സംഖ്യാപുസ്തകം 3:1-39

സംഖ്യാപുസ്തകം 3:1-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ സീനായിപർവതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിത്: അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിതശുശ്രൂഷ ചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവതന്നെ. എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോനു ശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ മുമ്പാകെ നിർത്തുക. അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം. അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം. നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവനു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു. അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാ കടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം. കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെയൊക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു. യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്: ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ട് പ്രായമുള്ള ആണിനെയൊക്കെയും നീ എണ്ണേണം. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി. ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി. കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ. ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉദ്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ. അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറ്. ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറേ ഭാഗത്തു പാളയമിറങ്ങേണം. ഗേർശോന്യരുടെ പിതൃഭവനത്തിനു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീലയും തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു. കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉദ്ഭവിച്ചു. ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ. കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കേ ഭാഗത്തു പാളയമിറങ്ങേണം. കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം. അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേലയൊക്കെയും ആകുന്നു. പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാന പ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം. മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശിയരുടെ കുടുംബവും ഉദ്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവതന്നെ. അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറു പേർ. മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കേ ഭാഗത്തു പാളയമിറങ്ങേണം. മെരാര്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങളൊക്കെയും, അതു സംബന്ധിച്ചുള്ള എല്ലാ വേലയും, പ്രാകാരത്തിന്റെ ചുറ്റുമുള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവ. എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്തു കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്തുതന്നെ, സൂര്യോദയത്തിനു നേരേ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.

സംഖ്യാപുസ്തകം 3:1-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സീനായ്മലയിൽവച്ചു മോശയ്‍ക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായ കാലത്തു മോശയുടെയും അഹരോന്റെയും സന്താനങ്ങൾ ഇവരായിരുന്നു. അഹരോന്റെ പുത്രന്മാർ: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിതശുശ്രൂഷയ്‍ക്കായി അഭിഷിക്തരായ അഹരോന്റെ പുത്രന്മാർ ഇവരാണ്. ഇവരിൽ നാദാബും അബീഹൂവും സീനായ്മരുഭൂമിയിൽവച്ചു സർവേശ്വരന്റെ സന്നിധിയിൽ അവിശുദ്ധമായ അഗ്നി അർപ്പിച്ചതിനാൽ അവിടെവച്ചു മരിച്ചു. അവർക്കു മക്കളില്ലായിരുന്നു. എലെയാസാരും ഈഥാമാരും മാത്രമാണ് പിതാവായ അഹരോന്റെ ജീവകാലമത്രയും പുരോഹിത ശുശ്രൂഷ നിർവഹിച്ചത്. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോന്റെ ശുശ്രൂഷകരായി ലേവിഗോത്രത്തിൽപ്പെട്ട എല്ലാവരെയും നിയോഗിക്കുക. അവർ അഹരോനും സർവജനത്തിനുംവേണ്ടി തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ ശുശ്രൂഷ ചെയ്യുകയും, കൂടാരസംബന്ധമായ ഇതര ജോലികൾ നിറവേറ്റുകയും ചെയ്യട്ടെ. കൂടാരത്തിലെ ഉപകരണങ്ങളുടെ ചുമതല അവർക്കായിരിക്കും. കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം അവർ ഇസ്രായേൽജനത്തിനു വേണ്ടിയുള്ള ശുശ്രൂഷകൾ നിർവഹിക്കുകയും വേണം. അഹരോനും പുത്രന്മാർക്കുംവേണ്ടി ലേവ്യരെ നിയോഗിക്കണം. ഇസ്രായേൽജനത്തിൽനിന്ന് അഹരോനുവേണ്ടി പൂർണമായി നല്‌കപ്പെട്ടവരാണിവർ. പൗരോഹിത്യശുശ്രൂഷയ്‍ക്കുവേണ്ടി പൂർണമായി അഹരോനെയും പുത്രന്മാരെയും നിയോഗിക്കുക. അവർ അത് അനുഷ്ഠിക്കട്ടെ. മറ്റാരെങ്കിലും അതിനു ശ്രമിച്ചാൽ അവനെ വധിക്കണം. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിലെ ആദ്യജാതന്മാർക്കു പകരമായി അവരുടെ ഇടയിൽനിന്നു ലേവ്യരെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. ആദ്യജാതന്മാരെല്ലാം എന്റെ വകയായതുകൊണ്ട്, അവരും എന്റെ വകയായിരിക്കും. ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതൽ ഇസ്രായേലിലെ ആദ്യജാതന്മാരെ എനിക്കായി ഞാൻ വേർതിരിച്ചു. മനുഷ്യരുടെ ആദ്യജാതന്മാരെ മാത്രമല്ല, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും വേർതിരിച്ചിരുന്നു. അതിനാൽ അവയും എനിക്കുള്ളതാണ്. ഞാൻ സർവേശ്വരനാകുന്നു.” സർവേശ്വരൻ സീനായ്മരുഭൂമിയിൽവച്ചു മോശയോട് അരുളിച്ചെയ്തു: “ലേവിപുത്രന്മാരിൽ ഒരു മാസവും അതിലധികവും പ്രായമുള്ള എല്ലാവരുടെയും കണക്ക് കുടുംബം തിരിച്ചും പിതൃഭവനം തിരിച്ചും എടുക്കുക. അവിടുന്നു കല്പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു. ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരായിരുന്നു ലേവിയുടെ പുത്രന്മാർ. ഗേർശോന്റെ പുത്രന്മാർ ലിബ്നിയും ശിമെയിയും. കെഹാത്തിന്റെ പുത്രന്മാർ അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി എന്നിവർ. ഈ പേരുകളിൽ അറിയപ്പെടുന്ന പിതൃഭവനങ്ങളുടെ പൂർവപിതാക്കന്മാർ ഇവരായിരുന്നു. ഗേർശോനിൽനിന്നായിരുന്നു ലിബ്നിയരുടെയും ശിമ്യരുടെയും കുടുംബങ്ങൾ ഉണ്ടായത്. ഇവരാണ് ഗേർശോന്യകുടുംബങ്ങൾ. ഇവരിൽ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ഏഴായിരത്തി അഞ്ഞൂറായിരുന്നു. ഗേർശോന്യകുടുംബങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ പിറകിൽ പടിഞ്ഞാറു വശത്തു പാളയമടിക്കണം. അവരുടെ പിതൃഭവനത്തലവൻ ലായേലിന്റെ പുത്രനായ എലീയാസാഫ് ആയിരിക്കും. തിരുസാന്നിധ്യകൂടാരം, അതിന്റെ ആവരണം, അതിന്റെ പ്രവേശനകവാടത്തിലുള്ള തിരശ്ശീല, കൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്റെ മറവിരികൾ, അങ്കണവാതിലിന്റെ തിരശ്ശീല, അവയുടെ ചരടുകൾ എന്നിവയുടെ ചുമതലയും ഇവയുമായി ബന്ധപ്പെട്ട മറ്റു ജോലികളും ഗേർശോന്യരുടേതായിരുന്നു. അമ്രാമ്യരുടെയും, ഇസ്ഹാര്യരുടെയും, ഹെബ്രോന്യരുടെയും, ഉസ്സീയേല്യരുടെയും കുടുംബങ്ങൾ കെഹാത്തിൽനിന്നു ജനിച്ചവരായിരുന്നു. ഇവരിൽ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ എണ്ണായിരത്തി അറുനൂറ്. വിശുദ്ധസ്ഥലത്തെ ശുശ്രൂഷയുടെ ചുമതല ഇവർക്കായിരുന്നു. കെഹാത്യകുടുംബങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ തെക്കുവശത്തു പാളയമടിക്കണം. കെഹാത്യരുടെ പിതൃഭവനത്തലവൻ ഉസ്സീയേലിന്റെ പുത്രൻ എലീസാഫാൻ. ഉടമ്പടിപ്പെട്ടകം, മേശ, വിളക്കുകാൽ, യാഗപീഠം, കൂടാരത്തിൽ ശുശ്രൂഷയ്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ, തിരശ്ശീല എന്നിവയുടെ ചുമതലയും ബന്ധപ്പെട്ട ജോലികളും കെഹാത്യർക്കുള്ളതാണ്. പുരോഹിതനായ അഹരോന്റെ പുത്രനായ എലെയാസാർ ലേവിഗോത്രത്തിലെ നേതാക്കളുടെ നേതാവും വിശുദ്ധസ്ഥലത്തെ ചുമതല വഹിക്കുന്നവരുടെ മേൽവിചാരകനുമായിരിക്കും. മെരാരിയിൽനിന്നാണ് മഹ്ലിയരുടെയും മൂശ്യരുടെയും കുടുംബങ്ങളുണ്ടായത്. അവരിൽ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ആറായിരത്തി ഇരുനൂറ്. അവരുടെ പിതൃഭവനത്തലവൻ അബീഹയിലിന്റെ പുത്രനായ സൂരിയേൽ. കൂടാരത്തിന്റെ വടക്കുവശത്ത് അവർ പാളയമടിക്കണം. വിശുദ്ധകൂടാരത്തിന്റെ ചട്ടക്കൂടും അതിന്റെ അഴികളും തൂണുകളും അവയുടെ ചുവടുകളും ഇവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവർ ചെയ്യണം. മോശയും അഹരോനും അഹരോന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേൽജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകൾ ചെയ്യുന്നതിനുള്ള ചുമതല അവർക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാൽ അവനെ വധിക്കണം. സർവേശ്വരന്റെ കല്പനയനുസരിച്ച്, ഒരു മാസവും അതിലധികവും പ്രായമുള്ള ലേവിഗോത്രത്തിലെ പുരുഷസന്താനങ്ങളെ ആളാംപ്രതി കുടുംബം തിരിച്ചു മോശയും അഹരോനുംകൂടി എണ്ണി തിട്ടപ്പെടുത്തി. അവരുടെ സംഖ്യ ഇരുപത്തീരായിരം.

സംഖ്യാപുസ്തകം 3:1-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ സീനായിപർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്‍റെയും മോശെയുടെയും വംശപാരമ്പര്യം ഇപ്രകാരമാണ്: അഹരോന്‍റെ പുത്രന്മാർ ഇവരാണ്: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിക്കപ്പെട്ട്, അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നെ. എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവച്ച് മരിച്ചുപോയി; അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്‍റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന് ശുശ്രൂഷ ചെയ്യേണ്ടതിന് അവന്‍റെ മുമ്പാകെ നിർത്തുക. അവർ സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ അവന്‍റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം. അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളും എല്ലാ യിസ്രായേൽ മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ച വേല ചെയ്യേണം. നീ ലേവ്യരെ അഹരോനും അവന്‍റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവനു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു. അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “യിസ്രായേൽ മക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവർ ആയിരിക്കേണം. കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്ത് അവരുടെ എല്ലാം കടിഞ്ഞൂലിനെ കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യൻ്റെയും മൃഗത്തിൻ്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ട് ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.” യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്: “ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണിനെയും നീ എണ്ണേണം.” തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി. ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി. കുടുംബംകുടുംബമായി ഗേർശോന്‍റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർ തന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ. ഗേർശോനിൽനിന്ന് ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ. അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആകെ ഏഴായിരത്തഞ്ഞൂറ് (7,500). ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്‍റെ പുറകിൽ പടിഞ്ഞാറുഭാഗത്ത് പാളയമിറങ്ങേണം. ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്‍റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടത് തിരുനിവാസവും കൂടാരവും അതിന്‍റെ പുറമൂടിയും സമാഗമനകൂടാരത്തിന്‍റെ വാതിലിനുള്ള മറശ്ശീലയും തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്‍റെ മറശ്ശീലയും പ്രാകാരവാതിലിൻ്റെ മറശ്ശീലയും അതിന്‍റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു. കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു. ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്‍റെ കാര്യം നോക്കുന്നവർ എണ്ണായിരത്തി അറുനൂറ് (8,600) പേർ. കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്‍റെ തെക്ക് ഭാഗത്ത് പാളയമിറങ്ങേണം. കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്‍റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം. അവർ നോക്കേണ്ടത് പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേല ഒക്കെയും ആകുന്നു. പുരോഹിതനായ അഹരോന്‍റെ മകൻ എലെയാസാർ ലേവ്യർക്ക് പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം. മെരാരിയിൽനിന്ന് മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നെ. അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറ് (6,200) പേർ. മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഗയിലിന്‍റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്‍റെ വടക്കുഭാഗത്ത് പാളയമിറങ്ങേണം. മെരാര്യർക്ക് നിയമിച്ചിട്ടുള്ള ഉത്തരവാദിത്വം തിരുനിവാസത്തിന്‍റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്‍റെ ഉപകരണങ്ങൾ എന്നിവയും, അത് സംബന്ധിച്ചുള്ള എല്ലാവേലയും, പ്രാകാരത്തിന്‍റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവയും ആകുന്നു. എന്നാൽ തിരുനിവാസത്തിന്‍റെ മുൻവശത്ത് കിഴക്ക്, സമാഗമനകൂടാരത്തിന്‍റെ മുൻവശത്ത് തന്നെ, സൂര്യോദയത്തിന് അഭിമുഖമായി മോശെയും അഹരോനും അവന്‍റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽ മക്കൾക്കുവേണ്ടി വിശുദ്ധമന്ദിരത്തിന്‍റെ ചുമതല ഏറ്റെടുത്ത് ആവശ്യങ്ങൾ നിർവ്വഹിക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം (22,000) പേർ.

