സംഖ്യാപുസ്തകം 16:1-50

സംഖ്യാപുസ്തകം 16:1-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു. അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മധ്യേ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത് എന്ത്? എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മോശെ കവിണ്ണു വീണു. അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞത്: നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോട് അടുക്കുമാറാക്കും. കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്‍വിൻ: ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻതന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി! പിന്നെ മോശെ കോരഹിനോടു പറഞ്ഞത്: ലേവിപുത്രന്മാരേ, കേൾപ്പിൻ. യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്‍വാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിനു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേർതിരിച്ചതു നിങ്ങൾക്കു പോരായോ? അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ? ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാരൊക്കെയും യഹോവയ്ക്കു വിരോധമായി കൂട്ടം കൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരേ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളൂ? പിന്നെ മോശെ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാൻ ആളയച്ചു; അതിന് അവർ: ഞങ്ങൾ വരികയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ? അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു. അപ്പോൾ മോശെ ഏറ്റവും കോപിച്ച് അവൻ യഹോവയോട്: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു. മോശെ കോരഹിനോട്: നീയും നിന്റെ എല്ലാ കൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനുംകൂടെ തന്നെ. നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗം ഇട്ട് ഓരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനുംകൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു. അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ട് അതിൽ ധൂപവർഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്നു. കോരഹ് അവർക്കു വിരോധമായി സർവസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി. യഹോവ മോശെയോടും അഹരോനോടും: ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു. അപ്പോൾ അവർ കവിണ്ണുവീണു: സകല ജനത്തിന്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിനു നീ സർവസഭയോടും കോപിക്കുമോ എന്നു പറഞ്ഞു. അതിനു യഹോവ മോശെയോട്: കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു. മോശെ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു. അവൻ സഭയോട്: ഈ ദുഷ്ടമനുഷ്യരുടെ സകല പാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത് എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽ നിന്നു. അപ്പോൾ മോശെ പറഞ്ഞത്: ഈ സകല പ്രവൃത്തികളും ചെയ്യേണ്ടതിനു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: സകല മനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകല മനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവകാര്യം പ്രവർത്തിക്കയും ഭൂമി വായ്പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. അവൻ ഈ വാക്കുകളെല്ലാം പറഞ്ഞുതീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യരൊക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ എന്നു പറഞ്ഞ് ഓടിപ്പോയി. അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചു. യഹോവ മോശെയോട് അരുളിച്ചെയ്തത്: പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോട് അവൻ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങൾ എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക; പാപം ചെയ്തു തങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിവാൻ അടിച്ചു തകിടാക്കേണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്ക് അത് ഒരു അടയാളമായിരിക്കട്ടെ. വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്ത് അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന് യിസ്രായേൽമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെതന്നെ. പിറ്റന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിയപ്പോൾ അവർ സമാഗമനകൂടാരത്തിന്റെ നേരേ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. യഹോവ മോശെയോട്: ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. മോശെ അഹരോനോട്: നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗവും ഇട്ടു വേഗത്തിൽ സഭയുടെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തി എഴുനൂറു പേർ ആയിരുന്നു. പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.

