ഫിലിപ്പിയർ 2:1-18
ഫിലിപ്പിയർ 2:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ട് ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണമാക്കുവിൻ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവ്” എന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറകയും ചെയ്യേണ്ടിവരും. അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ. ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വെറുതെയായില്ല എന്ന് ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും. എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോട് എല്ലാവരോടുംകൂടെ സന്തോഷിക്കും. അങ്ങനെതന്നെ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ
ഫിലിപ്പിയർ 2:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിൽ വല്ല ഉത്തേജനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല പ്രചോദനവും ഉണ്ടെങ്കിൽ, ആത്മാവിൽ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല പ്രീതിവാത്സല്യവും സഹാനുഭൂതിയും ഉണ്ടെങ്കിൽ, നിങ്ങൾ ഏകമനസ്സും ഏകസ്നേഹവും ഉള്ളവരായി ഒത്തിണങ്ങി, ഏകീഭാവത്തോടുകൂടി വർത്തിച്ച് എന്റെ ആനന്ദം പൂർണമാക്കുക. മാത്സര്യത്താലോ, ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. മറ്റുള്ളവർ നിങ്ങളെക്കാൾ ശ്രേഷ്ഠരാണെന്നു വിനയപൂർവം കരുതിക്കൊള്ളണം. ഓരോരുത്തരും സ്വന്തതാത്പര്യം മാത്രമല്ല മറ്റുള്ളവരുടെ താത്പര്യംകൂടി നോക്കണം. ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ. അവിടുത്തെ പ്രകൃതി ദൈവത്തിന്റെ തനിമയായിരുന്നെങ്കിലും, അവിടുന്നു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല. അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട് ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു; ബാഹ്യരൂപത്തിൽ മനുഷ്യനായി കാണപ്പെടുകയും ചെയ്തു. അങ്ങനെ അവിടുന്നു തന്നെത്താൻ താഴ്ത്തി, മരണത്തോളം എന്നല്ല കുരിശിലെ മരണത്തോളംതന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതിനാൽ ദൈവം അവിടുത്തെ ഏറ്റവും സമുന്നത പദത്തിലേക്കുയർത്തി, സകല നാമങ്ങൾക്കും മീതെയുള്ള നാമം നല്കി. അങ്ങനെ യേശുവിന്റെ ശ്രേഷ്ഠനാമത്തെ ആദരിച്ച് അവിടുത്തെ സ്വർഗത്തിലും ഭൂമിയിലും അധോലോകത്തിലുമുള്ള എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി, യേശുക്രിസ്തു കർത്താവെന്ന് എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു. പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക. ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളിൽ വർത്തിക്കുന്ന ദൈവമാണല്ലോ. എല്ലാ കാര്യങ്ങളും പിറുപിറുപ്പും തർക്കവും കൂടാതെ ചെയ്യുക. അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവിൽ നിങ്ങൾ കളങ്കമറ്റ ദൈവമക്കളായി, നിർമ്മലരും അനിന്ദ്യരും ആയിത്തീരണം; ലോകത്തിൽ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായില്ല എന്നു ക്രിസ്തുവിന്റെ പ്രത്യാഗമനനാളിൽ എനിക്ക് അഭിമാനിക്കുവാൻ ഇടയാകും. നിങ്ങളുടെ വിശ്വാസത്തിന്റെ ബലിവേദിയിൽ എന്റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാൻ ആനന്ദിക്കും. അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം.
ഫിലിപ്പിയർ 2:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിൻ്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ട് ആത്മാവിൽ ഐകമത്യപ്പെട്ട് ഏക ഉദ്ദേശ്യമുള്ളവരായി എന്‍റെ സന്തോഷം പൂർണ്ണമാക്കുവിൻ. സ്വാർത്ഥതയാലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ, താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊള്ളുവിൻ. ഓരോരുത്തൻ സ്വന്ത താല്പര്യങ്ങളല്ല, എന്നാൽ മറ്റുള്ളവൻ്റെ താല്പര്യം കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള മനോഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ, തന്നെത്താൻ ശൂന്യമാക്കി, ദാസരൂപം എടുത്ത്, മനുഷ്യസാദൃശ്യത്തിലായി, വേഷത്തിൽ മനുഷ്യനായി കാണപ്പെട്ടു, തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തുകയും സകലനാമത്തിനും മേലായ നാമം നൽകുകയും ചെയ്തു; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു ആകുന്നു കർത്താവ്” എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യും. അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്‌പ്പോഴും അനുസരിച്ചതുപോലെ എന്‍റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, എന്‍റെ അസാന്നിദ്ധ്യത്തിലും ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുവിൻ. എന്തെന്നാൽ, തന്‍റെ പ്രസാദത്തിനുവേണ്ടി ഇച്ഛിക്കുവാനും പ്രവർത്തിക്കുവാനുമായി നിങ്ങളിൽ ദൈവമാണ് പ്രവർത്തിക്കുന്നത്. വക്രവും വഴിപിഴച്ചതുമായ തലമുറയുടെ നടുവിൽ, നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളുമായ, ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്, എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതോ അദ്ധ്വാനിച്ചതോ വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്ക് പ്രശംസിക്കുവാൻ കാരണമാകും. എന്നാൽ നിങ്ങളുടെ വിശ്വാസത്തിന്‍റെ യാഗത്തിലും ശുശ്രൂഷയിലും പാനീയയാഗമായി എന്നെ ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോട് എല്ലാവരോടുംകൂടെ സന്തോഷിക്കും. അങ്ങനെ തന്നെ നിങ്ങളും സന്തോഷിക്കുവിൻ; എന്നോടുകൂടെ സന്തോഷിക്കുവിൻ.
ഫിലിപ്പിയർ 2:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാനാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും. എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടും കൂടെ സന്തോഷിക്കും. അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ
ഫിലിപ്പിയർ 2:1-18 സമകാലിക മലയാളവിവർത്തനം (MCV)
ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്. ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. പ്രകൃത്യാതന്നെ ദൈവമായിരിക്കെ, ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ, ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി, ദാസവേഷം ധരിച്ച്, മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു. അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും, മരണംവരെ; അതേ, ക്രൂശുമരണംവരെ, അനുസരണയുള്ളവനായിത്തീരുകയും ചെയ്തു. അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി, എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി. തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും. അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്. എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക. അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക. അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം. നിങ്ങളുടെ വിശ്വാസവർധനയ്ക്കുവേണ്ടി ഞാൻ അർപ്പിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെമേൽ ഒരു പാനീയയാഗമായി അർപ്പിക്കപ്പെടേണ്ടിവന്നാലും ഞാൻ അതിൽ ആനന്ദിക്കും. നിങ്ങൾ എല്ലാവരുമായി ഈ ആനന്ദം ഞാൻ പങ്കിടുകയും ചെയ്യും. ആയതിനാൽ നിങ്ങളും ആനന്ദിക്കുക; എന്നോടുകൂടെ ഈ ആനന്ദം നിങ്ങളും പങ്കിടുക.