സംഖ്യാപുസ്തകം 19:1-22
സംഖ്യാപുസ്തകം 19:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാൽ: കളങ്കവും ഊനവുമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക. നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിനു പുറത്തു കൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കയും വേണം. പുരോഹിതനായ എലെയാസാർ വിരൽകൊണ്ട് അതിന്റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിനു നേരേ ഏഴു പ്രാവശ്യം തളിക്കേണം. അതിന്റെശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം. പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം. അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്ക്കേണം; അതു യിസ്രായേൽമക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കേണം; അത് ഒരു പാപയാഗം. പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസംതന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല. മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണജലംകൊണ്ട് അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു. കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ആവിത്: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും. വെളിയിൽ വച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം. അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവുവെള്ളം ഒഴിക്കേണം. പിന്നെ ശുദ്ധിയുള്ള ഒരുത്തൻ ഈസോപ്പ് എടുത്തു വെള്ളത്തിൽ മുക്കി കൂടാരത്തെയും സകല പാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും തളിക്കേണം. ശുദ്ധിയുള്ളവൻ അശുദ്ധനായിത്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താൻ കഴുകേണം; സന്ധ്യക്ക് അവൻ ശുദ്ധിയുള്ളവനാകും. എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീർന്നിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്നു ഛേദിച്ചുകളയേണം; അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. ഇത് അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണജലം തളിക്കുന്നവൻ വസ്ത്രം അലക്കേണം; ശുദ്ധീകരണജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം. അശുദ്ധൻ തൊടുന്നത് എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
സംഖ്യാപുസ്തകം 19:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഞാൻ കല്പിക്കുന്ന നിയമത്തിലെ വ്യവസ്ഥ ഇതാകുന്നു. കുറ്റമറ്റതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽജനത്തോടു പറയുക. നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാറിനെ ഏല്പിക്കണം. അവൻ അതിനെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് അവന്റെ മുമ്പിൽവച്ച് അതിനെ കൊല്ലണം. പുരോഹിതനായ എലെയാസാർ അതിന്റെ രക്തത്തിൽ വിരൽ മുക്കി തിരുസാന്നിധ്യകൂടാരത്തിന്റെ മുൻഭാഗത്ത് ഏഴു തവണ തളിക്കണം. പിന്നീടു പുരോഹിതന്റെ മുമ്പിൽവച്ച് ആ പശുക്കുട്ടിയെ അതിന്റെ തോലും മാംസവും രക്തവും ചാണകവും ഉൾപ്പെടെ ദഹിപ്പിക്കണം. ദേവദാരുമരത്തിന്റെ ഒരു കഷണവും ഈസോപ്പുകമ്പും, ചുവന്ന നൂലും പശുക്കിടാവു ദഹിച്ചുകൊണ്ടിരിക്കുന്ന അഗ്നിയിൽ പുരോഹിതൻ ഇടേണ്ടതാണ്. പിന്നീടു പുരോഹിതൻ വസ്ത്രം അലക്കി കുളിച്ചു പാളയത്തിൽ വരണം. സന്ധ്യവരെ അയാൾ അശുദ്ധനായിരിക്കണം. അതിനെ ദഹിപ്പിച്ചവനും അടിച്ചു നനച്ചു കുളിക്കണം. സന്ധ്യവരെ അയാളും അശുദ്ധനായിരിക്കും. പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരാൾ അതിന്റെ ചാരം ശേഖരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്‍ക്കണം. ഇസ്രായേൽജനത്തിന്റെ പാപപരിഹാരാർഥം ശുദ്ധീകരണജലം തയ്യാറാക്കാൻ അതു സൂക്ഷിച്ചു വയ്‍ക്കുക. പശുക്കിടാവിന്റെ ചാരം ശേഖരിക്കുന്നവനും വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കണം. ഇസ്രായേൽജനവും അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളും അനുസരിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്. മൃതശരീരത്തെ സ്പർശിക്കുന്ന ഏതൊരുവനും ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണജലംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കുമ്പോൾ അവൻ ശുദ്ധിയുള്ളവനാകും; മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരിക്കാതെയിരുന്നാൽ അവൻ ശുദ്ധിയുള്ളവനായിത്തീരുകയില്ല. മൃതശരീരത്തെ സ്പർശിച്ചശേഷം സ്വയം ശുദ്ധീകരിക്കാതെയിരിക്കുന്നവൻ തിരുസാന്നിധ്യകൂടാരത്തെ അശുദ്ധമാക്കുന്നു. അവനെ ഇസ്രായേല്യരുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. ശുദ്ധീകരണജലം തളിക്കപ്പെടാത്തതുകൊണ്ട് അവൻ അശുദ്ധനാകുന്നു; അശുദ്ധി അവനിൽ നിലനില്‌ക്കുന്നു. ഒരാൾ തിരുസാന്നിധ്യകൂടാരത്തിൽവച്ചു മരിക്കാൻ ഇടയായാൽ അനുഷ്ഠിക്കേണ്ട ചട്ടം ഇതാണ്. കൂടാരത്തിൽ പ്രവേശിക്കുന്നവരും കൂടാരത്തിൽ ഉണ്ടായിരുന്നവരുമായ എല്ലാവരും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും. മൂടിയില്ലാതെ തുറന്നിരിക്കുന്ന എല്ലാ പാത്രങ്ങളും അശുദ്ധമായിത്തീരും. പാളയത്തിനു പുറത്തുവച്ചു മരിക്കുകയോ, വാളിനിരയാകുകയോ ചെയ്ത ഒരു മനുഷ്യന്റെ ജഡത്തെയോ, അവന്റെ അസ്ഥിയെയോ, ശവക്കുഴിയെയോ സ്പർശിക്കുന്നവൻ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അശുദ്ധി നീക്കുന്നതിനായി പാപപരിഹാരയാഗത്തിൽനിന്നു യാഗഭസ്മം കുറെ ഒരു പാത്രത്തിൽ എടുത്ത്, അതിൽ ഒഴുക്കുനീർ ഒഴിക്കണം. പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരു മനുഷ്യൻ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തിൽ മുക്കി, തിരുസാന്നിധ്യകൂടാരത്തിന്മേലും അതിലെ എല്ലാ ഉപകരണങ്ങളിന്മേലും അവിടെ ഉള്ളവരുടെ ദേഹത്തും തളിക്കണം. അസ്ഥിയെയോ, കൊല്ലപ്പെട്ടവനെയോ, മൃതശരീരത്തെയോ, ശവക്കുഴിയെയോ സ്പർശിച്ചവന്റെമേലും തളിക്കണം. അശുദ്ധനായിത്തീർന്നവന്റെമേൽ മൂന്നാം ദിവസവും ഏഴാം ദിവസവും ആചാരപരമായ ശുദ്ധിയുളളവൻ ഇപ്രകാരം തളിക്കണം. ഏഴാം ദിവസം അവൻ വസ്ത്രം അലക്കി കുളിച്ചു ശുദ്ധനാകണം. സന്ധ്യവരെ അയാൾ അശുദ്ധനായിരിക്കും. “എന്നാൽ, അശുദ്ധനായിത്തീർന്നവൻ സ്വയംശുദ്ധീകരിക്കാതെയിരുന്നാൽ, അവൻ തിരുസാന്നിധ്യകൂടാരം അശുദ്ധമാക്കുന്നു. അതുകൊണ്ട് ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്ന് അവനെ ബഹിഷ്കരിക്കണം. ശുദ്ധീകരണജലം അവന്റെമേൽ വീഴാത്തതുകൊണ്ട് അവൻ അശുദ്ധനാകുന്നു. ഇത് ഒരു ശാശ്വതനിയമമാണ്. ശുദ്ധീകരണജലം തളിക്കുന്നവൻ തന്റെ വസ്ത്രം അലക്കണം; ശുദ്ധീകരണജലത്തെ സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കും. അശുദ്ധിയുള്ള മനുഷ്യൻ സ്പർശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അവയെ സ്പർശിക്കുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കും.”