സംഖ്യാപുസ്തകം 16:1-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ലേവിഗോത്രത്തിലെ കെഹാത്ത്കുലത്തിലുള്ള ഇസ്ഹാരിന്റെ പുത്രനായ കോരഹും, രൂബേൻഗോത്രത്തിലെ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം എന്നിവരും പേലെത്തിന്റെ പുത്രനായ ഓനും മോശയെ എതിർത്തു. അവരോടൊപ്പം ഇസ്രായേൽജനത്തിന്റെ സഭയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതു നേതാക്കന്മാരും ഉണ്ടായിരുന്നു. അവർ മോശയ്‍ക്കും അഹരോനും എതിരായി ഒരുമിച്ചുകൂടി പറഞ്ഞു: “നിങ്ങൾ നിലവിട്ടു പ്രവർത്തിക്കുന്നു; ഈ സമൂഹത്തിലുള്ളവരെല്ലാം വിശുദ്ധരാണ്; സർവേശ്വരൻ അവരുടെ ഇടയിലുണ്ട്; അങ്ങനെയെങ്കിൽ സർവേശ്വരന്റെ ജനത്തെക്കാൾ ഉയർന്നവരെന്നു നിങ്ങൾ ഭാവിക്കുന്നതെന്ത്?” ഇതു കേട്ടപ്പോൾ മോശ കവിണ്ണു വീണു; കോരഹിനോടും കൂട്ടരോടും പറഞ്ഞു: “അവിടുത്തേക്കുള്ളവൻ ആരെന്നും വിശുദ്ധൻ ആരെന്നും സർവേശ്വരൻ നാളെ രാവിലെ കാണിച്ചുതരും; അവിടുന്നു തിരഞ്ഞെടുക്കുന്നവരെ തന്റെ അടുത്തു ചെല്ലാൻ അവിടുന്ന് അനുവദിക്കും. കോരഹും കൂട്ടരും നാളെ അവിടുത്തെ മുമ്പിൽ വന്നു ധൂപകലശങ്ങളിൽ തീക്കനൽ നിറച്ചു കുന്തുരുക്കം ഇടട്ടെ; സർവേശ്വരൻ തിരഞ്ഞെടുക്കുന്ന ആളായിരിക്കും വിശുദ്ധൻ; ലേവിപുത്രന്മാരേ, നിങ്ങൾ നിലവിട്ടു പെരുമാറുന്നു.” മോശ കോരഹിനോടു പറഞ്ഞു: “ലേവിപുത്രന്മാരേ, കേൾക്കുക; തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പിൽ നില്‌ക്കുന്നതിനുമായി ഇസ്രായേലിന്റെ മുഴുവൻ സമൂഹത്തിൽനിന്നുമായി സർവേശ്വരൻ നിങ്ങളെ വേർതിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? അവിടുന്നു നിന്നെയും ലേവിപുത്രന്മാരായ നിന്റെ സഹോദരന്മാരെയുമെല്ലാം തന്റെ അടുക്കലേക്ക് അടുപ്പിച്ചു. നിങ്ങൾ പൗരോഹിത്യംകൂടി ആഗ്രഹിക്കുകയാണോ? നീയും നിന്റെ കൂട്ടരും സർവേശ്വരനെതിരായിട്ടാണ് ഒന്നിച്ചുകൂടിയിരിക്കുന്നത്. അഹരോനെതിരായി പിറുപിറുക്കാൻ അവൻ ആരാണ്?” മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു; “ഞങ്ങൾ വരികയില്ല എന്ന് അവർ മറുപടി പറഞ്ഞു. പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് ഈ മരുഭൂമിയിലേക്കു ഞങ്ങളെ കൊല്ലാൻ കൊണ്ടുവന്നതു കൂടാതെ നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുവാൻ ശ്രമിക്കുന്നു; ഇത് ഒരു ചെറിയ കാര്യമാണോ? മാത്രമല്ല പാലും തേനും ഒഴുകുന്ന ദേശത്തേക്കു നീ ഞങ്ങളെ എത്തിച്ചതുമില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി നല്‌കിയതുമില്ല. ഈയുള്ളവരെ അന്ധരാക്കാമെന്നാണോ നീ കരുതുന്നത്. ഞങ്ങൾ വരികയില്ല.” അപ്പോൾ മോശ ഏറ്റവും കോപിഷ്ഠനായി. അയാൾ സർവേശ്വരനോട് അപേക്ഷിച്ചു:” “അങ്ങ് അവരുടെ വഴിപാട് സ്വീകരിക്കരുതേ; ഞാൻ അവരുടെ കൈയിൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ആരെയും ഞാൻ ഉപദ്രവിച്ചിട്ടുമില്ല.” മോശ കോരഹിനോടു പറഞ്ഞു: “നീയും, നിന്റെ കൂട്ടരും നാളെ സർവേശ്വരസന്നിധിയിൽ വരണം. അഹരോനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ആ ഇരുനൂറ്റമ്പതു പേരും അവരവരുടെ ധൂപകലശത്തിൽ കുന്തുരുക്കമിട്ടു സർവേശ്വരസന്നിധിയിൽ വരണം. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങളുമായി വരണം.” അവർ ഓരോരുത്തനും അവനവന്റെ ധൂപകലശമെടുത്ത് അതിൽ തീക്കനലും കുന്തുരുക്കവും ഇട്ടു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയോടും അഹരോനോടുമൊത്തു നിന്നു. മോശയ്‍ക്കും അഹരോനും എതിരായി സഭ മുഴുവനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കോരഹ് കൂട്ടിവരുത്തി. അപ്പോൾ അവിടുത്തെ തേജസ്സ് സഭ മുഴുവനും പ്രത്യക്ഷമായി. സർവേശ്വരൻ മോശയോടും അഹരോനോടും പറഞ്ഞു: “ജനത്തിന്റെ ഇടയിൽനിന്നു മാറി നില്‌ക്കുക; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും.” എന്നാൽ മോശയും അഹരോനും താണു വണങ്ങി പറഞ്ഞു: ദൈവമേ, എല്ലാ ജീവികളുടെയും ചൈതന്യമായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്താൽ സമൂഹത്തോടു മുഴുവൻ അവിടുന്നു കോപിക്കുമോ?” സർവേശ്വരൻ മോശയോടു