ഓബദ്യാവ് 1:1-9
ഓബദ്യാവ് 1:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് എദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരേ യുദ്ധത്തിനു പുറപ്പെടുക. ഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു. പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്. കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ- നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു- അവർ തങ്ങൾക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ? ഏശാവിനുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ? നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കെണിവയ്ക്കുന്നു; അവനു ബുദ്ധി ഒട്ടും ഇല്ല. അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഏശാവിന്റെ പർവതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും.
ഓബദ്യാവ് 1:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഓബദ്യായുടെ ദർശനം: എദോമിനെക്കുറിച്ച് കർത്താവായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സർവേശ്വരൻ ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങൾ കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുവിൻ, എദോമിനോടു യുദ്ധം ചെയ്യാൻ പുറപ്പെടുവിൻ. സർവേശ്വരൻ എദോമിനോട് അരുളിച്ചെയ്യുന്നു: നോക്കൂ, ജനതകളുടെ ഇടയിൽ ഞാൻ നിന്നെ ദുർബലയാക്കും. നീ എല്ലാവരാലും വെറുക്കപ്പെടും. പാറയുടെ വിള്ളലുകളിൽ വസിക്കുന്നവളും ഉന്നതസ്ഥലത്തു പാർക്കുന്നവളും എന്നെ ആരു നിലത്തു തള്ളിയിടുമെന്നു പറയുന്നവളുമായ നിന്നെ, നിന്റെ അഹങ്കാരം ചതിച്ചിരിക്കുന്നു. നീ കഴുകനെപ്പോലെ പറന്നുയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെയിറക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. തസ്കരന്മാരോ കൊള്ളക്കാരോ രാത്രിയിൽ വന്നാൽ അവർക്കു വേണ്ടിടത്തോളമല്ലേ മോഷ്‍ടിക്കൂ? മുന്തിരിപ്പഴം പറിക്കുന്നവർ കാലാ പെറുക്കുവാനുള്ളതു ശേഷിപ്പിക്കാതിരിക്കുമോ? എന്നാൽ നീ നിശ്ശേഷം നശിച്ചുപോയല്ലോ! ഏശാവിന്റെ വംശജരേ, നിങ്ങളുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കപ്പെട്ടു. നിന്റെ സകല മിത്രങ്ങളും നിന്നെ വഞ്ചിച്ചു. അതിർത്തിപ്രദേശംവരെ നിന്നെ ഓടിച്ചുകളഞ്ഞു. നിന്നോടു സഖ്യം ചെയ്തവർ നിന്നെ തോല്പിച്ചിരിക്കുന്നു. നിന്റെ വിശ്വസ്തമിത്രങ്ങൾ നിനക്കു കെണിയൊരുക്കി; അവരുടെ സാമർഥ്യം എവിടെപ്പോയി എന്ന് അവർ നിങ്ങളെപ്പറ്റി പറയുന്നു. അന്നു ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ മലയിൽനിന്നു വിവേകികളെയും നശിപ്പിച്ചുകളയുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അതിനാൽ തേമാനേ, നിന്റെ വീരപുരുഷന്മാർ സംഭ്രമിച്ചുപോകും. എദോമിലുള്ള സകല ആളുകളും കൂട്ടക്കൊല ചെയ്യപ്പെടും.
ഓബദ്യാവ് 1:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഓബദ്യാവിന്‍റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; ‘എഴുന്നേൽക്കുവിൻ; നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’” “ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു. പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ‘ആര്‍ എന്നെ നിലത്ത് തള്ളിയിടും?’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, നിന്‍റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. “കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ, നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു. അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ? ഏശാവിനുള്ളവരെ കൊള്ളയടിച്ചിരിക്കുന്നതും അവന്‍റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ? നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു. നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണി വയ്ക്കുന്നു, ആർക്കും അത് മനസ്സിലാകുന്നതുമില്ല. ആ നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്‍റെ പർവ്വതത്തിൽനിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഏശാവിന്‍റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, നിന്റെ വീരന്മാർ പരിഭ്രമിച്ചുപോകും.
ഓബദ്യാവ് 1:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്നു ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരെ യുദ്ധത്തിന്നു പുറപ്പെടുക. ഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു. പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു. കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ? ഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ? നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല. അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഏശാവിന്റെ പർവ്വതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും.
ഓബദ്യാവ് 1:1-9 സമകാലിക മലയാളവിവർത്തനം (MCV)
ഓബദ്യാവിനുണ്ടായ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു— യഹോവയിൽനിന്ന് നാം ഒരു സന്ദേശം കേട്ടിരിക്കുന്നു: “എഴുന്നേൽക്കുക, അവളുടെനേരേ യുദ്ധത്തിനായി നാം പുറപ്പെടുക,” എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു. “നോക്കുക, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറുതാക്കും; നീ ഏറ്റവും നിന്ദിക്കപ്പെടും. നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു, പാറപ്പിളർപ്പുകളിൽ വസിക്കുകയും ഉന്നതങ്ങളിൽ വീടുവെച്ചിരിക്കുകയും ചെയ്യുന്ന നീ, ‘എന്നെ ആർ നിലത്തു തള്ളിയിടും?’ എന്നു നീ നിന്നോടുതന്നെ പറയുന്നു. നീ കഴുകനെപ്പോലെ ഉയർന്നു പറന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ നിന്റെ കൂടുണ്ടാക്കിയാലും അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ രാത്രിയിൽ കൊള്ളക്കാർ വന്നാലോ ഓ, എത്ര ഭയങ്കരമായവ നിന്നെ കാത്തിരിക്കുന്നു! തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ? എന്നാൽ ഏശാവ് എങ്ങനെ കവർച്ചചെയ്യപ്പെടും അവന്റെ ഗുപ്തമാക്കപ്പെട്ട നിക്ഷേപങ്ങൾ എങ്ങനെ കൊള്ളയടിക്കപ്പെടും! നിന്നോടു സഖ്യമുള്ളവർ നിന്നെ അതിർത്തിയിലേക്കു പായിക്കും; നിന്റെ സ്നേഹിതർ നിന്നെ ചതിച്ചു കീഴടക്കും; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കെണിവെക്കും, എന്നാൽ നീ അതു മനസ്സിലാക്കുകയില്ല.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അന്നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്ന് വിവേകികളെയും നശിപ്പിക്കുകയില്ലേ? തേമാനേ, നിന്റെ വീരന്മാർ പരിഭ്രാന്തരായിത്തീരുകയും ഏശാവിന്റെ പർവതങ്ങളിലുള്ള ഏവരും വെട്ടേറ്റു നശിച്ചുപോകുകയും ചെയ്യും.