സദൃശവാക്യങ്ങൾ 11:1-16

സദൃശവാക്യങ്ങൾ 11:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കള്ളത്തുലാസ്സ് യഹോവയ്ക്കു വെറുപ്പ്; ഒത്ത പടിയോ അവനു പ്രസാദം. അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്. നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും. ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണുപോകും. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്കു ഭംഗം വരുന്നു. നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപെടുന്നു; ദുഷ്ടൻ അവനു പകരം അകപ്പെടുന്നു. വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു. കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറച്ചു വയ്ക്കുന്നു. പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്. അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും. ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 11:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കള്ളത്തുലാസ് സർവേശ്വരൻ വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം. അഹങ്കാരത്തോടൊപ്പം അപകീർത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്. സത്യസന്ധരുടെ പരമാർഥത അവരെ നേർവഴി നടത്തുന്നു; എന്നാൽ വക്രത വഞ്ചകരെ നശിപ്പിക്കുന്നു. ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാൽ നീതി നിന്നെ മരണത്തിൽനിന്നു മോചിപ്പിക്കും. നീതി നിരപരാധിയുടെ വഴി നേരേയാക്കും; ദുഷ്ടതയാൽ ദുഷ്ടൻ വീണുപോകും. നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാൽ വഞ്ചകർ പിടിക്കപ്പെടും. ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധർമിയുടെ പ്രതീക്ഷയ്‍ക്ക് ഭംഗം നേരിടുന്നു. നീതിമാൻ കഷ്ടതയിൽനിന്നു വിടുവിക്കപ്പെടുന്നു; ദുഷ്ടൻ അതിൽ അകപ്പെടുന്നു. അധർമി തന്റെ വാക്കുകൾകൊണ്ട് അയൽക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാൻ ഐശ്വര്യത്തോടെ കഴിയുമ്പോൾ നഗരം ആനന്ദിക്കുന്നു; ദുഷ്ടൻ നശിക്കുമ്പോൾ സന്തോഷത്തിന്റെ ആർപ്പുവിളി മുഴങ്ങുന്നു. സത്യസന്ധരുടെ അനുഗ്രഹത്താൽ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാൽ ദുർജനത്തിന്റെ വാക്കുകളാൽ അതു നശിപ്പിക്കപ്പെടുന്നു. അയൽക്കാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മൗനം അവലംബിക്കുന്നു. ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു. മാർഗദർശനം ഇല്ലാത്തിടത്ത് ജനത അധഃപതിക്കുന്നു; ഉപദേഷ്ടാക്കൾ ധാരാളമുള്ളിടത്ത് സുരക്ഷിതത്വമുണ്ട്. അന്യനുവേണ്ടി ജാമ്യം നില്‌ക്കുന്നവൻ ദുഃഖിക്കേണ്ടിവരും, ജാമ്യത്തിനു വിസമ്മതിക്കുന്നവൻ സുരക്ഷിതനായിരിക്കും. ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യൻ സമ്പത്തുണ്ടാക്കുന്നു.

സദൃശവാക്യങ്ങൾ 11:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം. അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും. ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്‍റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു. നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു. വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു. കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു. മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്. അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 11:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം. അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു. നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും. ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു. നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു. വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു. കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു. പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു. അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും. ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 11:1-16 സമകാലിക മലയാളവിവർത്തനം (MCV)

കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു, കൃത്യതയുള്ള തൂക്കം അവിടത്തെ പ്രസാദം നേടിത്തരും. അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു, എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു. നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു, എന്നാൽ അവിശ്വസ്തർ തങ്ങളുടെ കാപട്യംമൂലം നശിച്ചുപോകുന്നു. സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല, എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു. നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു, എന്നാൽ നീചർ തങ്ങളുടെ ദുഷ്‌പ്രവൃത്തിമൂലം വീണുപോകും. സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു, എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു. ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു; അവരുടെ ശക്തിയിൽ ചെയ്ത വാഗ്ദാനങ്ങളൊക്കെയും നിഷ്ഫലമാകുന്നു. നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ അതിൽ പെട്ടുപോകുന്നു. അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ പരിജ്ഞാനത്താൽ വിമോചിതരാകും. നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തിൽ ആനന്ദഘോഷം ഉണ്ടാകുന്നു. സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു, എന്നാൽ ദുഷ്ടരുടെ ആലോചനയാൽ നഗരം നശിക്കുന്നു. അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു. കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, എന്നാൽ വിശ്വസ്തരോ, രഹസ്യം കാത്തുസൂക്ഷിക്കുന്നു. മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു. അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും, ഒരു ജാമ്യക്കരാറിലും കൈയൊപ്പു ചാർത്താതിരിക്കുന്നവർ സുരക്ഷിതരായിരിക്കും. ദയാശീലയായ വനിത ആദരിക്കപ്പെടുന്നു, എന്നാൽ അനുകമ്പയില്ലാത്ത പുരുഷൻ സമ്പത്തുമാത്രം ആർജിക്കുന്നു.