സദൃശവാക്യങ്ങൾ 13:12-25
സദൃശവാക്യങ്ങൾ 13:12-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ. വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും. സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം. സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം വിടർത്തിക്കാണിക്കുന്നു. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. പ്രബോധനം ത്യജിക്കുന്നവനു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും. ഇച്ഛാനിവൃത്തി മനസ്സിനു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പ്. ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും. ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം വച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്നു. സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ട്. വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
സദൃശവാക്യങ്ങൾ 13:12-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രതീക്ഷയ്‍ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു; ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു. സദുപദേശം നിരസിക്കുന്നവർ നാശം വരുത്തിവയ്‍ക്കുന്നു; കല്പനകൾ ആദരിക്കുന്നവനു പ്രതിഫലം ലഭിക്കുന്നു. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാകുന്നു. അതു മരണത്തിന്റെ കെണിയിൽനിന്നു രക്ഷിക്കുന്നു; സൽബുദ്ധിയുള്ളവൻ ബഹുമാനം നേടുന്നു; വഞ്ചകന്റെ വഴി അവനെ നാശത്തിലേക്കു നയിക്കുന്നു. വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു; ഭോഷൻ തന്റെ ഭോഷത്തം വെളിപ്പെടുത്തുന്നു. ദുഷ്ടനായ ദൂതൻ മനുഷ്യരെ കുഴപ്പത്തിൽ ചാടിക്കുന്നു; വിശ്വസ്തദൂതനോ ആശ്വാസം കൈവരുത്തുന്നു. ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും. അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്. ദോഷം വിട്ടകലുന്നതു ഭോഷന്മാർക്കു വെറുപ്പാണ്. ജ്ഞാനികളുടെ കൂടെ നടക്കുന്നവൻ ജ്ഞാനിയാകും; ഭോഷന്മാരുമായി കൂട്ടു കൂടുന്നവർക്ക് ഉപദ്രവം നേരിടും. അനർഥം പാപികളെ പിന്തുടരുന്നു; എന്നാൽ നീതിനിഷ്ഠർക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കും. ഉത്തമനായ മനുഷ്യൻ തന്റെ അവകാശം തലമുറകൾക്കായി ശേഷിപ്പിക്കുന്നു. പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു. തരിശുഭൂമി ദരിദ്രർക്ക് ധാരാളം വിള നല്‌കുന്നു; അധർമി അതും കൈവശപ്പെടുത്തി തരിശിടുന്നു. ശിക്ഷിക്കാതെ മകനെ വളർത്തുന്നവൻ അവനെ സ്നേഹിക്കുന്നില്ല, മകനെ സ്നേഹിക്കുന്നവൻ അവനു ശിക്ഷണം നല്‌കുന്നു. നീതിമാനു ഭക്ഷിക്കാൻ വേണ്ടുവോളമുണ്ട്; ദുഷ്ടനോ വിശന്നു പൊരിയുന്നു.
സദൃശവാക്യങ്ങൾ 13:12-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ. വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും. സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം. സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്. ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും. ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും. വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
സദൃശവാക്യങ്ങൾ 13:12-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ. വചനത്തെ നിന്ദിക്കുന്നവൻ അതിന്നു ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും. സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം. സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടർത്തു കാണിക്കുന്നു. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും. ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പു. ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും. ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു. സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു. വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
സദൃശവാക്യങ്ങൾ 13:12-25 സമകാലിക മലയാളവിവർത്തനം (MCV)
സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു, എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്. ഉപദേശം ധിക്കരിക്കുന്നവർ അതിനു നല്ല വില കൊടുക്കേണ്ടിവരും, എന്നാൽ കൽപ്പനകൾ ആദരിക്കുന്നവർക്കു പ്രതിഫലം ലഭിക്കും. ജ്ഞാനിയുടെ ഉപദേശം ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു. നല്ല വിധിനിർണയം പ്രസാദം ആർജിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അവരെത്തന്നെ നാശത്തിലേക്കു നയിക്കുന്നു. വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു, എന്നാൽ ഭോഷർ തങ്ങളുടെ മടയത്തരം വെളിവാക്കുന്നു. ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു, എന്നാൽ വിശ്വസ്തരായ സ്ഥാനപതി സൗഖ്യം കൊണ്ടുവരുന്നു. ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും. അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു, എന്നാൽ ഭോഷർക്ക് ദുഷ്ടതയിൽനിന്നു പിന്മാറുന്നതു വെറുപ്പാകുന്നു. ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും, ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും! അനർഥം പാപിയെ പിൻതുടരുന്നു, എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു. നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും, എന്നാൽ ഒരു പാപിയുടെ സമ്പത്ത് നീതിനിഷ്ഠർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു. ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു, എന്നാൽ അനീതി അവ അപഹരിച്ചുകളയുന്നു. വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു, എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. നീതിനിഷ്ഠർ തങ്ങൾക്ക് തൃപ്തിവരുവോളം ഭക്ഷിക്കുന്നു, എന്നാൽ ദുഷ്ടരുടെ ഉദരത്തിൽ വിശപ്പിനു ശമനംവരികയില്ല.