സംഖ്യാപുസ്തകം 14:11-17

സംഖ്യാപുസ്തകം 14:11-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ മോശെയോട്: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു. മോശെ യഹോവയോടു പറഞ്ഞത്: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ. അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മധ്യേ ഉണ്ടെന്ന് അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. നീ ഇപ്പോൾ ഈ ജനത്തെയൊക്കെയും ഒരു ഒറ്റ മനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്കു കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു പറയും. യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെമേൽ സന്ദർശിക്കുന്നവൻ

സംഖ്യാപുസ്തകം 14:11-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എത്രകാലം ഈ ജനം എന്നെ നിന്ദിക്കും? അവരുടെ മധ്യേ ഞാൻ പ്രവർത്തിച്ച അടയാളങ്ങൾ കണ്ടിട്ടും അവർ എത്രകാലം എന്നെ അവിശ്വസിക്കും? ഞാൻ ഒരു മഹാമാരി അയച്ച് അവരെ നശിപ്പിക്കും; എന്നാൽ ഞാൻ നിന്നെ അവരെക്കാൾ വലുതും ശക്തവുമായ ഒരു ജനതയുടെ പിതാവാക്കും.” എന്നാൽ മോശ സർവേശ്വരനോട് ഇങ്ങനെ പറഞ്ഞു: “ഈജിപ്തുകാർ ഇതേക്കുറിച്ചു കേൾക്കും; അവിടുത്തെ ശക്തികൊണ്ടാണല്ലോ ഈ ജനത്തെ അവരുടെ നടുവിൽനിന്നു കൂട്ടിക്കൊണ്ടു വന്നത്? ഈ ദേശത്തു വസിക്കുന്നവരോടും അവർ ഇതു പറയും; സർവേശ്വരാ, അവിടുന്ന് ഈ ജനത്തിന്റെകൂടെ ഉണ്ടെന്നുള്ളത് ഈ ദേശനിവാസികൾ കേട്ടിട്ടുണ്ട്. ഈ ജനം അങ്ങയെയല്ലേ ദർശിക്കുന്നത്? അവിടുത്തെ മേഘം അവരുടെ മുകളിൽ നില്‌ക്കുന്നതും അവിടുന്നു പകൽ മേഘസ്തംഭത്തിലൂടെയും രാത്രിയിൽ അഗ്നിസ്തംഭത്തിലൂടെയും വഴി നടത്തുന്നതും അവർ കണ്ടിട്ടുണ്ട്. അവിടുന്ന് ഈ ജനത്തെയെല്ലാം കേവലം ഒറ്റ മനുഷ്യനെയെന്നപോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിട്ടുള്ള ജനതകൾ, ഇസ്രായേൽജനത്തിന് അവിടുന്നു കൊടുക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ദേശത്തേക്കു കൊണ്ടുപോകാൻ സർവേശ്വരനു കഴിവില്ലാത്തതുകൊണ്ടാണു മരുഭൂമിയിൽവച്ച് അവരെ കൊന്നുകളഞ്ഞത് എന്നു പറയും. സർവേശ്വരാ, അവിടുന്നു ക്ഷമാശീലനും അചഞ്ചലസ്നേഹമുള്ളവനും സകല അപരാധവും അതിക്രമവും പൊറുക്കുന്നവനുമാണല്ലോ. എന്നാൽ കുറ്റവാളികളെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കു മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിൻപ്രകാരം ഇപ്പോൾ അങ്ങയുടെ ശക്തി വെളിപ്പെടുത്തണമേ.

സംഖ്യാപുസ്തകം 14:11-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ മോശെയോട്: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യത്തിൽ ചെയ്തിട്ടുള്ള സകല അടയാളങ്ങളും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ച് സംഹരിച്ചുകളയുകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു. മോശെ യഹോവയോട് പറഞ്ഞത്: “എന്നാൽ മിസ്രയീമ്യർ അത് കേൾക്കും; അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് അങ്ങേയുടെ ശക്തിയാൽ പുറപ്പെടുവിച്ച് കൊണ്ടുവന്നുവല്ലോ. അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ അങ്ങ് ഈ ജനത്തിന്‍റെ മദ്ധ്യത്തിൽ ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായി കണ്ടു എന്നും മിസ്രയീമ്യർ കേട്ടിരിക്കുന്നു; അവിടുത്തെ മേഘം ഇവർക്ക് മീതെ നില്‍ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് ഇവർക്ക് മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. അങ്ങ് ഇപ്പോൾ ഈ ജനത്തെ മുഴുവനും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിരിക്കുന്ന ജനതകൾ: ‘ഈ ജനത്തോട് സത്യംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു’ എന്നു പറയും. ”യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെമേൽ സന്ദർശിക്കുന്നവൻ

സംഖ്യാപുസ്തകം 14:11-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു. മോശെ യഹോവയോടു പറഞ്ഞതു: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ. അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു പറയും. യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ

സംഖ്യാപുസ്തകം 14:11-17 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു: “ഈ ജനം എത്രനാൾ എന്നെ നിന്ദിക്കും? ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ച സകല അത്ഭുതചിഹ്നങ്ങളും കണ്ടിട്ടും അവർ എത്രനാൾ എന്നിൽ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ ഒരു ബാധയാൽ ദണ്ഡിപ്പിച്ച്, സംഹരിച്ചു നശിപ്പിക്കും. എന്നാൽ ഞാൻ നിന്നെ അവരിലും വലിയതും ശക്തവുമായ ഒരു ജനതയാക്കും.” മോശ യഹോവയോടു പറഞ്ഞു: “എന്നാൽ ഈജിപ്റ്റുകാർ അതിനെക്കുറിച്ചു കേൾക്കുമ്പോൾ എന്താണു ചിന്തിക്കുക! അവിടത്തെ ശക്തിയാൽ അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് കൊണ്ടുവന്നു. അവിടന്ന് ഇപ്പോൾ ഈ ജനത്തെ നശിപ്പിച്ചാൽ, ഈജിപ്റ്റുകാർ ഈ ദേശവാസികളോട് ഇക്കാര്യം പറയും. യഹോവയായ അങ്ങ് ഈ ജനത്തോടൊപ്പം ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായിക്കണ്ടുവെന്നും അവർ കേട്ടിട്ടുണ്ട്; കാരണം, അങ്ങയുടെ മേഘം അവരുടെ മുകളിൽ വസിക്കുന്നു, പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് അവർക്കുമുമ്പായി പോകുന്നു. അവിടന്ന് ഈ ജനത്തെ ഒന്നിച്ചു നശിപ്പിച്ചാൽ, അങ്ങയെക്കുറിച്ച് ഈ വർത്തമാനം കേട്ടിട്ടുള്ള ജനം പറയും: ‘യഹോവ ശപഥംചെയ്ത്, വാഗ്ദാനംകൊടുത്ത ദേശത്തേക്ക് ഈ ജനത്തെ കൊണ്ടുവരാൻ അവിടത്തേക്കു കഴിഞ്ഞില്ല; അതിനാൽ അവിടന്ന് അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു.’ “അവിടന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടത്തെ ശക്തി വലുതാണെന്നു വെളിപ്പെടുത്താൻ ഞാൻ അങ്ങയോടപേക്ഷിക്കുന്നു.