ഫിലിപ്പിയർ 1:22-25

ഫിലിപ്പിയർ 1:22-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ ഇനിയും ജീവിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായി പ്രയത്നിക്കുവാൻ കഴിയും. ഇതിൽ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തിൽ ഞാൻ വല്ലാതെ ഞെരുങ്ങുന്നു. ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാൻ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതൽ അഭികാമ്യം. എന്നാൽ നിങ്ങളെപ്രതി ഞാൻ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം. ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാൻ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്.

ഫിലിപ്പിയർ 1:22-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ജഡത്തിൽ ജീവിക്കുന്നു എങ്കിൽ അത് ഫലകരമായ എന്‍റെ വേലയ്ക്കു വേണ്ടിത്തന്നെ; എങ്കിലും ഏത് തിരഞ്ഞെടുക്കേണം എന്നു ഞാൻ അറിയുന്നില്ല. എന്നാൽ ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്; അത് അത്യുത്തമമല്ലോ. എങ്കിലും ഞാൻ ശരീരത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം. ഇതിനെക്കുറിച്ച് ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്‍റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു.

ഫിലിപ്പിയർ 1:22-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം. ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു.

ഫിലിപ്പിയർ 1:22-25 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല! ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം. എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു. ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്.