സദൃശവാക്യങ്ങൾ 10:17-21
സദൃശവാക്യങ്ങൾ 10:17-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു. പക മറച്ചുവയ്ക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവ് മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
സദൃശവാക്യങ്ങൾ 10:17-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രബോധനം ശ്രദ്ധിക്കുന്നവൻ ജീവന്റെ പാതയിൽ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു. വിദ്വേഷം മറച്ചുവയ്ക്കുന്നവൻ വഞ്ചകൻ, അപവാദം പറയുന്നവൻ ഭോഷൻ. അതിഭാഷണം തെറ്റു വർധിപ്പിക്കുന്നു; വാക്കുകൾ നിയന്ത്രിക്കുന്നവൻ വിവേകിയാകുന്നു. നീതിമാന്റെ വാക്കുകൾ മേൽത്തരമായ വെള്ളി; ദുഷ്ടന്മാരുടെ വിചാരങ്ങൾ വിലകെട്ടത്. നീതിമാന്റെ വാക്കുകൾ പലർക്ക് ഗുണം ചെയ്യും; ഭോഷന്മാരോ ബുദ്ധിശൂന്യതയാൽ മരിക്കും.
സദൃശവാക്യങ്ങൾ 10:17-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
സദൃശവാക്യങ്ങൾ 10:17-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
സദൃശവാക്യങ്ങൾ 10:17-21 സമകാലിക മലയാളവിവർത്തനം (MCV)
ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്, എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു. വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്. വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല, എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു. നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി, ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും. നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു, എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു.