സംഖ്യാപുസ്തകം 21:4-16
സംഖ്യാപുസ്തകം 21:4-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവതത്തിങ്കൽനിന്ന് ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു. ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർഥിച്ചു. യഹോവ മോശെയോട്: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ട് അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും. അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിനു നേരേ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ- അബാരീമിൽ പാളയമിറങ്ങി. അവിടെനിന്നു പുറപ്പെട്ടു സാരേദ്താഴ്‌വരയിൽ പാളയമിറങ്ങി. അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉദ്ഭവിച്ചു മരുഭൂമിയിൽക്കൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മധ്യേ മോവാബിനുള്ള അതിർ ആകുന്നു. അതുകൊണ്ട്: “സൂഫയിലെ വാഹേബും അർന്നോൻതാഴ്‌വരകളും ആരിന്റെ നിവാസത്തോളം നീണ്ടു. മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. അവിടെനിന്ന് അവർ ബേരിലേക്കു പോയി; യഹോവ മോശെയോട്: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതുതന്നെ.
സംഖ്യാപുസ്തകം 21:4-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം എദോം ചുറ്റിപ്പോകാൻ ഹോർപർവതത്തിൽനിന്നു ചെങ്കടൽവഴിയായി യാത്ര തിരിച്ചു. വഴിയിൽവച്ചു ജനം അക്ഷമരായി. അവർ ദൈവത്തിനും മോശയ്‍ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയിൽവച്ചു മരിക്കാൻ ഞങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങൾക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങൾക്കു മടുത്തു.” അപ്പോൾ സർവേശ്വരൻ വിഷസർപ്പങ്ങളെ അവരുടെ ഇടയിൽ അയച്ചു; അവയുടെ കടിയേറ്റ് അനേകം ഇസ്രായേല്യർ മരിച്ചു. ജനം മോശയുടെ അടുത്തു വന്നു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്തു; സർവേശ്വരനും അങ്ങേക്കും എതിരായി സംസാരിച്ചുപോയല്ലോ. ഞങ്ങളുടെ ഇടയിൽനിന്നു സർപ്പങ്ങളെ നീക്കിക്കളയാൻ സർവേശ്വരനോട് അപേക്ഷിക്കണമേ.” അപ്പോൾ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: “പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി ഒരു ദണ്ഡിന്മേൽ ഉയർത്തുക; സർപ്പങ്ങളുടെ കടിയേല്‌ക്കുന്നവൻ പിച്ചളസർപ്പത്തെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിന്മേൽ ഉയർത്തി. സർപ്പത്തിന്റെ കടിയേറ്റവർ പിച്ചളസർപ്പത്തെ നോക്കിയാൽ അവർ ജീവിക്കും. ഇസ്രായേൽജനം യാത്ര പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു. അവിടെനിന്നു മോവാബിന്റെ കിഴക്കു വശത്തു മരുഭൂമിയിലുള്ള ഇയ്യെ-അബാരീമിൽ എത്തി. പിന്നീട് അവിടെനിന്നു യാത്ര ചെയ്തു സാരേദ്താഴ്‌വരയിൽ എത്തി പാളയമടിച്ചു. അവിടെനിന്ന് അവർ യാത്ര തിരിച്ച് അർന്നോൻ നദിക്കക്കരെ എത്തി പാളയമടിച്ചു; അമോര്യദേശത്തു നിന്നുദ്ഭവിച്ചു മരുഭൂമിയിൽക്കൂടി ഒഴുകുന്ന അർന്നോൻനദി മോവാബിനും അമോര്യക്കും മധ്യേയുള്ള അതിരായിരുന്നു. അതുകൊണ്ടാണു ‘സർവേശ്വരന്റെ യുദ്ധങ്ങൾ’ എന്ന പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്: സൂഫായിലെ വഹേബ്പട്ടണവും താഴ്‌വരകളും, അർന്നോൻനദിയും, ആർ പട്ടണവും മോവാബിന്റെ അതിരുവരെ നീണ്ടു കിടക്കുന്ന ചരിവുകളും. അവർ അവിടെനിന്നു ബേരിലേക്കു പുറപ്പെട്ടു; “ജനത്തെ ഒന്നിച്ചു കൂട്ടുക; അവർക്കു കുടിക്കാൻ ഞാൻ വെള്ളം നല്‌കും” എന്ന് അവിടെവച്ചാണ് സർവേശ്വരൻ മോശയോട് അരുളിച്ചെയ്തത്.
