സംഖ്യാപുസ്തകം 13:17-20

സംഖ്യാപുസ്തകം 13:17-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദേശം പരിശോധിക്കാൻ അയയ്‍ക്കുമ്പോൾ മോശ അവരോടു പറഞ്ഞു: “നിങ്ങൾ നെഗബിൽ ചെന്നിട്ടു മലനാട്ടിലേക്കു പോകുക. ദേശം എങ്ങനെയുള്ളത്, അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അവർ സംഖ്യയിൽ കൂടുതലോ കുറവോ, അവർ പാർക്കുന്ന സ്ഥലം നല്ലതോ ചീത്തയോ, അവരുടെ പട്ടണങ്ങൾ കോട്ടകളാൽ സുരക്ഷിതമോ അതോ വെറും കൂടാരങ്ങൾ മാത്രമോ, ഭൂമി ഫലഭൂയിഷ്ഠമോ അല്ലാത്തതോ, വൃക്ഷങ്ങൾ ഉള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. നിങ്ങൾ ധൈര്യമായിരിക്കുക. അവിടെനിന്നു കുറെ ഫലങ്ങളും കൊണ്ടുവരണം.” മുന്തിരിയുടെ ആദ്യവിളവെടുപ്പു സമയമായിരുന്നു അത്.

സംഖ്യാപുസ്തകം 13:17-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്: “നിങ്ങൾ ഈ വഴി തെക്കേ ദേശത്ത് ചെന്നു മലയിൽ കയറുക; ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ; അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കി അറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.

സംഖ്യാപുസ്തകം 13:17-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി: ദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തു തുടങ്ങുന്ന കാലം ആയിരുന്നു.

സംഖ്യാപുസ്തകം 13:17-20 സമകാലിക മലയാളവിവർത്തനം (MCV)

കനാൻ പര്യവേക്ഷണംചെയ്യാൻ അവരെ മോശ അയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തെക്കേദേശത്തുകൂടെ കടന്ന് മലനാട്ടിലേക്കു ചെല്ലുക. ദേശം എങ്ങനെയുള്ളതെന്നും അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അധികമോ ചുരുക്കമോ എന്നും നോക്കുക. എപ്രകാരമുള്ളതാണ് അവർ പാർക്കുന്ന ദേശം? അതു നല്ലതോ ചീത്തയോ? അവർ പാർക്കുന്ന പട്ടണങ്ങൾ എപ്രകാരമുള്ളതാണ്? അവ മതിലുകളില്ലാത്തവയോ കോട്ടകെട്ടിയുറപ്പിച്ചവയോ? മണ്ണ് എങ്ങനെ? വളക്കൂറുള്ളതോ ഇല്ലാത്തതോ? അതിൽ വൃക്ഷങ്ങൾ ഉണ്ടോ ഇല്ലയോ? ദേശത്തെ കുറച്ചു ഫലങ്ങൾ കൊണ്ടുവരാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.” (അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലമായിരുന്നു.)