സദൃശവാക്യങ്ങൾ 12:1-12

സദൃശവാക്യങ്ങൾ 12:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ. ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു. ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല. സാമർഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം. നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രേ. ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു. ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും. മനുഷ്യൻ തന്റെ ബുദ്ധിക്ക് ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു. മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിനു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രേ. നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ. ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

സദൃശവാക്യങ്ങൾ 12:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശിക്ഷണം ഇഷ്ടപ്പെടുന്നവൻ വിജ്ഞാനം ഇഷ്ടപ്പെടുന്നു, ശാസന വെറുക്കുന്നവൻ മൂഢൻ. ഉത്തമനായ മനുഷ്യനു സർവേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നു; ദുരുപായം നിരൂപിക്കുന്നവനെ അവിടുന്നു ശിക്ഷിക്കുന്നു. ദുഷ്ടതകൊണ്ട് ആരും നിലനില്‌ക്കുകയില്ല; നീതിമാന്മാരുടെ വേര് ഇളകുകയില്ല. ഉത്തമഭാര്യ ഭർത്താവിനു കിരീടം. എന്നാൽ അപമാനം വരുത്തുന്നവൾ അവന്റെ അസ്ഥികളിൽ അർബുദം. നീതിമാന്റെ ചിന്തകൾ നീതിയുക്തം, ദുഷ്ടന്റെ ആലോചനകൾ വഞ്ചന നിറഞ്ഞതാകുന്നു. ദുഷ്ടന്മാരുടെ വാക്കുകൾ രക്തം ചൊരിയാൻ പതിയിരിക്കുന്നു. എന്നാൽ നീതിമാന്മാരുടെ വാക്കുകൾ പീഡിതരെ മോചിപ്പിക്കുന്നു. ദുഷ്ടന്മാർ നിപതിച്ച് നിശ്ശേഷം നശിക്കും, നീതിമാന്റെ ഭവനമോ നിലനില്‌ക്കും. സൽബുദ്ധിയാൽ ഒരുവൻ ശ്ലാഘിക്കപ്പെടുന്നു, വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു. ആഹാരത്തിനു വകയില്ലാതിരിക്കെ, വമ്പു നടിക്കുന്നവനെക്കാൾ, അധ്വാനിച്ചു വക നേടുന്ന എളിയവനാണ് ശ്രേഷ്ഠൻ. നീതിമാന് തന്റെ വളർത്തുമൃഗങ്ങളെക്കുറിച്ച് കരുതലുണ്ട്, എന്നാൽ ദുഷ്ടന്മാർ അവയോടു ക്രൂരത കാണിക്കുന്നു. സ്വന്തം ഭൂമി കൃഷി ചെയ്യുന്നവനു സമൃദ്ധിയായി ആഹാരം ലഭിക്കുന്നു; പാഴ്‍വേല ചെയ്തലയുന്നവൻ ഭോഷനാകുന്നു. ദുഷ്ടന്റെ ബലിഷ്ഠമായ ഗോപുരം നശിക്കുന്നു; നീതിമാന്റെ വേരുകൾ ഇളകാതെ ഉറച്ചുനില്‌ക്കുന്നു.

സദൃശവാക്യങ്ങൾ 12:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൂഢൻ. ഉത്തമൻ യഹോവയിൽനിന്ന് പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു. ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല. സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവൾ അവന്‍റെ അസ്ഥികൾക്ക് ദ്രവത്വം. നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ. ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു. ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനം നിലനില്ക്കും. മനുഷ്യൻ തന്‍റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു. മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. നീതിമാൻ തന്‍റെ മൃഗത്തിന്‍റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ. നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ. ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

സദൃശവാക്യങ്ങൾ 12:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ. ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു. ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല. സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം. നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ. ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു. ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും. മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു. മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ. നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ. ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

സദൃശവാക്യങ്ങൾ 12:1-12 സമകാലിക മലയാളവിവർത്തനം (MCV)

ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു, എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്. നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും, ദുഷ്ടത മെനയുന്നവരെ അവിടന്ന് ശിക്ഷിക്കുന്നു. ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല, എന്നാൽ നീതിനിഷ്ഠരെ ഉന്മൂലനംചെയ്യുക സാധ്യമല്ല. ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം, എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും. നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം, എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം. ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വാക്കുകൾ അവരെ സുരക്ഷിതരാക്കുന്നു. ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും, എന്നാൽ നീതിനിഷ്ഠരുടെ ഭവനം സുസ്ഥിരമായി നിലനിൽക്കുന്നു. ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും, കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും. സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ് അന്നത്തെ അന്നത്തിനു വകയില്ലെങ്കിലും വമ്പുനടിച്ചു നടക്കുന്നവരെക്കാൾ ശ്രേഷ്ഠർ. നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്, എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്. സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്. നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വേര് ഫലംനൽകുന്നു.