സംഖ്യാപുസ്തകം 21:4-7 - Compare All Versions
സംഖ്യാപുസ്തകം 21:4-7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവതത്തിങ്കൽനിന്ന് ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു. ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർഥിച്ചു.
സംഖ്യാപുസ്തകം 21:4-7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേൽജനം എദോം ചുറ്റിപ്പോകാൻ ഹോർപർവതത്തിൽനിന്നു ചെങ്കടൽവഴിയായി യാത്ര തിരിച്ചു. വഴിയിൽവച്ചു ജനം അക്ഷമരായി. അവർ ദൈവത്തിനും മോശയ്‍ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയിൽവച്ചു മരിക്കാൻ ഞങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങൾക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങൾക്കു മടുത്തു.” അപ്പോൾ സർവേശ്വരൻ വിഷസർപ്പങ്ങളെ അവരുടെ ഇടയിൽ അയച്ചു; അവയുടെ കടിയേറ്റ് അനേകം ഇസ്രായേല്യർ മരിച്ചു. ജനം മോശയുടെ അടുത്തു വന്നു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്തു; സർവേശ്വരനും അങ്ങേക്കും എതിരായി സംസാരിച്ചുപോയല്ലോ. ഞങ്ങളുടെ ഇടയിൽനിന്നു സർപ്പങ്ങളെ നീക്കിക്കളയാൻ സർവേശ്വരനോട് അപേക്ഷിക്കണമേ.” അപ്പോൾ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു.
സംഖ്യാപുസ്തകം 21:4-7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
പിന്നെ അവർ ഏദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർ പർവ്വതത്തിൽനിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്‍റെ മനസ്സ് ക്ഷീണിച്ച്. ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം” എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.
സംഖ്യാപുസ്തകം 21:4-7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കല്നിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു. ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.
സംഖ്യാപുസ്തകം 21:4-7 MCV (സമകാലിക മലയാളവിവർത്തനം)
ഏദോം ചുറ്റിപ്പോകേണ്ടതിനായി അവർ ഹോർ പർവതത്തിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. എന്നാൽ വഴിമധ്യേ ജനം അക്ഷമരായി. അവർ ദൈവത്തിനും മോശയ്ക്കും വിരോധമായി സംസാരിച്ച്, “മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ എന്തിന് ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു? ഇവിടെ അപ്പവുമില്ല! വെള്ളവുമില്ല! ഈ നിസ്സാരഭക്ഷണം ഞങ്ങൾ വെറുക്കുന്നു!” എന്നു പറഞ്ഞു. അപ്പോൾ യഹോവ അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു, ഇസ്രായേൽമക്കളിൽ അനേകംപേർ മരിച്ചു. ജനം മോശയുടെ അടുക്കൽവന്ന്, “ഞങ്ങൾ യഹോവയ്ക്കും താങ്കൾക്കും എതിരായി സംസാരിച്ചതിനാൽ ഞങ്ങൾ പാപംചെയ്തു. യഹോവ സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് അകറ്റേണ്ടതിനായി പ്രാർഥിക്കണമേ” എന്ന് അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു.