ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്, ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ. തിന്മയ്ക്കായി ഗൂഢാലോചന നടത്തുന്നവർ വഴിയാധാരമാകുകയില്ലേ? എന്നാൽ സൽപ്രവൃത്തികൾ ആസൂത്രണംചെയ്യുന്നവർ സ്നേഹവും വിശ്വാസവും നേടുന്നു. എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും, എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു. ജ്ഞാനിയുടെ സമ്പത്ത് അവരുടെ മകുടം, എന്നാൽ ഭോഷരുടെ ഭോഷത്തത്തിൽനിന്ന് ഭോഷത്തംതന്നെ വിളയുന്നു. സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു, എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു. യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്, അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും. യഹോവാഭക്തി ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു. ജനബാഹുല്യം രാജാവിനു മഹത്ത്വം, എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു. ദീർഘക്ഷമയുള്ളവർ അത്യന്തം വിവേകശാലികളാണ്, എന്നാൽ ക്ഷിപ്രകോപി മടയത്തരം വെളിപ്പെടുത്തുന്നു. പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്, എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്. ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു, അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു. ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു, എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്. വകതിരിവുള്ളവരുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു എന്നാൽ ഭോഷരുടെ മധ്യത്തിൽപോലും അവൾ അറിയപ്പെടാൻ അനുവദിക്കുന്നു. നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു, എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം. ജ്ഞാനിയായ സേവകരിൽ രാജാവ് സംപ്രീതനാണ്, എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്ന ദാസൻ രാജാവിന്റെ ക്രോധം ജ്വലിപ്പിക്കുന്നു.