സംഖ്യാപുസ്തകം 19:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: “യഹോവ കല്പിച്ച ന്യായപ്രമാണം ഇതാണ്: കളങ്കവും ഊനവും ഇല്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽ മക്കളോട് പറയുക. നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിന് പുറത്തുകൊണ്ടുപോകുകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കുകയും വേണം. പുരോഹിതനായ എലെയാസാർ വിരൽകൊണ്ട് അതിന്റെ രക്തം കുറെ എടുത്ത് സമാഗമനകൂടാരത്തിന്‍റെ മുൻഭാഗത്തിന് നേരെ ഏഴു പ്രാവശ്യം തളിക്കേണം. അതിന്റെശേഷം പശുക്കിടാവിനെ അവന്‍റെ മുമ്പിൽവച്ച് ചുട്ട് ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടി ചുടേണം. പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം. അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്ക് വരുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം. അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം. പിന്നെ ശുദ്ധിയുള്ള ഒരുവൻ പശുക്കിടാവിൻ്റെ ഭസ്മം വാരി പാളയത്തിനു പുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്ത് വയ്ക്കേണം; അത് യിസ്രായേൽ മക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കണം; അത് ഒരു പാപയാഗം. പശുക്കിടാവിൻ്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. “ഏതൊരു മനുഷ്യൻ്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ട് സ്വയം ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാംദിവസം അവൻ സ്വയം ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകുകയില്ല. മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയേണം; എന്തെന്നാൽ ശുദ്ധീകരണജലം അവന്‍റെമേൽ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു. “കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവനും കൂടാരത്തിൽ ഇരിക്കുന്നവനും ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും. വെളിയിൽവച്ച് വാളാൽ കൊല്ലപ്പെട്ടവനെയോ, മരിച്ചുപോയവനെയോ, മനുഷ്യന്‍റെ അസ്ഥിയോ, ഒരു ശവക്കുഴിയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം. അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ടു അതിൽ ഉറവ വെള്ളം ഒഴിക്കേണം. പിന്നെ ശുദ്ധിയുള്ള ഒരുവൻ ഈസോപ്പ് എടുത്ത് വെള്ളത്തിൽ മുക്കി കൂടാരത്തെയും അതിലെ സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും, അസ്ഥിയാലോ ഒരു ശവക്കുഴിയാലോ കൊല്ലപ്പെട്ടവനാലോ മരിച്ചുപോയവനാലോ അശുദ്ധനായവനെയും തളിക്കേണം. ശുദ്ധിയുള്ളവൻ അശുദ്ധനായിത്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ സ്വയം ശുദ്ധീകരിച്ച് വസ്ത്രം അലക്കി വെള്ളത്തിൽ സ്വയം കഴുകേണം; സന്ധ്യയ്ക്ക് അവൻ ശുദ്ധിയുള്ളവനാകും. “എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീർന്നിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്ന് ഛേദിച്ചുകളയേണം; എന്തെന്നാൽ അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിക്കാതിരുന്നതിനാൽ അവൻ അശുദ്ധൻ. ഇത് അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണജലം തളിക്കുന്നവൻ വസ്ത്രം അലക്കേണം; ശുദ്ധീകരണജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം. അശുദ്ധൻ തൊടുന്നത് എല്ലാം അശുദ്ധമാകും; അത് തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.“