സംഖ്യാപുസ്തകം 21:4-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ അവർ ഏദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർ പർവ്വതത്തിൽനിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്‍റെ മനസ്സ് ക്ഷീണിച്ച്. ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം” എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു. യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്നു പറഞ്ഞു. അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്‍റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും. അനന്തരം യിസ്രായേൽ മക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ടു സൂര്യോദയത്തിന് നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. അവിടെനിന്ന് പുറപ്പെട്ട സേരേദ് താഴ്വരയിൽ പാളയമിറങ്ങി. അവിടെനിന്ന് പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽക്കൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യത്തിൽ മോവാബിന്‍റെ അതിരായിരുന്നു. അതുകൊണ്ട്: “സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിൻ്റെ നിവാസത്തോളം നീണ്ടു. മോവാബിന്‍റെ അതിരിനോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്”. എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നെ.”
സംഖ്യാപുസ്തകം 21:4-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കല്നിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു. ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു. യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും. അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്‌വരയിൽ പാളയമിറങ്ങി. അവിടെനിന്നു പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോര്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു: “സൂഫയിലെ വാഹേബും അർന്നോൻ താഴ്‌വരകളും ആരിന്റെ നിവാസത്തോളം നീണ്ടു. മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്‌വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. അവിടെനിന്നു അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതു തന്നേ.
സംഖ്യാപുസ്തകം 21:4-16 സമകാലിക മലയാളവിവർത്തനം (MCV)
ഏദോം ചുറ്റിപ്പോകേണ്ടതിനായി അവർ ഹോർ പർവതത്തിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. എന്നാൽ വഴിമധ്യേ ജനം അക്ഷമരായി. അവർ ദൈവത്തിനും മോശയ്ക്കും വിരോധമായി സംസാരിച്ച്, “മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ എന്തിന് ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു? ഇവിടെ അപ്പവുമില്ല! വെള്ളവുമില്ല! ഈ നിസ്സാരഭക്ഷണം ഞങ്ങൾ വെറുക്കുന്നു!” എന്നു പറഞ്ഞു. അപ്പോൾ യഹോവ അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു, ഇസ്രായേൽമക്കളിൽ അനേകംപേർ മരിച്ചു. ജനം മോശയുടെ അടുക്കൽവന്ന്, “ഞങ്ങൾ യഹോവയ്ക്കും താങ്കൾക്കും എതിരായി സംസാരിച്ചതിനാൽ ഞങ്ങൾ പാപംചെയ്തു. യഹോവ സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് അകറ്റേണ്ടതിനായി പ്രാർഥിക്കണമേ” എന്ന് അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു. യഹോവ മോശയോട്, “ഒരു വിഷസർപ്പത്തെ ഉണ്ടാക്കി ഒരു കൊടിമരത്തിൽ ഉയർത്തുക. സർപ്പദംശനമേറ്റ ഏതൊരാളും അതിൽ നോക്കിയാൽ ജീവിക്കും” എന്ന് അരുളിച്ചെയ്തു. അങ്ങനെ മോശ വെങ്കലംകൊണ്ട് ഒരു സർപ്പം ഉണ്ടാക്കി അതിനെ ഒരു കൊടിമരത്തിൽ ഉയർത്തിനിർത്തി. ഇതിനുശേഷം സർപ്പദംശനമേറ്റവർ വെങ്കലസർപ്പത്തെ നോക്കി; അവരെ മരണം കീഴടക്കിയില്ല. ഇസ്രായേൽമക്കൾ തങ്ങളുടെ യാത്രതുടർന്ന് ഓബോത്തിൽ പാളയമടിച്ചു. അതിനുശേഷം അവർ ഓബോത്തിൽനിന്ന് യാത്രപുറപ്പെട്ട് സൂര്യോദയത്തിനുനേരേ മോവാബിന് അഭിമുഖമായുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമടിച്ചു. അവിടെനിന്ന് അവർ മുമ്പോട്ടുനീങ്ങി സേരെദ് താഴ്വരയിൽ പാളയമടിച്ചു. അവർ അവിടെനിന്നു പുറപ്പെട്ട് അമോര്യരുടെ അതിർത്തിയിലേക്കു നീളുന്ന മരുഭൂമിയിലുള്ള അർന്നോൻനദിക്കു സമാന്തരമായി പാളയമടിച്ചു. മോവാബിന്റെയും അമോര്യരുടെയും പ്രദേശങ്ങൾക്ക് ഇടയിൽ മോവാബിന്റെ അതിർത്തിയാണ് അർന്നോൻ. തന്മൂലം, “സൂഫയിലെ വാഹേബും അർന്നോൻ മലയിടുക്കുകളും മോവാബിന്റെ അതിർത്തിയിലുടനീളം ചാഞ്ഞുകിടക്കുന്ന ആർപട്ടണംവരെയുള്ള മലഞ്ചെരിവുകളും” എന്ന് യഹോവയുടെ യുദ്ധപുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അവിടെനിന്ന് അവർ ബേരിലേക്കു പുറപ്പെട്ടു. “ജനങ്ങളെ വിളിച്ചുകൂട്ടുക, ഞാൻ അവർക്കു വെള്ളം കൊടുക്കും,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്ത കിണർ ഇതുതന്നെ.