പറഞ്ഞു: “കോരഹ്, ദാഥാൻ, അബീരാം ഇവരുടെ കൂടാരങ്ങളിൽനിന്ന് അകന്നുമാറാൻ ജനത്തോടു പറയുക.” മോശ ദാഥാന്റെയും അബീരാമിന്റെയും അടുക്കലേക്കു പോയി. ഇസ്രായേലിലെ ജനനേതാക്കന്മാർ അദ്ദേഹത്തെ അനുഗമിച്ചു. മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങൾ നിമിത്തം നിങ്ങൾ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാൻ അവരുടെ കൂടാരങ്ങളിൽനിന്നു മാറി നില്‌ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങൾ സ്പർശിക്കരുത്.” കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്നു ജനം ഒഴിഞ്ഞുമാറി. ദാഥാനും അബീരാമും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ തങ്ങളുടെ വാതില്‌ക്കൽ വന്നുനിന്നു. മോശ ജനത്തോടു പറഞ്ഞു: “ഈ പ്രവൃത്തികൾ ചെയ്യാൻ സർവേശ്വരനാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്നും അവ സ്വന്ത ഇഷ്ടപ്രകാരമല്ല ഞാൻ ചെയ്യുന്നതെന്നും നിങ്ങൾ ഇതിനാൽ അറിയും. സർവസാധാരണമായ മരണവും അനുഭവങ്ങളുമാണ് ഉണ്ടാകുന്നതെങ്കിൽ സർവേശ്വരൻ എന്നെ അയച്ചിട്ടില്ല. എന്നാൽ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളർന്ന് അവരെയും അവർക്കുള്ളവയെയും വിഴുങ്ങുകയും അവർ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താൽ, ഈ മനുഷ്യർ സർവേശ്വരനെ നിന്ദിച്ചു എന്നു നിങ്ങൾ മനസ്സിലാക്കും.” മോശ ഈ വാക്കുകൾ പറഞ്ഞു തീർന്നപ്പോഴേക്കും അവർ നിന്നിരുന്ന സ്ഥലം പിളർന്നു. ഭൂമി വായ് പിളർന്നു കോരഹിനെയും അവന്റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സർവസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു. അവരും ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തിൽ പതിച്ചു; ഭൂമി അവരെ മൂടി; അങ്ങനെ അവർ ഇസ്രായേലിൽനിന്നു നീക്കപ്പെട്ടു. അവരുടെ കരച്ചിൽ കേട്ടപ്പോൾ “ഭൂമി തങ്ങളെയും വിഴുങ്ങിക്കളയും” എന്നു പറഞ്ഞു ചുറ്റും നിന്ന ഇസ്രായേല്യർ ഓടി അകന്നു. സർവേശ്വരനിൽനിന്ന് അഗ്നി പുറപ്പെട്ടു ധൂപാർപ്പണം നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചുകളഞ്ഞു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എരിതീയിൽനിന്നു ധൂപകലശങ്ങൾ ശേഖരിക്കാൻ അഹരോന്റെ പുത്രനായ എലെയാസാരിനോടു പറയുക. അവയിലെ കനൽ ദൂരെ കളയണം. കലശങ്ങൾ വിശുദ്ധമാണല്ലോ. തങ്ങളുടെ പാപങ്ങൾക്കുവേണ്ടി ജീവൻ വിലയായി നല്‌കിയ ഇവരുടെ ധൂപകലശങ്ങൾ ശേഖരിച്ച് അടിച്ചു തകിടുകളാക്കി യാഗപീഠം മൂടുന്നതിന് ഉപയോഗിക്കാം; അവ സർവേശ്വരസന്നിധിയിൽ സമർപ്പിച്ചവയായതുകൊണ്ടു വിശുദ്ധമാണ്; അവ ഇസ്രായേൽജനത്തിന് ഒരു അടയാളമായിരിക്കട്ടെ. തീയിൽ വെന്തുപോയവർ അർപ്പിച്ച ഓട്ടുധൂപകലശങ്ങൾ പുരോഹിതനായ എലെയാസാർ ശേഖരിച്ചു; യാഗപീഠം മൂടത്തക്കവിധം അവ അടിച്ചുപരത്തി തകിടാക്കി. അഹരോന്റെ വംശപരമ്പരയിൽ പെടാത്തവനും പുരോഹിതനല്ലാത്തവനും സർവേശ്വരസന്നിധിയിൽ പ്രവേശിച്ചു ധൂപാർപ്പണം നടത്തിയാൽ കോരഹിനും അവന്റെ കൂട്ടർക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്റെ പ്രതീകമായി അവ ഇസ്രായേൽജനത്തിന്റെ മുമ്പിൽ ഇരിക്കട്ടെ.” സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാർ ചെയ്തു. പിറ്റെദിവസം ഇസ്രായേൽജനം മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: “നിങ്ങൾ സർവേശ്വരന്റെ ജനങ്ങളെ കൊന്നുകളഞ്ഞു.” അവർ മോശയ്‍ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ അടുക്കലേക്കു നീങ്ങി. അപ്പോൾ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സർവേശ്വരന്റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവർ കണ്ടു. മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ ചെന്നു നിന്നു. അപ്പോൾ സർവേശ്വരൻ മോശയോട്: “ഈ ജനത്തിന്റെ ഇടയിൽനിന്നു മാറി നില്‌ക്കുക; ക്ഷണത്തിൽ ഞാൻ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോൾ അവർ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു: “യാഗപീഠത്തിലെ തീക്കനൽ നിറച്ച ധൂപകലശം നീ എടുത്ത് അതിൽ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്റെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സർവേശ്വരനിൽനിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.” മോശ പറഞ്ഞതുപോലെ അഹരോൻ ജനത്തിന്റെ ഇടയിലേക്ക് ഓടി; ബാധ അവരുടെ ഇടയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു; അഹരോൻ ധൂപാർപ്പണം നടത്തി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോൻ നിന്നപ്പോൾ ബാധ ശമിച്ചു. കോരഹ് നിമിത്തമായി മരിച്ചവർക്കു പുറമേ പതിനാലായിരത്തി എഴുനൂറു പേർ ബാധകൊണ്ടു മരിച്ചു. ബാധ ശമിച്ചപ്പോൾ അഹരോൻ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയുടെ അടുത്തു തിരികെ ചെന്നു.

സംഖ്യാപുസ്തകം 16:1-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്‍റെ മകനായ യിസ്ഹാരിന്‍റെ മകൻ കോരഹ്, രൂബേൻ ഗോത്രത്തിൽ എലീയാബിന്‍റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിൻ്റെ മകനായ ഓൻ എന്നിവർ യിസ്രായേൽ മക്കളിൽ സഭാപ്രധാനികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രമാണികളുമായ ഇരുനൂറ്റമ്പത് പുരുഷന്മാരെ കൂട്ടി മോശെയോട് മത്സരിച്ചു. അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: “മതി, മതി; സഭയിൽ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭയ്ക്ക് മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത് എന്ത്?” എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ മോശെ കമിഴ്ന്നുവീണു. അവൻ കോരഹിനോടും എല്ലാ കൂട്ടരോടും പറഞ്ഞത്: “നാളെ രാവിലെ യഹോവ അവിടുത്തേക്കുള്ളവർ ആരെന്നും തിരുസന്നിധിയോട് അടുക്കുവാൻ യോഗ്യതയുള്ള വിശുദ്ധൻ ആരെന്നും കാണിക്കും; അവിടുന്ന് തിരഞ്ഞെടുക്കുന്നവനെ അവിടുത്തോട് അടുക്കുമാറാക്കും. കോരഹും അവന്‍റെ എല്ലാ കൂട്ടരുമായുള്ളവരേ, ഇതു ചെയ്യുവിൻ: നാളെ യഹോവയുടെ സന്നിധിയിൽ ധൂപകലശം എടുത്ത് അതിൽ തീയിട്ട് ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി!” പിന്നെ മോശെ കോരഹിനോട് പറഞ്ഞത്: “ലേവിപുത്രന്മാരേ, കേൾക്കുവിൻ. യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുവാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്ക്കുവാനും യിസ്രായേലിന്‍റെ ദൈവം നിങ്ങളെ തന്‍റെ അടുക്കൽ വരുത്തേണ്ടതിന് യിസ്രായേൽസഭയിൽനിന്ന് നിങ്ങളെ വേറുതിരിച്ചത് നിങ്ങൾക്ക് പോരായോ? അവിടുന്ന് നിന്നെയും ലേവിപുത്രന്മാരായ നിന്‍റെ സകലസഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ? ഇത് കാരണം നീയും നിന്‍റെ കൂട്ടരെല്ലാവരും യഹോവയ്ക്ക് വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്‍റെ നേരെ പിറുപിറുക്കുവാൻ തക്കവണ്ണം അവൻ എന്തുള്ളു?” പിന്നെ മോശെ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കുവാൻ ആളയച്ച്; അതിന് അവർ: “ഞങ്ങൾ വരുകയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് കൊണ്ടുവന്നത് കൂടാതെ നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ? അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടുവരുകയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരുകയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണ് ചുഴന്നെടുക്കുമോ? ഞങ്ങൾ വരുകയില്ല” എന്നു പറഞ്ഞു. അപ്പോൾ മോശെ ഏറ്റവും കോപിച്ചു. അവൻ യഹോവയോട്: “അവരുടെ വഴിപാട് കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷവും ചെയ്തിട്ടുമില്ല” എന്നു പറഞ്ഞു. മോശെ കോരഹിനോട്: “നീയും നിന്‍റെ അനുയായികളായ ഇരുന്നൂറ്റമ്പതുപേരും (250) നാളെ യഹോവയുടെ സന്നിധിയിൽ വരേണം; അഹരോനും അവിടെ ഉണ്ടായിരിക്കും. നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗ്ഗം ഇട്ടു ഒരോരുത്തനും ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടി അവനവന്‍റെ ധൂപകലശവുമായി വരേണം” എന്നു പറഞ്ഞു. അങ്ങനെ അവർ ഓരോരുത്തൻ അവനവന്‍റെ ധൂപകലശം എടുത്ത് തീയിട്ട് അതിൽ ധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിന്നു. കോരഹ് അവർക്ക് വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവ്വസഭയ്ക്കും പ്രത്യക്ഷമായി. യഹോവ മോശെയോടും അഹരോനോടും: “ഈ സഭയുടെ മദ്ധ്യത്തിൽനിന്ന് മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നു കല്പിച്ചു. അപ്പോൾ അവർ കമിഴ്ന്നുവീണു: “സകലജനത്തിൻ്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സർവ്വസഭയോടും കോപിക്കുമോ” എന്നു പറഞ്ഞു. അതിന് യഹോവ മോശെയോട്: “കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിക്കൊള്ളുവിൻ എന്നു സഭയോട് പറയുക” എന്നു കല്പിച്ചു. മോശെ എഴുന്നേറ്റ് ദാഥാൻ്റെയും അബീരാമിൻ്റെയും അടുക്കൽ ചെന്നു; യിസ്രായേൽ മൂപ്പന്മാരും അവന്‍റെ പിന്നാലെ ചെന്നു. അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്ത് വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും അവരവരുടെ കൂടാരവാതില്ക്കൽനിന്നു. അപ്പോൾ മോശെ പറഞ്ഞത്: “ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന് യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കുകയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്ക് ഭവിക്കുകയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.” അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോട് ചേർന്ന എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെ മേൽ അടയുകയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കുകയും ചെയ്തു. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ എല്ലാവരും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്നു പറഞ്ഞ് ഓടിപ്പോയി. അപ്പോൾ യഹോവയിങ്കൽനിന്ന് തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു. യഹോവ മോശെയോട് അരുളിച്ചെയ്തത്: “എരിതീയുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുക്കുവാൻ പുരോഹിതനായ അഹരോന്‍റെ മകൻ എലെയാസാരിനോട് പറയുക; അവ വിശുദ്ധമാകുന്നു; തീ തട്ടിക്കളയുകയും ചെയ്യുക; പാപംചെയ്ത് അവർക്ക് ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിയുവാൻ അടിച്ച് തകിടാക്കേണം; അത് യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽ മക്കൾക്ക് അത് ഒരു അടയാളമായിരിക്കട്ടെ.” വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്ത്, അഹരോന്‍റെ സന്തതിയിൽപെട്ടവരല്ലാത്ത ആരും യഹോവയുടെ സന്നിധിയിൽ ധൂപം കാണിക്കുവാൻ അടുത്തുവന്ന്, കോരഹിനെയും അവന്‍റെ കൂട്ടുകാരെയുംപോലെ ആകാതിരിക്കുവാൻ, യിസ്രായേൽ മക്കൾക്ക് സ്മാരകമായി അവ യാഗപീഠം പൊതിയുവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നെ. പിറ്റെന്നാൾ യിസ്രായേൽ മക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു” എന്നു പറഞ്ഞു. ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിവന്ന് സമാഗമനകൂടാരത്തിന്‍റെ നേരെ നോക്കിയപ്പോൾ, മേഘം അതിനെ മൂടിയതായും യഹോവയുടെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും കണ്ടു. അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ ചെന്നു. യഹോവ മോശെയോട്: “ഈ സഭയുടെ മദ്ധ്യത്തിൽനിന്ന് മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നരുളിച്ചെയ്തു. അപ്പോൾ അവർ കമിഴ്ന്നുവീണു. മോശെ അഹരോനോട്: “നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീയും ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു. മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്ത് സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്‍റെ ഇടയിൽ തുടങ്ങിയിരിക്കുന്നത് കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച്, മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. കോരഹിന്‍റെ നിമിത്തം മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിനാലായിരത്തിഎഴുനൂറു (14,700) പേർ ആയിരുന്നു പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു; അങ്ങനെ ബാധ നിന്നുപോയി.

