സദൃശവാക്യങ്ങൾ 12:24-28 - Compare All Versions
സദൃശവാക്യങ്ങൾ 12:24-28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും. മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ കൂട്ടുകാരനു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യനു വിലയേറിയ സമ്പത്താകുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.
സദൃശവാക്യങ്ങൾ 12:24-28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അധ്വാനശീലൻ അധികാരം നടത്തും; അലസൻ അടിമവേലയ്‍ക്ക് നിർബന്ധിതനാകും. ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്മാർ നേർവഴി വിട്ടുനടക്കുന്നു. അലസൻ ഇര തേടിപ്പിടിക്കുന്നില്ല; ഉത്സാഹശീലൻ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, എന്നാൽ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു.
സദൃശവാക്യങ്ങൾ 12:24-28 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. മനോവ്യസനം നിമിത്തം മനുഷ്യന്‍റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു. നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.
സദൃശവാക്യങ്ങൾ 12:24-28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും. മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു. നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു; അതിന്റെ പാതയിൽ മരണം ഇല്ല.
സദൃശവാക്യങ്ങൾ 12:24-28 MCV (സമകാലിക മലയാളവിവർത്തനം)
സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും. ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു. നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു. അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല, എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, ആ വഴിയിൽ അമർത്യതയുമുണ്ട്.