ഫിലേമൊന് 1:8-25

ഫിലേമൊന് 1:8-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻതന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽതന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു. അവൻ അല്പകാലം വേർവിട്ടുപോയത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കും; അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരൻതന്നെ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകൈയാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ. അതേ സഹോദരാ, നിന്നെക്കൊണ്ട് എനിക്ക് കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക. നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ട്; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്. ഇതല്ലാതെ നിങ്ങളുടെ പ്രാർഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ട് എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക. ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

ഫിലേമൊന് 1:8-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും, പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ. എനിക്ക് പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്‍റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്‍റെ നന്മ നിർബ്ബന്ധത്താൽ അല്ല, മനസ്സോടെ ആകേണ്ടതിന്, നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്യുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവൻ അല്പകാലം വേർപിരിഞ്ഞിരുന്നത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കാം; അവൻ ഇനി ദാസനല്ല, ദാസനേക്കാൾ ഉപരി പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്കു ജഡപ്രകാരവും കർത്താവിലും എത്ര അധികം? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ സ്വീകരിക്കുക. അവൻ നിന്നോട് വല്ലതും അന്യായം ചെയ്യുകയോ കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്‍റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണ്ടതില്ലല്ലോ. അതേ സഹോദരാ, നിന്നിൽനിന്ന് കർത്താവിൽ ഒരു ഉപകാരം എനിക്ക് ആവശ്യമായിരിക്കുന്നു; ക്രിസ്തുവിൽ എന്‍റെ ഹൃദയത്തിന് ഉന്മേഷം പകരുക. നിന്‍റെ അനുസരണത്തെപ്പറ്റി എനിക്ക് നിശ്ചയം ഉണ്ട്; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്. അത്രയുമല്ല, നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്ക് നൽകപ്പെടുമെന്ന് പ്രത്യാശ ഉള്ളതുകൊണ്ട് എനിക്ക് താമസസൗകര്യം ഒരുക്കിക്കൊള്ളുക. ക്രിസ്തുയേശുവിനുവേണ്ടി എന്നോട് കൂടെ തടവിലാക്കപ്പെട്ട എപ്പഫ്രാസും എന്‍റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർഹൊസും ദേമാസും ലൂക്കോസും നിനക്കു വന്ദനം ചൊല്ലുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

ഫിലേമൊന് 1:8-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ എനിക്കു മനസ്സില്ലായിരുന്നു. അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും; അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയ സഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ. അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക. നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു. ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക. ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

ഫിലേമൊന് 1:8-25 സമകാലിക മലയാളവിവർത്തനം (MCV)

ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും; വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ, കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്. മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു. എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു. സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കുപകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്. അൽപ്പകാലത്തേക്ക് ഒനേസിമൊസ് നിന്നിൽനിന്ന് അകന്നുപോയത്, അയാളെ എന്നേക്കുമായി നിനക്കു തിരിച്ചുകിട്ടേണ്ടതിന് ആയിരിക്കാം. ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ! അതുകൊണ്ട്, എന്നെ ഒരു പങ്കാളിയായി നീ കരുതുന്നെങ്കിൽ, എന്നെ എന്നപോലെ അവനെയും സ്വീകരിക്കുക. അയാൾ നിനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലോ നിനക്ക് എന്തെങ്കിലും തരാൻ ഉണ്ടെങ്കിലോ അതെല്ലാം എന്റെ പേരിൽ കണക്കാക്കുക. പൗലോസ് എന്ന ഞാൻ എന്റെ സ്വന്തം കൈയാൽ എഴുതുകയാണ്, ഈ കടമെല്ലാം ഞാൻതന്നെ വീട്ടിക്കൊള്ളാം. നീ നിന്നെത്തന്നെ എനിക്കു തരാൻ കടപ്പെട്ടവനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. അതേ, സഹോദരാ, കർത്താവിൽ നീ എനിക്ക് ഈ സഹായംചെയ്യുക. അതാണ് ക്രിസ്തുവിൽ എന്നെ ഉന്മേഷമുള്ളവനാക്കുന്നത്. ഞാൻ ആവശ്യപ്പെടുന്നതിലധികം നീ ചെയ്യും എന്നെനിക്കറിയാം. നിന്റെ അനുസരണയെപ്പറ്റി എനിക്കു പൂർണവിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്. മറ്റൊരു കാര്യംകൂടി: നിങ്ങളുടെ പ്രാർഥനയുടെ ഫലമായി ദൈവം എന്നെ നിങ്ങളുടെ അടുത്തേക്കയയ്ക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. അതുകൊണ്ട് നീ എനിക്കു താമസസൗകര്യം ഒരുക്കണം. ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസ് നിങ്ങളെ വന്ദനംചെയ്യുന്നു. അങ്ങനെതന്നെ എന്റെ കൂട്ടുവേലക്കാരനായ മർക്കോസും അരിസ്തർഹൊസും ദേമാസും ലൂക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.