ഫിലിപ്പിയർ 1:16-19

ഫിലിപ്പിയർ 1:16-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്താൽ ചെയ്യുന്നു. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? നാട്യമായിട്ടോ പരമാർഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്കു രക്ഷാകാരണമായിത്തീരും എന്ന് ഞാൻ അറിയുന്നു.

ഫിലിപ്പിയർ 1:16-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നോടുള്ള സ്നേഹത്തിന്റെ പേരിലാണ് അവർ അപ്രകാരം ചെയ്യുന്നത്. എന്തെന്നാൽ സുവിശേഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവർക്കറിയാം. ആദ്യത്തെ കൂട്ടർ ആത്മാർഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതൽ ക്ലേശിപ്പിക്കാമെന്നത്രേ അവർ കരുതുന്നത്. അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓർക്കുമ്പോൾ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തിൽ ഞാൻ തുടരുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ പ്രാർഥനയാലും, യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കറിയാം.

ഫിലിപ്പിയർ 1:16-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്നു അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു. എന്നാൽ മറ്റവരോ, എന്‍റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും അത് എനിക്ക് വിടുതലായിത്തീരും എന്നു ഞാൻ അറിയുന്നു.

ഫിലിപ്പിയർ 1:16-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ചിലരോ നല്ല മനസ്സോടെ തന്നേ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താൽ ചെയ്യുന്നു. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ടു നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു. പിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാൻ അറിയുന്നു.

ഫിലിപ്പിയർ 1:16-19 സമകാലിക മലയാളവിവർത്തനം (MCV)

സുവിശേഷത്തിന് അനുകൂലമായി വാദിച്ചതിനാൽ ഞാൻ ഇവിടെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അവർ സ്നേഹപൂർവം അങ്ങനെചെയ്യുന്നു. മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും, കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കുറപ്പുണ്ട്.