സംഖ്യാപുസ്തകം 19:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാൽ: കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക. നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവെച്ചു അറുക്കയും വേണം. പുരോഹിതനായ എലെയാസാർ വിരല്കൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം. അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം. പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം. അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം. പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നു പാർക്കുന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല. മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു. കൂടാരത്തിൽവെച്ചു ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ആവിതു: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും. വെളിയിൽവെച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം. അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തിൽ ഇട്ടു അതിൽ ഉറവു വെള്ളം ഒഴിക്കേണം. പിന്നെ ശുദ്ധിയുള്ള ഒരുത്തൻ ഈസോപ്പു എടുത്തു വെള്ളത്തിൽ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും തളിക്കേണം. ശുദ്ധിയുള്ളവൻ അശുദ്ധനായ്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താൻ കഴുകേണം; സന്ധ്യക്കു അവൻ ശുദ്ധിയുള്ളവനാകും. എന്നാൽ ആരെങ്കിലും അശുദ്ധനായ്തീർന്നിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽ നിന്നു ഛേദിച്ചുകളയേണം; അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. ഇതു അവർക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവൻ വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം. അശുദ്ധൻ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
സംഖ്യാപുസ്തകം 19:1-22 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ പിന്നെയും മോശയോടും അഹരോനോടും അരുളിച്ചെയ്തു: “യഹോവ കൽപ്പിച്ച ന്യായപ്രമാണത്തിലെ ഒരു ചട്ടം ഇതാണ്: ഊനമോ കളങ്കമോ ഇല്ലാത്തതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക. അതിനെ പുരോഹിതനായ എലെയാസറിനു നൽകുക; പാളയത്തിനുപുറത്തു കൊണ്ടുപോയി, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അതിനെ കൊല്ലണം. ഇതിനുശേഷം പുരോഹിതനായ എലെയാസാർ അതിന്റെ രക്തത്തിൽ കുറെ വിരലിന്മേൽ എടുത്ത് സമാഗമകൂടാരത്തിന്റെ മുൻഭാഗത്ത് ഏഴുപ്രാവശ്യം തളിക്കണം. പശുക്കിടാവിനെ അതിന്റെ തുകൽ, മാംസം, രക്തം, ചാണകം എന്നിവയോടുകൂടെ അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു ദഹിപ്പിക്കണം. പുരോഹിതൻ കുറച്ച് ദേവദാരുത്തടി, ഈസോപ്പ്, ചെമന്നനൂൽ എന്നിവ പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്നിയിൽ ഇടണം. അതിനുശേഷം പുരോഹിതൻ തന്റെ വസ്ത്രം അലക്കി, വെള്ളത്തിൽ കുളിക്കണം. തുടർന്ന് അദ്ദേഹത്തിനു പാളയത്തിലേക്കുവരാം. എന്നാൽ സന്ധ്യവരെ അദ്ദേഹം ആചാരപരമായി അശുദ്ധനായിരിക്കും. അതിനെ ദഹിപ്പിക്കുന്ന മനുഷ്യനും തന്റെ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. ആ മനുഷ്യനും സന്ധ്യവരെ അശുദ്ധനായിരിക്കും. “ശുദ്ധിയുള്ള ഒരാൾ പശുക്കിടാവിന്റെ ചാരം ശേഖരിച്ച് പാളയത്തിനു വെളിയിൽ വെടിപ്പുള്ള ഒരു സ്ഥലത്ത് ഇടണം. ശുദ്ധീകരണജലത്തിനായി ഉപയോഗിക്കാൻ ഇസ്രായേൽസഭ അതു സൂക്ഷിക്കണം; അത് ഒരു പാപശുദ്ധീകരണയാഗം. പശുക്കിടാവിന്റെ ചാരം ശേഖരിക്കുന്ന വ്യക്തിയും തന്റെ വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കും. ഇസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികൾക്കും ഇത് ഒരു ശാശ്വത അനുഷ്ഠാനമായിരിക്കണം. “മനുഷ്യന്റെ ശവം തൊടുന്ന ഏതൊരാളും ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും. മൂന്നാംദിവസവും ഏഴാംദിവസവും അയാൾ ശുദ്ധീകരണജലംകൊണ്ടു സ്വയം ശുദ്ധീകരിക്കണം. അപ്പോൾ അയാൾ ശുദ്ധനാകും. എന്നാൽ മൂന്നും, ഏഴും ദിവസങ്ങളിൽ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ അയാൾ ശുദ്ധനാകുകയില്ല. ശവം തൊടുന്ന ആരെങ്കിലും തന്നെ വിശുദ്ധീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ യഹോവയുടെ കൂടാരത്തെ മലിനമാക്കുന്നു. ആ വ്യക്തിയെ ഇസ്രായേലിൽനിന്നും ഛേദിച്ചുകളയണം. കാരണം ശുദ്ധീകരണജലം അയാളുടെമേൽ തളിക്കാതിരുന്നതുനിമിത്തം അയാൾ അശുദ്ധനാണ്; അയാളുടെ അശുദ്ധി അയാളുടെമേൽ നിലനിൽക്കുന്നു. “ഒരു വ്യക്തി കൂടാരത്തിൽവെച്ചു മരിച്ചാലുള്ള നിയമം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവരും അതിനുള്ളിലുള്ളവരും ഏഴുദിവസം അശുദ്ധരായിരിക്കും. അടപ്പുകൊണ്ടു മൂടിവെക്കാത്ത പാത്രമൊക്കെയും അശുദ്ധമായിരിക്കും. “വാളാൽ മരിച്ചവരെയോ സ്വാഭാവികമായി മരിച്ചവരെയോ മനുഷ്യാസ്ഥി, ശവക്കല്ലറ എന്നിവ സ്പർശിക്കുന്നവരെയോ വെളിമ്പ്രദേശത്തുവെച്ചു തൊടുന്നവർ ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും. “അശുദ്ധനായ മനുഷ്യനുവേണ്ടി, ശുദ്ധീകരണയാഗത്തിൽ ദഹിച്ച കുറെ ചാരം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവയുടെമേൽ ശുദ്ധജലം ഒഴിക്കണം. ഇതിനുശേഷം ആചാരപരമായി ശുദ്ധിയുള്ള ഒരാൾ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തിൽ മുക്കി ആ കൂടാരത്തിന്മേലും സകല ഉപകരണങ്ങളിന്മേലും അവിടെ ഉണ്ടായിരുന്ന ആളുകളുടെമേലും തളിക്കണം. മനുഷ്യന്റെ അസ്ഥി, ശവക്കല്ലറ, വധിക്കപ്പെട്ട ആൾ, സ്വാഭാവികമരണം സംഭവിച്ച ആൾ എന്നിവ സ്പർശിച്ച ഏവരുടെയുംമേൽ അയാൾ ശുദ്ധീകരണജലം തളിക്കണം. ശുദ്ധിയുള്ള പുരുഷൻ അശുദ്ധിയുള്ള വ്യക്തിയെ മൂന്നാംദിവസവും ഏഴാംദിവസവും തളിക്കുകയും ഏഴാംദിവസം അയാൾ ആ മനുഷ്യനെ ശുദ്ധീകരിക്കുകയും വേണം. ശുദ്ധീകരിക്കപ്പെട്ട വ്യക്തി തന്റെ വസ്ത്രങ്ങൾ അലക്കി വെള്ളത്തിൽ കുളിക്കണം. അന്നു സന്ധ്യക്ക് ആ മനുഷ്യൻ ശുദ്ധിയുള്ളതായിത്തീരും. എന്നാൽ അശുദ്ധരായവർ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ, അവർ സമൂഹത്തിൽനിന്ന് ഛേദിക്കപ്പെടണം. കാരണം അവർ യഹോവയുടെ വിശുദ്ധമന്ദിരത്തെ മലിനപ്പെടുത്തിയിരിക്കുന്നു. ശുദ്ധീകരണജലം അവരുടെമേൽ തളിക്കാതിരുന്നതിനാൽ അവർ അശുദ്ധരാണ്. ഇത് അവർക്കൊരു ശാശ്വത അനുഷ്ഠാനമായിരിക്കണം. “ശുദ്ധീകരണജലം തളിക്കുന്ന പുരുഷനും തന്റെ വസ്ത്രം അലക്കണം. ശുദ്ധീകരണജലത്തെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും. അശുദ്ധരായവർ തൊടുന്ന ഏതൊരു വസ്തുവും അശുദ്ധമാകും; അതിനെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും.”