സംഖ്യാപുസ്തകം 3:1-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു: അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിതശുശ്രൂഷ ചെയ്‌വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ. എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിർത്തുക. അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം. അവർ സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം. നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു. അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം. കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു. യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു: ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി. ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി. കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ. ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ. അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു. ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം. ഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു. കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു. ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ. കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം. കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം. അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു. പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം. മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ. അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ. മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം. മെരാര്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും, പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ. എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്തു കിഴക്കു, സമാഗമനകൂടാരത്തിന്റെ മുൻവശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.

സംഖ്യാപുസ്തകം 3:1-39 സമകാലിക മലയാളവിവർത്തനം (MCV)

സീനായിമലയിൽ യഹോവ മോശയോടു സംസാരിച്ച കാലത്ത് അഹരോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു: അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പൗരോഹിത്യശുശ്രൂഷചെയ്യാൻ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന അഹരോന്റെ പുത്രന്മാരായ അഭിഷിക്തപുരോഹിതന്മാരുടെ പേരുകൾ ഇവതന്നെ. ഇവരിൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ച് യഹോവയുടെ തിരുമുമ്പാകെ അന്യാഗ്നി കൊണ്ടുവന്നതു നിമിത്തം അവിടെ വീണ് മരിച്ചുപോയിരുന്നു. അവർക്കു പുത്രന്മാരില്ലായിരുന്നു; അതുകൊണ്ട് എലെയാസാരും ഈഥാമാരുംമാത്രമാണ് തങ്ങളുടെ പിതാവായ അഹരോന്റെ കാലത്ത് പൗരോഹിത്യശുശ്രൂഷ ചെയ്തത്. യഹോവ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോനെ സഹായിക്കുന്നതിനായി ലേവിഗോത്രത്തെ കൂട്ടിവരുത്തുക. അവർ അദ്ദേഹത്തിനുവേണ്ടിയും സർവസമൂഹത്തിനുവേണ്ടിയും സമാഗമത്തിനുള്ള കൂടാരത്തിലെ ശുശ്രൂഷകൾ ചെയ്യണം. സമാഗമകൂടാരത്തിലെ സകല ഉപകരണങ്ങളുടെയും സൂക്ഷിപ്പ് അവർക്കായിരിക്കണം. അവർ കൂടാരത്തിലെ വേലകൾ ചെയ്തുകൊണ്ട് ഇസ്രായേല്യരുടെ കടമകൾ നിർവഹിക്കണം. ലേവ്യരെ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കുമായി ഏൽപ്പിച്ചുകൊടുക്കുക; അദ്ദേഹത്തിനു പരിപൂർണമായി ഏൽപ്പിക്കപ്പെടേണ്ട ഇസ്രായേല്യർ അവരാണ്. പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും നിയമിക്കുക; മറ്റാരെങ്കിലും വിശുദ്ധസ്ഥലത്തെ സമീപിച്ചാൽ അവർ മരണശിക്ഷ അനുഭവിക്കണം.” യഹോവ മോശയോടു വീണ്ടും പറഞ്ഞു: “എല്ലാ ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതന്മാർക്കു പകരമായി ഇസ്രായേല്യരിൽനിന്ന് ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. ലേവ്യർ എനിക്കുള്ളവരാകുന്നു, കാരണം സകല ആദ്യജാതന്മാരും എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിലെ ആദ്യജാതന്മാരെയൊക്കെയും സംഹരിച്ചപ്പോൾ ഇസ്രായേലിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒക്കെയും എനിക്കായി വേർതിരിച്ചു. അവർ എനിക്കുള്ളവർ; ഞാൻ യഹോവ ആകുന്നു.” യഹോവ മോശയോടു സീനായിമരുഭൂമിയിൽവെച്ചു സംസാരിച്ചു: “ലേവ്യരെ കുടുംബമായും പിതൃഭവനമായും എണ്ണണം. ഒരുമാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെയൊക്കെയും എണ്ണണം.” യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ അവരെ എണ്ണി. ലേവിയുടെ മക്കളുടെ പേരുകൾ ഇവയായിരുന്നു: ഗെർശോൻ, കെഹാത്ത്, മെരാരി. കുടുംബം കുടുംബമായി ഗെർശോന്യപുത്രന്മാർ: ലിബ്നി, ശിമെയി. കുടുംബം കുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. കുടുംബം കുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. പിതൃഭവനപ്രകാരം ലേവ്യകുടുംബങ്ങൾ ഇവയായിരുന്നു. ലിബ്നിയർ, ശിമ്യർ എന്നീ കുടുംബങ്ങൾ ഗെർശോനിൽനിന്നുള്ളവരായിരുന്നു; ഇവയാണ് ഗെർശോന്യകുടുംബങ്ങൾ. ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 7,500. ഗെർശോന്യകുലങ്ങൾ പടിഞ്ഞാറുഭാഗത്ത് സമാഗമകൂടാരത്തിനു പിന്നിൽ പാളയമടിക്കണം. ലായേലിന്റെ പുത്രൻ എലീയാസാഫ് ഗെർശോന്യ പിതൃഭവനങ്ങളുടെ പ്രഭു ആയിരുന്നു. സമാഗമകൂടാരത്തിൽ ഗെർശോന്യർ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്നത് സമാഗമകൂടാരം, തിരുനിവാസം, അതിന്റെ മൂടുവിരികൾ, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല, കൂടാരാങ്കണകവാടത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റി അങ്കണകവാടത്തിലുള്ള മറശ്ശീല, അതിന്റെ കയറുകൾ, അതിന്റെ ഉപയോഗത്തിനുള്ള എല്ലാ അനുബന്ധ ഉപകരണങ്ങൾ എന്നിവ ആയിരുന്നു. അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നീ കുലങ്ങൾ കെഹാത്തിനുള്ളവയായിരുന്നു; ഇവയായിരുന്നു കെഹാത്യ പിതൃഭവനങ്ങൾ. ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 8,600. കെഹാത്യർക്കായിരുന്നു വിശുദ്ധമന്ദിരം സൂക്ഷിക്കുന്ന ചുമതല. കെഹാത്യ പിതൃഭവനങ്ങൾ പാളയമടിച്ചിരുന്നത് സമാഗമകൂടാരത്തിന്റെ തെക്കുഭാഗത്താണ്. കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിനു പ്രഭു ഉസ്സീയേലിന്റെ പുത്രൻ എലീസാഫാൻ ആയിരുന്നു. പേടകം, മേശ, വിളക്കുതണ്ട്, യാഗപീഠങ്ങൾ, ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, മറശ്ശീല എന്നിവയും അവയുടെ ഉപയോഗത്തോടു ബന്ധപ്പെട്ട സകലതും ഈ നാലു കുലങ്ങളുടെ ചുമതലയിലായിരുന്നു. പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരായിരുന്നു ലേവ്യരുടെ പ്രധാന പ്രഭു. വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിനു ചുമതലപ്പെട്ടവരുടെ മേൽവിചാരകനായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. മഹ്ലീയരുടെയും മൂശ്യരുടെയും കുടുംബങ്ങൾ മെരാരിയിൽനിന്നുള്ളവയായിരുന്നു; ഇവയായിരുന്നു മെരാര്യകുടുംബങ്ങൾ. അവരിൽ ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങൾ 6,200. മെരാര്യകുടുംബങ്ങളുടെ പ്രഭു അബീഹയീലിന്റെ പുത്രൻ സൂരിയേലായിരുന്നു. സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്ത് അവർ പാളയമടിക്കണം. സമാഗമകൂടാരത്തിന്റെ ചട്ടക്കൂടുകൾ, അതിന്റെ സാക്ഷകൾ, തൂണുകൾ, ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ സകലതും, കൂടാതെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകൾ, അവയുടെ ചുവടുകൾ, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ തുടങ്ങി അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും മെരാര്യരുടെ ചുമതലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. മോശയും, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും സമാഗമകൂടാരത്തിന്റെ കിഴക്കുഭാഗത്തേക്ക്, സൂര്യോദയത്തിനഭിമുഖമായി, സമാഗമകൂടാരത്തിന്റെമുമ്പിൽ പാളയമടിക്കണം. ഇസ്രായേല്യർക്കുവേണ്ടി അവരായിരുന്നു വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിന് ചുമതലപ്പെട്ടവർ. വിശുദ്ധമന്ദിരത്തോട് സമീപിക്കുന്ന അന്യർ മരണശിക്ഷ അനുഭവിക്കേണ്ടിയിരുന്നു. യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും കുടുംബങ്ങൾ അനുസരിച്ച് എണ്ണിയ ലേവ്യർ, ഒരുമാസമോ അതിലധികമോ പ്രായമുള്ള സകല ആണുങ്ങളുടെയും എണ്ണം 22,000 ആയിരുന്നു.