സദൃശവാക്യങ്ങൾ 10:8-19
സദൃശവാക്യങ്ങൾ 10:8-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു. പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്റെ മുതുകിനോ വടി കൊള്ളാം. ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ളൊരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു. പക മറച്ചുവയ്ക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
സദൃശവാക്യങ്ങൾ 10:8-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവേകികൾ കല്പനകൾ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷൻ നാശം അടയും. സത്യത്തിൽ ചരിക്കുന്നവൻ സുരക്ഷിതനായിരിക്കും; അപഥസഞ്ചാരി പിടികൂടപ്പെടും. സത്യത്തിനു നേരേ കണ്ണടയ്‍ക്കുന്നവൻ അനർഥം വരുത്തുന്നു; ധൈര്യത്തോടെ ശാസിക്കുന്നവൻ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വാക്കുകൾ ജീവന്റെ ഉറവയാകുന്നു; ദുഷ്ടന്റെ വാക്കുകളോ അക്രമം മൂടിവയ്‍ക്കുന്നു. വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു. വിവേകി ജ്ഞാനത്തോടെ സംസാരിക്കുന്നു. ഭോഷന്റെ മുതുകിന് അടിയാണ് ലഭിക്കുന്നത്. ജ്ഞാനികൾ വിജ്ഞാനം സംഭരിക്കുന്നു. ഭോഷന്റെ ജല്പനം നാശം വരുത്തി വയ്‍ക്കുന്നു. സമ്പന്നനു ധനം ബലവത്തായ നഗരമാണ്; ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു. നീതിമാന്റെ പ്രവൃത്തികൾ ജീവനിലേക്കും ദുഷ്ടന്റെ ലാഭം അവനെ പാപത്തിലേക്കും നയിക്കുന്നു. പ്രബോധനം ശ്രദ്ധിക്കുന്നവൻ ജീവന്റെ പാതയിൽ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു. വിദ്വേഷം മറച്ചുവയ്‍ക്കുന്നവൻ വഞ്ചകൻ, അപവാദം പറയുന്നവൻ ഭോഷൻ. അതിഭാഷണം തെറ്റു വർധിപ്പിക്കുന്നു; വാക്കുകൾ നിയന്ത്രിക്കുന്നവൻ വിവേകിയാകുന്നു.
സദൃശവാക്യങ്ങൾ 10:8-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; വിവേകശൂന്യനായ ഭോഷനോ വീണുപോകും. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. പക വഴക്കുകൾക്ക് കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും. ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു. ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
സദൃശവാക്യങ്ങൾ 10:8-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം. ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
സദൃശവാക്യങ്ങൾ 10:8-19 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു, എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും. സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും, കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും. ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നു വായാടികളായ ഭോഷർ നാശത്തിലേക്കു പതിക്കുന്നു. നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്, എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു. വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു, എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു, എന്നാൽ വിവേകഹീനരുടെ മുതുകിൽ ഒരു പ്രഹരമാണു വീഴുന്നത്. ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു, എന്നാൽ ഭോഷരുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു. ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്, എന്നാൽ ദാരിദ്ര്യം അഗതികൾക്കു നാശകരവുമാണ്. നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം, എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും. ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്, എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു. വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്. വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല, എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.