സദൃശവാക്യങ്ങൾ 14:1-12
സദൃശവാക്യങ്ങൾ 14:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു. കാളകൾ ഇല്ലാത്തേടത്തു തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ട്. വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവനോ പരിജ്ഞാനം എളുപ്പം. മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ട്. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. ദുഷ്ടന്മാരുടെ വീട് മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴയ്ക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
സദൃശവാക്യങ്ങൾ 14:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനം തന്റെ ഭവനം പണിയുന്നു, ഭോഷത്തം സ്വന്തകൈകൊണ്ട് അതു പൊളിച്ചുകളയുന്നു. നേർവഴിയിൽ നടക്കുന്നവൻ ദൈവഭക്തനാകുന്നു; വക്രമാർഗത്തിൽ ചരിക്കുന്നവൻ അവിടുത്തെ നിന്ദിക്കുന്നു. മൂഢന്റെ ഭാഷണം അവന്റെ മുതുകിന് അടി ഏല്പിക്കുന്നു. എന്നാൽ ജ്ഞാനിയുടെ വാക്കുകൾ അവനെ സംരക്ഷിക്കുന്നു. ഉഴവുകാളകൾ ഇല്ലാത്തിടത്ത് കളപ്പുര ശൂന്യമായിരിക്കുന്നു, എന്നാൽ കാളകളുടെ ശക്തിയാൽ ധാന്യസമൃദ്ധി ഉണ്ടാകുന്നു. വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല; കള്ളസ്സാക്ഷി വ്യാജം ഉതിർക്കുന്നു. നിന്ദകൻ ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല; വിവേകി അറിവ് എളുപ്പം നേടും. മൂഢന്റെ സമീപത്തുനിന്നു മാറിപ്പോകുക; അറിവിന്റെ വചനങ്ങൾ അവനിൽനിന്നു ലഭിക്കുകയില്ലല്ലോ. വിവേകിയുടെ ജ്ഞാനം അവനു നേർവഴി കാട്ടുന്നു, ഭോഷത്തം ഭോഷന്മാരെ കബളിപ്പിക്കുന്നു. ഭോഷന്മാർ പാപത്തെ നിസ്സാരമായി എണ്ണുന്നു. നീതിനിഷ്ഠർ ദൈവകൃപ അനുഭവിക്കുന്നു. നിന്റെ ദുഃഖം നീ മാത്രം അറിയുന്നു നിന്റെ സന്തോഷത്തിലും അന്യർക്കു പങ്കില്ല. ദുഷ്ടന്മാരുടെ ഭവനം നശിപ്പിക്കപ്പെടും, നീതിമാന്റെ കൂടാരം ഐശ്വര്യപൂർണമാകും. ശരിയെന്നു തോന്നുന്ന മാർഗം മരണത്തിലേക്കു നയിച്ചെന്നു വരാം.
സദൃശവാക്യങ്ങൾ 14:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്‍റെ കൂടാരമോ തഴയ്ക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്‍റെ അവസാനം മരണവഴികൾ അത്രേ.
സദൃശവാക്യങ്ങൾ 14:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു. കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു. വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം. മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം. ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
സദൃശവാക്യങ്ങൾ 14:1-12 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു, എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു. യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു, എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു. ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു, എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു. കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു, എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു. സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു. ഭോഷരിൽനിന്നും അകലം പാലിക്കുക; നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല. വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു, എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു. ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു. ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല. ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.