സദൃശവാക്യങ്ങൾ 14:10-19

സദൃശവാക്യങ്ങൾ 14:10-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. ദുഷ്ടന്മാരുടെ വീട് മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴയ്ക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകുകയുമാവാം. ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവനു തന്റെ നടപ്പിൽ മടുപ്പു വരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽതന്നെ തൃപ്തിവരും. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. ദുർജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനില്ക്കുന്നു.

സദൃശവാക്യങ്ങൾ 14:10-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിന്റെ ദുഃഖം നീ മാത്രം അറിയുന്നു നിന്റെ സന്തോഷത്തിലും അന്യർക്കു പങ്കില്ല. ദുഷ്ടന്മാരുടെ ഭവനം നശിപ്പിക്കപ്പെടും, നീതിമാന്റെ കൂടാരം ഐശ്വര്യപൂർണമാകും. ശരിയെന്നു തോന്നുന്ന മാർഗം മരണത്തിലേക്കു നയിച്ചെന്നു വരാം. ഒരുവൻ ചിരിക്കുമ്പോഴും അവന്റെ ഹൃദയം ദുഃഖപൂർണമായിരിക്കും. സന്തോഷത്തിന്റെ അന്ത്യമോ ദുഃഖം ആകുന്നു. വഴിപിഴച്ചവൻ സ്വന്തം ദുഷ്പ്രവൃത്തിയുടെ ഫലം കൊയ്തെടുക്കും, നല്ല മനുഷ്യനു തന്റെ സൽപ്രവൃത്തിയുടെ ഫലം ലഭിക്കും. ബുദ്ധിശൂന്യൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു, ബുദ്ധിമാനാകട്ടെ തന്റെ മാർഗം സൂക്ഷിക്കുന്നു. ജ്ഞാനി ജാഗരൂകനായി തിന്മയിൽനിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു. ക്ഷിപ്രകോപി അവിവേകം പ്രവർത്തിക്കുന്നു; എന്നാൽ ബുദ്ധിമാൻ ക്ഷമയോടെ വർത്തിക്കും. ബുദ്ധിഹീനൻ ഭോഷത്തം വരുത്തിവയ്‍ക്കുന്നു; വിവേകി പരിജ്ഞാനത്തിന്റെ കിരീടം അണിയുന്നു. ദുർജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ ശിഷ്ടന്മാരുടെ വാതില്‌ക്കലും വണങ്ങുന്നു.

സദൃശവാക്യങ്ങൾ 14:10-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്‍റെ കൂടാരമോ തഴയ്ക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്‍റെ അവസാനം മരണവഴികൾ അത്രേ. ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്‍റെ അവസാനം ദുഃഖമായിരിക്കാം. ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും. അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു.

സദൃശവാക്യങ്ങൾ 14:10-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം. ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു; ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.

സദൃശവാക്യങ്ങൾ 14:10-19 സമകാലിക മലയാളവിവർത്തനം (MCV)

ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല. ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം. വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും. ലളിതമാനസർ സകലതും വിശ്വസിക്കുന്നു, വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു. ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു, എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്. ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു, കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു. ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു, വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു. ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും; നീചർ നീതിനിഷ്ഠരുടെ കവാടത്തിലും.