സംഖ്യാപുസ്തകം 16:1-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു. അവൻ മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു? എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു. അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതു: നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും. കോരഹും അവന്റെ എല്ലാകൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്‌വിൻ: ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നേ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി! പിന്നെ മോശെ കോരഹിനോടു പറഞ്ഞതു: ലേവിപുത്രന്മാരേ, കേൾപ്പിൻ. യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‌വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ? അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകലസഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ? ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാർ ഒക്കെയും യഹോവെക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളു? പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാൻ ആളയച്ചു; അതിന്നു അവർ: ഞങ്ങൾ വരികയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങൾക്കു അധിപതിയും ആക്കുന്നുവോ? അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു. അപ്പോൾ മോശെ ഏറ്റവും കോപിച്ചു. അവൻ യഹോവയോടു: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു. മോശെ കോരഹിനോടു: നീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ. നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു അവയിൽ ധൂപവർഗ്ഗം ഇട്ടു ഒരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു. അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതിൽ ധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്നു. കോരഹ് അവർക്കു വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സു സർവ്വസഭെക്കും പ്രത്യക്ഷമായി. യഹോവ മോശെയോടും അഹരോനോടും: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു. അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമൊ എന്നു പറഞ്ഞു. അതിന്നു യഹോവ മോശെയോടു: കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു. മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു. അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു. അപ്പോൾ മോശെ പറഞ്ഞതു: ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. ഭൂമി വായ് തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഓടിപ്പോയി. അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു. യഹോവ മോശെയോടു അരുളിച്ചെയ്തതു: പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടു അവൻ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങൾ എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക; പാപം ചെയ്തു തങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിവാൻ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്കു അതു ഒരു അടയാളമായിരിക്കട്ടെ. വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്തു അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതു പോലെതന്നേ. പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോൾ അവർ സമാഗമനകൂടാരത്തിന്റെ നേരെ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്കു ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തെഴുനൂറുപേർ ആയിരുന്നു പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.

