സംഖ്യാപുസ്തകം 15:1-4
സംഖ്യാപുസ്തകം 15:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ട് ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവയ്ക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവയ്ക്കു സൗരഭ്യവാസനയാകുമാറ് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ യഹോവയ്ക്കു വഴിപാടു കഴിക്കുന്നവൻ കാൽ ഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.
സംഖ്യാപുസ്തകം 15:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക, ഞാൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു പാർക്കാൻ ചെല്ലുമ്പോൾ, അനുസരിക്കേണ്ട നിയമങ്ങൾ ഇവയാണ്. നിങ്ങളുടെ നേർച്ച പൂർത്തീകരിക്കുന്നതിനോ, സ്വമേധാദാനം അർപ്പിക്കുന്നതിനോ, നിങ്ങളുടെ ഉത്സവദിവസങ്ങളിലെ വഴിപാട് അർപ്പിക്കുന്നതിനോ, ഒരു ഹോമയാഗമോ മറ്റു യാഗങ്ങളോ കഴിക്കുന്നെങ്കിൽ നിങ്ങളുടെ കന്നുകാലിക്കൂട്ടത്തിൽനിന്നോ, ആട്ടിൻപറ്റത്തിൽനിന്നോ ഒരു മൃഗത്തെ അർപ്പിക്കാം; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. ഈ വഴിപാട് അർപ്പിക്കുന്നതോടൊപ്പം ഒരു ഇടങ്ങഴി നേരിയ മാവു കാൽ ഹീൻ എണ്ണ ചേർത്ത് ധാന്യയാഗമായി അർപ്പിക്കേണ്ടതാണ്.
സംഖ്യാപുസ്തകം 15:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘ഞാൻ നിങ്ങൾക്ക് തരുന്ന നിങ്ങളുടെ നിവാസദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം ഒരു നേർച്ച നിവർത്തിക്കുവാനോ, സ്വമേധാദാനമായോ, നിങ്ങളുടെ ഉത്സവങ്ങളിലോ, മാടിനെയോ ആടിനെയോ ഹോമയാഗമായിട്ടോ ഹനനയാഗമായിട്ടോ യഹോവയ്ക്ക് സൗരഭ്യവാസനയായി ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ, യഹോവയ്ക്ക് വഴിപാട് കഴിക്കുന്നവൻ കാൽ ഹീൻ എണ്ണചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.
സംഖ്യാപുസ്തകം 15:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ടു ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൗരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ യഹോവെക്കു വഴിപാടുകഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
സംഖ്യാപുസ്തകം 15:1-4 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു വസിക്കാൻ നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം, യഹോവയ്ക്കു പ്രസാദമുള്ള ഹൃദ്യസുഗന്ധമായി ആടുമാടുകളുടെ കൂട്ടത്തിൽനിന്ന് ഒരു ദഹനയാഗമോ ഹോമയാഗമോ പ്രത്യേക നേർച്ചകൾക്കുള്ള യാഗമോ സ്വമേധാദാനമോ ഉത്സവവഴിപാടോ അർപ്പിക്കുമ്പോൾ വഴിപാട് കൊണ്ടുവരുന്നയാൾ കാൽ ഹീൻ ഒലിവെണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം യഹോവയ്ക്കു കൊണ്ടുവരണം.