സംഖ്യാപുസ്തകം 16:26-35
സംഖ്യാപുസ്തകം 16:26-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ സഭയോട്: ഈ ദുഷ്ടമനുഷ്യരുടെ സകല പാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത് എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽ നിന്നു. അപ്പോൾ മോശെ പറഞ്ഞത്: ഈ സകല പ്രവൃത്തികളും ചെയ്യേണ്ടതിനു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: സകല മനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകല മനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവകാര്യം പ്രവർത്തിക്കയും ഭൂമി വായ്പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. അവൻ ഈ വാക്കുകളെല്ലാം പറഞ്ഞുതീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യരൊക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ എന്നു പറഞ്ഞ് ഓടിപ്പോയി. അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചു.
സംഖ്യാപുസ്തകം 16:26-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങൾ നിമിത്തം നിങ്ങൾ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാൻ അവരുടെ കൂടാരങ്ങളിൽനിന്നു മാറി നില്‌ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങൾ സ്പർശിക്കരുത്.” കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്നു ജനം ഒഴിഞ്ഞുമാറി. ദാഥാനും അബീരാമും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ തങ്ങളുടെ വാതില്‌ക്കൽ വന്നുനിന്നു. മോശ ജനത്തോടു പറഞ്ഞു: “ഈ പ്രവൃത്തികൾ ചെയ്യാൻ സർവേശ്വരനാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്നും അവ സ്വന്ത ഇഷ്ടപ്രകാരമല്ല ഞാൻ ചെയ്യുന്നതെന്നും നിങ്ങൾ ഇതിനാൽ അറിയും. സർവസാധാരണമായ മരണവും അനുഭവങ്ങളുമാണ് ഉണ്ടാകുന്നതെങ്കിൽ സർവേശ്വരൻ എന്നെ അയച്ചിട്ടില്ല. എന്നാൽ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളർന്ന് അവരെയും അവർക്കുള്ളവയെയും വിഴുങ്ങുകയും അവർ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താൽ, ഈ മനുഷ്യർ സർവേശ്വരനെ നിന്ദിച്ചു എന്നു നിങ്ങൾ മനസ്സിലാക്കും.” മോശ ഈ വാക്കുകൾ പറഞ്ഞു തീർന്നപ്പോഴേക്കും അവർ നിന്നിരുന്ന സ്ഥലം പിളർന്നു. ഭൂമി വായ് പിളർന്നു കോരഹിനെയും അവന്റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സർവസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു. അവരും ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തിൽ പതിച്ചു; ഭൂമി അവരെ മൂടി; അങ്ങനെ അവർ ഇസ്രായേലിൽനിന്നു നീക്കപ്പെട്ടു. അവരുടെ കരച്ചിൽ കേട്ടപ്പോൾ “ഭൂമി തങ്ങളെയും വിഴുങ്ങിക്കളയും” എന്നു പറഞ്ഞു ചുറ്റും നിന്ന ഇസ്രായേല്യർ ഓടി അകന്നു. സർവേശ്വരനിൽനിന്ന് അഗ്നി പുറപ്പെട്ടു ധൂപാർപ്പണം നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചുകളഞ്ഞു.
സംഖ്യാപുസ്തകം 16:26-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്ത് വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും അവരവരുടെ കൂടാരവാതില്ക്കൽനിന്നു. അപ്പോൾ മോശെ പറഞ്ഞത്: “ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന് യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കുകയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്ക് ഭവിക്കുകയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.” അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോട് ചേർന്ന എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെ മേൽ അടയുകയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കുകയും ചെയ്തു. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ എല്ലാവരും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്നു പറഞ്ഞ് ഓടിപ്പോയി. അപ്പോൾ യഹോവയിങ്കൽനിന്ന് തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
സംഖ്യാപുസ്തകം 16:26-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു. അപ്പോൾ മോശെ പറഞ്ഞതു: ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. ഭൂമി വായ് തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഓടിപ്പോയി. അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
സംഖ്യാപുസ്തകം 16:26-35 സമകാലിക മലയാളവിവർത്തനം (MCV)
ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.” അങ്ങനെ അവർ കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളിൽനിന്ന് അകന്നുമാറി. ദാഥാനും അബീരാമും വെളിയിൽവന്ന് അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടെ അവരുടെ കൂടാരങ്ങളുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു. ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും: എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.” മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി. ഭൂമി വായ്പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി. അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി. യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു.