ഫിലേമൊന് 1:8-14

ഫിലേമൊന് 1:8-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻതന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽതന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു.

ഫിലേമൊന് 1:8-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ, സഹോദരൻ എന്ന നിലയിൽ യുക്തമായതു ചെയ്യുവാൻ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എങ്കിലും സ്നേഹത്തിന്റെ പേരിൽ ഞാൻ അഭ്യർഥിക്കുകയത്രേ ചെയ്യുന്നത്. വൃദ്ധനായ പൗലൊസ് എന്ന ഞാൻ ക്രിസ്തുയേശുവിനുവേണ്ടി ഇപ്പോൾ തടവുകാരനുമാണ്. എന്റെ പുത്രൻ ഒനേസിമോസിനുവേണ്ടി ഞാൻ താങ്കളോട് അപേക്ഷിക്കുന്നു. തടവിൽ കിടക്കുമ്പോഴാണ് ഞാൻ അവന്റെ ആത്മീയ പിതാവായിത്തീർന്നത്. മുമ്പ് അവൻ താങ്കൾക്കു പ്രയോജനമില്ലാത്തവനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിശ്ചയമായും താങ്കൾക്കും എനിക്കും പ്രയോജനമുള്ളവൻതന്നെ. ഇപ്പോൾ ഞാൻ അവനെ താങ്കളുടെ അടുക്കലേക്കു തിരിച്ച് അയയ്‍ക്കുകയാണ്. അവനോടുകൂടി എന്റെ ഹൃദയവുമുണ്ട്. സുവിശേഷത്തെപ്രതിയുള്ള എന്റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കൾക്കു പകരം അവനെ എന്റെ അടുക്കൽ നിറുത്തുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, താങ്കളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യരുതെന്നു ഞാൻ നിശ്ചയിച്ചു. താങ്കളുടെ ഔദാര്യം നിർബന്ധംകൊണ്ടല്ല, പൂർണ മനസ്സോടെ പ്രദർശിപ്പിക്കേണ്ടതാണല്ലോ.

ഫിലേമൊന് 1:8-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും, പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ. എനിക്ക് പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്‍റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്‍റെ നന്മ നിർബ്ബന്ധത്താൽ അല്ല, മനസ്സോടെ ആകേണ്ടതിന്, നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്യുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു.

ഫിലേമൊന് 1:8-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ എനിക്കു മനസ്സില്ലായിരുന്നു.

ഫിലേമൊന് 1:8-14 സമകാലിക മലയാളവിവർത്തനം (MCV)

ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും; വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ, കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്. മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു. എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു. സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കുപകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്.