സംഖ്യാപുസ്തകം 16:1-50 സമകാലിക മലയാളവിവർത്തനം (MCV)

ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹും രൂബേന്യരിൽ ചിലരും—എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും പേലെത്തിന്റെ മകൻ ഓനും—ധിക്കാരികളായി മോശയ്ക്കു വിരോധമായി എഴുന്നേറ്റു. അവരോടൊപ്പം ഇസ്രായേലിലെ ഇരുനൂറ്റി അൻപത് സഭാനായകന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും സഭയിലെ പ്രധാന അംഗങ്ങളും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ ഒരു സംഘമായി അവർ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ വളരെ അതിരുകടക്കുന്നു! സർവസഭയും അവരിൽ ഓരോരുത്തരും യഹോവയ്ക്കു വിശുദ്ധരാണ്. അവിടന്ന് അവരോടുകൂടെയുണ്ട്. പിന്നെ യഹോവയുടെ സർവസഭയ്ക്കും മീതേ നിങ്ങൾ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്ത്?” ആ സംഘം പറയുന്നത് മോശ കേട്ടപ്പോൾ അദ്ദേഹം കമിഴ്ന്നുവീണു. ഇതിനുശേഷം മോശ കോരഹിനോടും അയാളുടെ അനുയായികളോടും പറഞ്ഞു: “പ്രഭാതത്തിൽ യഹോവ, അവിടത്തേക്കുള്ളവർ ആരെന്നും വിശുദ്ധൻ ആരെന്നും കാണിക്കും; അവിടന്ന് ആ വ്യക്തിയെ തന്റെ അടുക്കൽ വരുമാറാക്കും. അവിടന്ന് തെരഞ്ഞെടുക്കുന്ന പുരുഷനെ തന്റെ അടുക്കൽ വരുമാറാക്കും. കോരഹേ, നീയും നിന്റെ സകല അനുയായികളും ഇതു ചെയ്യുക: ധൂപകലശങ്ങൾ എടുത്ത് നാളെ യഹോവയുടെമുമ്പാകെ അതിൽ തീ കത്തിച്ച് സുഗന്ധദ്രവ്യങ്ങൾ ഇടുക. യഹോവ തെരഞ്ഞെടുക്കുന്ന പുരുഷനായിരിക്കും വിശുദ്ധൻ. ലേവ്യരേ, നിങ്ങൾ വളരെ അതിരുകടക്കുന്നു!” കോരഹിനോടു മോശ വീണ്ടും പറഞ്ഞു: “ലേവ്യരേ, നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുക! ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ? അവിടന്ന് നിന്നെയും ലേവ്യരായ നിന്റെ സകലസഹോദരന്മാരെയും അവിടത്തെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പൗരോഹിത്യംകൂടെ എടുക്കാൻ ശ്രമിക്കുന്നു. നീയും നിന്റെ സകല അനുയായികളും സംഘം ചേർന്നിരിക്കുന്നത് യഹോവയ്ക്കു വിരോധമായിട്ടാണ്. നിങ്ങൾ അഹരോനെതിരേ പിറുപിറുക്കേണ്ടതിന് അദ്ദേഹം എന്തുള്ളൂ?” ഇതിനുശേഷം മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു. എന്നാൽ അവർ, “ഞങ്ങൾ വരികയില്ല!” എന്നു പറഞ്ഞു. അവർ തുടർന്നു, “മരുഭൂമിയിൽ ഞങ്ങളെ കൊല്ലേണ്ടതിന് പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് നീ ഞങ്ങളെ കൊണ്ടുവന്നതു പോരേ? ഇപ്പോൾ ഞങ്ങളുടെമേൽ കർത്തൃത്വം നടത്താനും നീ ആഗ്രഹിക്കുന്നോ! അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തു കൊണ്ടുവരികയോ വയലുകളോ മുന്തിരിത്തോപ്പുകളോ അവകാശമായിത്തരികയോ ചെയ്തതുമില്ല. നീ ഈ പുരുഷന്മാരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണോ? ഇല്ല, ഞങ്ങൾ വരികയില്ല!” അപ്പോൾ മോശ അത്യന്തം കോപിച്ചു. അദ്ദേഹം യഹോവയോട്, “അവരുടെ വഴിപാട് അംഗീകരിക്കരുതേ. ഒരു കഴുതയെപ്പോലും ഞാൻ അവരിൽനിന്ന് എടുത്തിട്ടില്ല. അവരിലാരോടും ഞാൻ ഒരുതെറ്റും ചെയ്തിട്ടുമില്ല” എന്നു പറഞ്ഞു. മോശ കോരഹിനോട് പറഞ്ഞു: “നാളെ നീയും നിന്റെ സകല അനുയായികളും യഹോവയുടെമുമ്പാകെ വരണം—നീയും അവരും അഹരോനുംതന്നെ. നിങ്ങൾ ഓരോരുത്തരും അവരവരുടെ ധൂപകലശമെടുത്ത് അതിൽ സുഗന്ധവർഗം ഇട്ട് യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം—ആകെ ഇരുനൂറ്റി അൻപത് ധൂപകലശങ്ങൾ. