സദൃശവാക്യങ്ങൾ 13:1-9

സദൃശവാക്യങ്ങൾ 13:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനാഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവനോ നാശം ഭവിക്കും. മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണനോ പുഷ്‍ടിയുണ്ടാകും. നീതിമാൻ ഭോഷ്ക് വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു. നീതി സന്മാർഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു. ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്; മനുഷ്യന്റെ ജീവനു മറുവില അവന്റെ സമ്പത്തു തന്നെ; ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല. നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

സദൃശവാക്യങ്ങൾ 13:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിവേകിയായ മകൻ പിതാവിന്റെ പ്രബോധനം കേൾക്കുന്നു; പരിഹാസി ശാസന അവഗണിക്കുന്നു. സജ്ജനം തങ്ങളുടെ വാക്കുകളുടെ സൽഫലം അനുഭവിക്കുന്നു, വഞ്ചകർ ആഗ്രഹിക്കുന്നത് അക്രമമാണ്. സൂക്ഷ്മതയോടെ സംസാരിക്കുന്നവൻ സ്വന്തജീവൻ രക്ഷിക്കുന്നു; വിടുവായനു നാശം നേരിടുന്നു. അലസൻ എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല; ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു. സത്യസന്ധൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജാകരവും നിന്ദ്യവും ആയതു പ്രവർത്തിക്കുന്നു. സന്മാർഗിയെ നീതി കാക്കുന്നു; പാപം ദുഷ്ടനെ മറിച്ചുകളയുന്നു. ഒന്നുമില്ലാത്തവരെങ്കിലും ചിലർ ധനികരെന്നു നടിക്കുന്നു; വളരെ ധനമുണ്ടായിട്ടും ചിലർ ദരിദ്രരെന്നു ഭാവിക്കുന്നു. ധനികന് ജീവൻ വീണ്ടെടുക്കാൻ പണം ഉണ്ട്, ദരിദ്രനു മോചനത്തിനു മാർഗമില്ല; നീതിമാന്മാരുടെ ദീപം ജ്വലിച്ചു പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് അണഞ്ഞുപോകും.

സദൃശവാക്യങ്ങൾ 13:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ജ്ഞാനമുള്ള മകൻ അപ്പന്‍റെ പ്രബോധനം കൈക്കൊള്ളുന്നു; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും. മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. നീതിമാൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു. നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടത പാപിയെ മറിച്ചുകളയുന്നു. ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്; മനുഷ്യന്‍റെ ജീവന് മറുവില അവന്‍റെ സമ്പത്ത് തന്നെ; ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല. നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

സദൃശവാക്യങ്ങൾ 13:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ. വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവന്നോ നാശം ഭവിക്കും. മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും. നീതിമാൻ ഭോഷ്കു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു. നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു. ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ടു; മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല. നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

സദൃശവാക്യങ്ങൾ 13:1-9 സമകാലിക മലയാളവിവർത്തനം (MCV)

ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു, എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല. തന്റെ അധരഫലങ്ങളിൽനിന്ന് ഒരു വ്യക്തി നന്മ ആസ്വദിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അക്രമങ്ങളിൽ ആസക്തരാണ്. തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു, വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു. അലസരുടെ ആർത്തി ഒരിക്കലും ശമിക്കുന്നില്ല, എന്നാൽ സ്ഥിരോത്സാഹിയുടെ ആഗ്രഹങ്ങൾക്കു പരിപൂർണതൃപ്തിവരുന്നു. നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു, എന്നാൽ ദുഷ്ടർ ദുർഗന്ധവാഹികളായി സ്വയം അപമാനം വിളിച്ചുവരുത്തുന്നു. നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു, എന്നാൽ അകൃത്യം പാപിയെ നിലംപരിശാക്കുന്നു. ഒന്നുമില്ലാത്ത ഒരാൾ ധനികനെന്നു നടിക്കുന്നു, മറ്റൊരാൾ വലിയ സമ്പത്തിന്നുടമ; എങ്കിലും ദരിദ്രനെന്നു ഭാവിക്കുന്നു. ധനികനു തന്റെ സമ്പത്തു മോചനദ്രവ്യമായി കൊടുക്കാം, എന്നാൽ ദരിദ്രന് ഭീഷണിപ്പെടുത്തുന്ന ശകാരത്തിനു പ്രതികരിക്കാൻപോലും കഴിയില്ല. നീതിനിഷ്ഠരുടെ വെളിച്ചം പ്രശോഭിക്കുന്നു, എന്നാൽ ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുന്നു.