സദൃശവാക്യങ്ങൾ 13:16-21
സദൃശവാക്യങ്ങൾ 13:16-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം വിടർത്തിക്കാണിക്കുന്നു. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. പ്രബോധനം ത്യജിക്കുന്നവനു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും. ഇച്ഛാനിവൃത്തി മനസ്സിനു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പ്. ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.
സദൃശവാക്യങ്ങൾ 13:16-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു; ഭോഷൻ തന്റെ ഭോഷത്തം വെളിപ്പെടുത്തുന്നു. ദുഷ്ടനായ ദൂതൻ മനുഷ്യരെ കുഴപ്പത്തിൽ ചാടിക്കുന്നു; വിശ്വസ്തദൂതനോ ആശ്വാസം കൈവരുത്തുന്നു. ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും. അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്. ദോഷം വിട്ടകലുന്നതു ഭോഷന്മാർക്കു വെറുപ്പാണ്. ജ്ഞാനികളുടെ കൂടെ നടക്കുന്നവൻ ജ്ഞാനിയാകും; ഭോഷന്മാരുമായി കൂട്ടു കൂടുന്നവർക്ക് ഉപദ്രവം നേരിടും. അനർഥം പാപികളെ പിന്തുടരുന്നു; എന്നാൽ നീതിനിഷ്ഠർക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കും.
സദൃശവാക്യങ്ങൾ 13:16-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്. ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
സദൃശവാക്യങ്ങൾ 13:16-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടർത്തു കാണിക്കുന്നു. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും. ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പു. ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.
സദൃശവാക്യങ്ങൾ 13:16-21 സമകാലിക മലയാളവിവർത്തനം (MCV)
വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു, എന്നാൽ ഭോഷർ തങ്ങളുടെ മടയത്തരം വെളിവാക്കുന്നു. ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു, എന്നാൽ വിശ്വസ്തരായ സ്ഥാനപതി സൗഖ്യം കൊണ്ടുവരുന്നു. ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും. അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു, എന്നാൽ ഭോഷർക്ക് ദുഷ്ടതയിൽനിന്നു പിന്മാറുന്നതു വെറുപ്പാകുന്നു. ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും, ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും! അനർഥം പാപിയെ പിൻതുടരുന്നു, എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു.