സദൃശവാക്യങ്ങൾ 10:1-32 - Compare All Versions
സദൃശവാക്യങ്ങൾ 10:1-32 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനഹേതുവാകുന്നു. ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു. മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. വേനൽക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ടവൻ. നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു. നീതിമാന്റെ ഓർമ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും. ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു. പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്റെ മുതുകിനോ വടി കൊള്ളാം. ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ളൊരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു. പക മറച്ചുവയ്ക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവ് മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. ദോഷം ചെയ്യുന്നതു ഭോഷനു കളിയാകുന്നു; ജ്ഞാനം വിവേകിക്ക് അങ്ങനെ തന്നെ. ദുഷ്ടൻ പേടിക്കുന്നതുതന്നെ അവനു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. ചൊറുക്ക പല്ലിനും പുക കണ്ണിനും ആകുന്നതുപോലെ മടിയൻ തന്നെ അയയ്ക്കുന്നവർക്ക് ആകുന്നു. യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്കോ ഭംഗം വരും. യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്ത് വസിക്കയില്ല. നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
സദൃശവാക്യങ്ങൾ 10:1-32 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇവ ശലോമോന്റെ സുഭാഷിതങ്ങളാകുന്നു: ജ്ഞാനിയായ പുത്രൻ പിതാവിനെ സന്തോഷിപ്പിക്കുന്നു; എന്നാൽ ഭോഷനായ മകൻ അമ്മയ്‍ക്കു ദുഃഖം വരുത്തുന്നു. ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല; നീതിയാകട്ടെ മരണത്തിൽനിന്നു രക്ഷിക്കുന്നു. നീതിമാൻ വിശന്നു വലയാൻ സർവേശ്വരൻ അനുവദിക്കുകയില്ല; എന്നാൽ ദുഷ്ടന്റെ മോഹം അവിടുന്നു നിഷ്ഫലമാക്കും. അലസൻ ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു. കൊയ്ത്തുകാലത്തു ശേഖരിക്കുന്നവൻ വിവേകം ഉള്ളവനാകുന്നു; അപ്പോൾ ഉറങ്ങുന്നവനോ അപമാനം വരും. നീതിമാന്റെമേൽ അനുഗ്രഹം വർഷിക്കപ്പെടും; ദുഷ്ടന്റെ വാക്കുകൾ അക്രമം മൂടിവയ്‍ക്കുന്നു. നീതിമാനെ സ്മരിക്കുക അനുഗ്രഹമാണ്; ദുഷ്ടനെക്കുറിച്ചുള്ള സ്മരണ കെട്ടുപോകും. വിവേകികൾ കല്പനകൾ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷൻ നാശം അടയും. സത്യത്തിൽ ചരിക്കുന്നവൻ സുരക്ഷിതനായിരിക്കും; അപഥസഞ്ചാരി പിടികൂടപ്പെടും. സത്യത്തിനു നേരേ കണ്ണടയ്‍ക്കുന്നവൻ അനർഥം വരുത്തുന്നു; ധൈര്യത്തോടെ ശാസിക്കുന്നവൻ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വാക്കുകൾ ജീവന്റെ ഉറവയാകുന്നു; ദുഷ്ടന്റെ വാക്കുകളോ അക്രമം മൂടിവയ്‍ക്കുന്നു. വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു. വിവേകി ജ്ഞാനത്തോടെ സംസാരിക്കുന്നു. ഭോഷന്റെ മുതുകിന് അടിയാണ് ലഭിക്കുന്നത്. ജ്ഞാനികൾ വിജ്ഞാനം സംഭരിക്കുന്നു. ഭോഷന്റെ ജല്പനം നാശം വരുത്തി വയ്‍ക്കുന്നു. സമ്പന്നനു ധനം ബലവത്തായ നഗരമാണ്; ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു. നീതിമാന്റെ പ്രവൃത്തികൾ ജീവനിലേക്കും ദുഷ്ടന്റെ ലാഭം അവനെ പാപത്തിലേക്കും നയിക്കുന്നു. പ്രബോധനം ശ്രദ്ധിക്കുന്നവൻ ജീവന്റെ പാതയിൽ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു. വിദ്വേഷം മറച്ചുവയ്‍ക്കുന്നവൻ വഞ്ചകൻ, അപവാദം പറയുന്നവൻ ഭോഷൻ. അതിഭാഷണം തെറ്റു വർധിപ്പിക്കുന്നു; വാക്കുകൾ നിയന്ത്രിക്കുന്നവൻ വിവേകിയാകുന്നു. നീതിമാന്റെ വാക്കുകൾ മേൽത്തരമായ വെള്ളി; ദുഷ്ടന്മാരുടെ വിചാരങ്ങൾ വിലകെട്ടത്. നീതിമാന്റെ വാക്കുകൾ പലർക്ക് ഗുണം ചെയ്യും; ഭോഷന്മാരോ ബുദ്ധിശൂന്യതയാൽ മരിക്കും. സർവേശ്വരന്റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു, കഠിനാധ്വാനം അതിനോട് കൂടുതൽ ഒന്നും ചേർക്കുന്നില്ല. തെറ്റു ചെയ്യുന്നതു ഭോഷന് വിനോദം ആണ്; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. ഏതൊന്നിനെ ഭയപ്പെടുന്നുവോ, അതുതന്നെ ദുഷ്ടനു സംഭവിക്കും. നീതിമാന്റെ ആഗ്രഹം സഫലമാകും. കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകും, എന്നാൽ നീതിമാൻ എന്നേക്കും നിലനില്‌ക്കും. അലസൻ തന്നെ നിയോഗിക്കുന്നവന് പല്ലിന് വിനാഗിരിയും കണ്ണിനു പുകയും പോലെ അസ്വസ്ഥത ഉണ്ടാക്കും. ദൈവഭക്തി ആയുസ്സ് വർധിപ്പിക്കുന്നു. ദുഷ്ടന്മാരുടെ ആയുസ്സ് ചുരുങ്ങിപ്പോകും. നീതിമാന്റെ പ്രത്യാശ സന്തോഷത്തിൽ കലാശിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ പ്രതീക്ഷ നിഷ്ഫലമാകും. നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് സർവേശ്വരൻ കോട്ട ആകുന്നു. അധർമികൾക്കോ അവിടുന്നു വിനാശം വരുത്തുന്നു. നീതിമാൻ എന്നും അചഞ്ചലനായിരിക്കും; ദുഷ്ടനോ ദേശത്തു നിലനില്‌ക്കുകയില്ല. നീതിമാൻ ജ്ഞാനം സംസാരിക്കുന്നു. ദുർഭാഷിയോ ഛേദിക്കപ്പെടും. നീതിമാൻ ഹൃദ്യമായതു സംസാരിക്കുന്നു; എന്നാൽ ദുഷ്ടനോ വക്രത പറയുന്നു.
സദൃശവാക്യങ്ങൾ 10:1-32 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ശലോമോന്‍റെ സദൃശവാക്യങ്ങൾ: ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു. ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ. നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു. നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും. ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; വിവേകശൂന്യനായ ഭോഷനോ വീണുപോകും. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. പക വഴക്കുകൾക്ക് കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും. ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു. ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്. യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.
സദൃശവാക്യങ്ങൾ 10:1-32 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു. ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു. മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു. വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ. നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും. ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം. ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല. ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ. ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവർക്കു ആകുന്നു. യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും. യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല. നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
സദൃശവാക്യങ്ങൾ 10:1-32 MCV (സമകാലിക മലയാളവിവർത്തനം)
ശലോമോന്റെ സുഭാഷിതങ്ങൾ: ജ്ഞാനമുള്ള മക്കൾ അവരുടെ പിതാവിന് ആനന്ദമേകുന്നു, ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു. അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല, എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു. നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല, ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു. അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും, എന്നാൽ ഉത്സാഹികളുടെ കരങ്ങളോ, സമ്പത്തു കൊണ്ടുവരുന്നു. വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു, എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു. അനുഗ്രഹങ്ങൾ നീതിനിഷ്ഠരുടെ ശിരസ്സിൽ കിരീടമണിയിക്കുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ അധരം അതിക്രമം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. നീതിനിഷ്ഠരുടെ നാമം അനുഗ്രഹാശിസ്സുകൾക്ക് ഉപയുക്തമാകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാമം ജീർണിച്ചുപോകും. ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു, എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും. സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും, കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും. ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നു വായാടികളായ ഭോഷർ നാശത്തിലേക്കു പതിക്കുന്നു. നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്, എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു. വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു, എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു, എന്നാൽ വിവേകഹീനരുടെ മുതുകിൽ ഒരു പ്രഹരമാണു വീഴുന്നത്. ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു, എന്നാൽ ഭോഷരുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു. ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്, എന്നാൽ ദാരിദ്ര്യം അഗതികൾക്കു നാശകരവുമാണ്. നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം, എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും. ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്, എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു. വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്. വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല, എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു. നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി, ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും. നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു, എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു. യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു, അവിടന്ന് അതിനോട് കഷ്ടതയൊന്നും കൂട്ടിച്ചേർക്കുന്നില്ല. ദോഷം പ്രവർത്തിക്കുന്നത് ഭോഷർക്ക് ഒരു വിനോദം, എന്നാൽ ഒരു വിവേകി ജ്ഞാനത്തിൽ ആഹ്ലാദിക്കുന്നു. ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും; നീതിനിഷ്ഠരുടെ അഭിലാഷങ്ങൾ സഫലമാക്കപ്പെടും. വീശിയടിക്കുന്ന കൊടുങ്കാറ്റ് ദുഷ്ടത പ്രവർത്തിക്കുന്നവരെ ചുഴറ്റിയെറിയും, എന്നാൽ നീതിനിഷ്ഠർ എല്ലാ കാലത്തേക്കും ഉറച്ചുനിൽക്കും. തങ്ങളെ നിയോഗിക്കുന്നവർക്ക് അലസർ പല്ലിനു വിന്നാഗിരിയും കണ്ണിനു പുകയും എന്നപോലെയാണ്. യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു, എന്നാൽ ദുഷ്ടരുടെ സംവത്സരങ്ങൾ ഹ്രസ്വമാക്കപ്പെടും. നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയോ, നിഷ്ഫലം. യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം, എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം. നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ ദേശത്ത് സുസ്ഥിരമായി ജീവിക്കുകയില്ല. നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു, എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും. നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു, എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം.