സംഖ്യാപുസ്തകം 20:14-18

സംഖ്യാപുസ്തകം 20:14-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു: ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയിൽക്കൂടിതന്നെ നടക്കും; നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോട്: നീ എന്റെ നാട്ടിൽക്കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരേ പുറപ്പെടും എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 20:14-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “നിങ്ങളുടെ ചാർച്ചക്കാരായ ഇസ്രായേല്യർ പറയുന്നു, ഞങ്ങൾക്ക് ഉണ്ടായ കഷ്ടതകളെല്ലാം അങ്ങേക്കറിയാമല്ലോ. ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിലേക്കു പോയതും അവർ ദീർഘകാലം അവിടെ വസിച്ചതും ഈജിപ്തുകാർ ഞങ്ങളുടെ പിതാക്കന്മാരോടും ഞങ്ങളോടും ക്രൂരമായി വർത്തിച്ചതും അങ്ങ് അറിയുന്നു. ഞങ്ങൾ സർവേശ്വരനോടു നിലവിളിച്ചു, അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു; ദൂതനെ അയച്ച് ഈജിപ്തിൽനിന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു വന്നു. ഇപ്പോൾ ഞങ്ങൾ അങ്ങയുടെ രാജ്യത്തിന്റെ അതിർത്തിയിലുള്ള കാദേശ്പട്ടണത്തിൽ എത്തിയിരിക്കുന്നു. അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങൾ കടക്കുകയില്ല. കിണറുകളിൽനിന്നു വെള്ളം കുടിക്കുകയുമില്ല; അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ നോക്കാതെ രാജവീഥിയിൽകൂടി മാത്രമേ ഞങ്ങൾ സഞ്ചരിക്കുകയുള്ളൂ.” എന്നാൽ എദോംരാജാവ് പറഞ്ഞു: “എന്റെ രാജ്യത്തുകൂടി കടന്നുപോകാൻ നിങ്ങളെ അനുവദിക്കുകയില്ല; കടന്നാൽ വാളുമായി നിങ്ങളെ നേരിടും.”

സംഖ്യാപുസ്തകം 20:14-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്‍റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു: “ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയകാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളികേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്‍റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. ഞങ്ങൾ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും; നിന്‍റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല.” ഏദോം അവനോട്: “നീ എന്‍റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്‍റെനേരെ പുറപ്പെടും” എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 20:14-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം മോശെ കാദേശിൽനിന്നു എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: “നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു: ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും; നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.” എദോം അവനോടു: “നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും” എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 20:14-18 സമകാലിക മലയാളവിവർത്തനം (MCV)

ഈ സംഭവത്തിനുശേഷം മോശ കാദേശിൽനിന്ന് ഏദോംരാജാവിന്റെ അടുക്കൽ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു: “നിന്റെ സഹോദരനായ ഇസ്രായേൽ ബോധിപ്പിക്കുന്ന അപേക്ഷ: ഞങ്ങളുടെമേൽ വന്ന സകലദുരിതങ്ങളെക്കുറിച്ചും അങ്ങ് അറിയുന്നല്ലോ. ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി. ഞങ്ങൾ അവിടെ അനേകവർഷങ്ങൾ താമസിച്ചു. ഈജിപ്റ്റുകാർ ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും കഠിനമായി പെരുമാറി. എന്നാൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഞങ്ങളുടെ പ്രാർഥനകേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു. “ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അധീനതയിലുള്ള രാജ്യത്തിന്റെ അതിർത്തിനഗരമായ കാദേശിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെമാത്രമേ യാത്രചെയ്യുകയുള്ളൂ.” എന്നാൽ ഏദോംരാജാവിന്റെ ഉത്തരവ് ഇപ്രകാരമായിരുന്നു: “നിങ്ങൾ ഇതിലെ കടന്നുപോകരുത്. അതിനു തുനിഞ്ഞാൽ, ഞങ്ങൾ പുറപ്പെട്ടുവന്ന് വാൾകൊണ്ട് നിങ്ങളെ ആക്രമിക്കും.”