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങൾ കൊണ്ടുവരണം.” അങ്ങനെ സകലപുരുഷന്മാരും അവരവരുടെ ധൂപകലശമെടുത്ത് തീ കത്തിച്ച് സുഗന്ധവർഗം ഇട്ട് മോശയോടും അഹരോനോടുംകൂടെ സമാഗമകൂടാരവാതിൽക്കൽ നിന്നു. ഇതിനിടയിൽ കോരഹ്, മോശയ്ക്കും അഹരോനും എതിരേ ഇസ്രായേൽസഭയെ മുഴുവനും ഇളക്കിവിട്ട്, അവരെ സമാഗമകൂടാരവാതിൽക്കൽ കൂട്ടി. അപ്പോൾ, യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി. യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇപ്പോൾത്തന്നെ ഞാൻ ഇവരെ സംഹരിക്കേണ്ടതിന് ഈ സംഘത്തിന്റെയടുത്തുനിന്നു നിങ്ങൾ ഉടൻതന്നെ മാറുക.” എന്നാൽ മോശയും അഹരോനും സാഷ്ടാംഗം വീണു നിലവിളിച്ചു: “ദൈവമേ, സകലമനുഷ്യരുടെയും ആത്മാക്കളുടെ ദൈവമായുള്ളോവേ, ഒരാൾ പാപംചെയ്താൽ അവിടന്ന് മുഴുസഭയോടും കോപിക്കുമോ?” അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ ‘കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്ന് മാറിനിൽക്കാൻ,’ സഭയോടു പറയുക.” മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കുപോയി. ഇസ്രായേല്യ ഗോത്രത്തലവന്മാർ അദ്ദേഹത്തെ അനുഗമിച്ചു. ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.” അങ്ങനെ അവർ കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളിൽനിന്ന് അകന്നുമാറി. ദാഥാനും അബീരാമും വെളിയിൽവന്ന് അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടെ അവരുടെ കൂടാരങ്ങളുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു. ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും: എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.” മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി. ഭൂമി വായ്‌പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി. അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി. യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു. ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടു പറയുക, എരിഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുത്ത് കനൽ ദൂരെക്കളയുക. കാരണം ധൂപകലശങ്ങൾ വിശുദ്ധമാണ്. പാപംചെയ്തു സ്വന്തപ്രാണൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ ധൂപകലശങ്ങൾ, യാഗപീഠം പൊതിയുന്നതിന് തകിടുകളായി അടിച്ചുപരത്തുക. അവ യഹോവയുടെമുമ്പിൽ അർപ്പിക്കപ്പെട്ടതിനാൽ വിശുദ്ധമാണ്. അത് ഇസ്രായേല്യർക്ക് ഒരു ചിഹ്നമായിരിക്കട്ടെ.” അങ്ങനെ പുരോഹിതനായ എലെയാസാർ, അഗ്നിക്കിരയായവർ കൊണ്ടുവന്നിരുന്ന വെങ്കലംകൊണ്ടുള്ള ധൂപകലശങ്ങൾ ശേഖരിച്ച് യാഗപീഠം പൊതിയേണ്ടതിനായി അടിച്ചുപരത്തി; യഹോവ മോശമുഖാന്തരം അദ്ദേഹത്തോടു നിർദേശിച്ചതുപോലെതന്നെ. കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്. അടുത്തദിവസം ഇസ്രായേൽസമൂഹം മുഴുവനും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നു” എന്ന് അവർ പറഞ്ഞു. എന്നാൽ സഭ മോശയ്ക്കും അഹരോനും എതിരായി സംഘടിച്ച് സമാഗമകൂടാരത്തിലേക്കടുത്തു. അപ്പോൾത്തന്നെ മേഘം അതിനെ മൂടിയിട്ട് യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി. അപ്പോൾ മോശയും അഹരോനും സമാഗമകൂടാരത്തിന്റെ മുമ്പിലേക്കു ചെന്നു. യഹോവ മോശയോട് അരുളിച്ചെയ്തു: “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു. ഇതിനുശേഷം മോശ അഹരോനോടു പറഞ്ഞു: “നിന്റെ ധൂപകലശമെടുത്ത് യാഗപീഠത്തിലെ അഗ്നിയോടുകൂടെ അതിൽ സുഗന്ധവർഗം ഇട്ട്, അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വേഗത്തിൽ സഭയിലേക്കു ചെല്ലുക. യഹോവയിൽനിന്ന് കോപം പുറപ്പെട്ടിരിക്കുന്നു; ബാധ തുടങ്ങിക്കഴിഞ്ഞു.” ആകയാൽ അഹരോൻ മോശ പറഞ്ഞതുപോലെ ചെയ്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. ജനത്തിന്റെ ഇടയിൽ ബാധ തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അഹരോൻ ധൂപം അർപ്പിച്ച് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു. അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു. എങ്കിലും കോരഹ് നിമിത്തം മരിച്ചവരെക്കൂടാതെ 14,700 ആളുകൾ ബാധയാൽ മരിച്ചു. ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.