സംഖ്യാപുസ്തകം 12:1-13

സംഖ്യാപുസ്തകം 12:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു: യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു. മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു. പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: നിങ്ങൾ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു. യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു, അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു. പിന്നെ അവൻ അരുളിച്ചെയ്തത്: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവനു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്കയും ചെയ്യും. എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നത് മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞത് എന്ത്? യഹോവയുടെ കോപം അവരുടെ നേരേ ജ്വലിച്ചു; അവൻ മറഞ്ഞു. മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണിയെന്നു കണ്ടു. അഹരോൻ മോശെയോട്: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വയ്ക്കരുതേ. അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു. അപ്പോൾ മോശെ യഹോവയോട്: ദൈവമേ, അവളെ സൗഖ്യമാക്കേണമേ എന്നു നിലവിളിച്ചു.

സംഖ്യാപുസ്തകം 12:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ ഒരു എത്യോപ്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ട് അഹരോനും മിര്യാമും അദ്ദേഹത്തിനെതിരായി സംസാരിച്ചു. സർവേശ്വരൻ മോശയിൽകൂടി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? നമ്മിൽകൂടിയും സംസാരിച്ചിട്ടില്ലേ? അവർ ഇങ്ങനെ പറയുന്നതു സർവേശ്വരൻ കേട്ടു. ഭൂമുഖത്തുള്ള സർവമനുഷ്യരിലുംവച്ച് മോശ ഏറ്റവും സൗമ്യനായിരുന്നു. “നിങ്ങൾ മൂവരും തിരുസാന്നിധ്യകൂടാരത്തിൽ വരിക” എന്നു സർവേശ്വരൻ ഉടനെതന്നെ മോശയോടും അഹരോനോടും മിര്യാമിനോടും കല്പിച്ചു. അവർ അവിടെ ചെന്നു. അവിടുന്ന് ഒരു മേഘസ്തംഭത്തിൽ കൂടി ഇറങ്ങിവന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ മുമ്പോട്ടു ചെന്നു. സർവേശ്വരൻ അവരോട് അരുളിച്ചെയ്തു: “എന്റെ വാക്കു കേൾക്കുക; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ ദർശനത്തിൽ ഞാൻ എന്നെ അവനു വെളിപ്പെടുത്തുകയും സ്വപ്നത്തിൽ ഞാൻ അവനോടു സംസാരിക്കുകയും ചെയ്യും. എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല; എന്റെ ജനത്തിന്റെ മുഴുവൻ ചുമതലയും ഞാൻ അവനെ ഏല്പിച്ചിരിക്കുന്നു. അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായും ഞാൻ അവനോടു സംസാരിക്കുന്നു. സർവേശ്വരന്റെ രൂപം അവൻ കണ്ടിരിക്കുന്നു; എന്നിട്ടും എന്റെ ദാസനായ മോശയ്‍ക്കെതിരായി സംസാരിക്കാൻ നിങ്ങൾ ധൈര്യപ്പെട്ടതെന്ത്?” സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി. മേഘം കൂടാരത്തിൽനിന്നു നീങ്ങിയപ്പോൾ മിര്യാമിന്റെ ശരീരം കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെളുത്തു. അവളെ കുഷ്ഠരോഗിയായി അഹരോൻ കണ്ടു. അയാൾ മോശയോടു പറഞ്ഞു: “പ്രഭോ, ഞങ്ങൾ ബുദ്ധിശൂന്യരായി പ്രവർത്തിച്ചു. ആ പാപം ഞങ്ങളുടെമേൽ ചുമത്തരുതേ. അമ്മയുടെ ഉദരത്തിൽവച്ച് ചത്തു പകുതി അഴുകി പുറത്തുവന്ന ചാപിള്ളപോലെ ഇവൾ ആകരുതേ.” അപ്പോൾ മോശ: “സർവേശ്വരാ, അവൾക്കു സൗഖ്യം നല്‌കണമേ” എന്നു കേണപേക്ഷിച്ചു.

സംഖ്യാപുസ്തകം 12:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു: “യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ?” എന്നു പറഞ്ഞു; യഹോവ അത് കേട്ടു. മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു. പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: “നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ” എന്നു കല്പിച്ചു; അവർ മൂവരും ചെന്നു. യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതില്ക്കൽ നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ട് ചെന്നു. പിന്നെ അവൻ അരുളിച്ചെയ്തത്: “എന്‍റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവനു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും. എന്‍റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്‍റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോട് ഞാൻ അരുളിച്ചെയ്യുന്നത് അവ്യക്തമായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ആകുന്നു; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്‍റെ ദാസനായ മോശെക്ക് വിരോധമായി സംസാരിക്കുവാൻ ഭയപ്പെടാതിരുന്നത് എന്ത്? യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി. മേഘവും കൂടാരത്തിന്‍റെ മീതെ നിന്ന് നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്നു കണ്ടു. അഹരോൻ മോശെയോട്: “അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ. അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ” എന്നു പറഞ്ഞു. അപ്പോൾ മോശെ യഹോവയോട്: “ദൈവമേ, അവളെ സൗഖ്യമാക്കണമേ” എന്നു നിലവിളിച്ചു.

സംഖ്യാപുസ്തകം 12:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു: യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു. മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു. പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: നിങ്ങൾ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു. യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു. പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും. എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു? യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവൻ മറഞ്ഞു. മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്നു കണ്ടു. അഹരോൻ മോശെയോടു: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ. അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു. അപ്പോൾ മോശെ യഹോവയോടു: ദൈവമേ, അവളെ സൗഖ്യമാക്കേണമേ എന്നു നിലവിളിച്ചു.

സംഖ്യാപുസ്തകം 12:1-13 സമകാലിക മലയാളവിവർത്തനം (MCV)

മോശ ഒരു കൂശ്യസ്ത്രീയെ വിവാഹംകഴിച്ചിരുന്നതിനാൽ, കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും മോശയ്ക്കു വിരോധമായി സംസാരിച്ചു. “മോശയിൽക്കൂടിമാത്രമേ യഹോവ സംസാരിച്ചിട്ടുള്ളോ?” അവർ ചോദിച്ചു. “അവിടന്ന് ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലയോ?” യഹോവ ഇതു കേട്ടു. എന്നാൽ മോശയാകട്ടെ, ഭൂതലത്തിലുള്ള സകലമനുഷ്യരിലുംവെച്ച് ഏറ്റവും സൗമ്യനായിരുന്നു. ഉടൻതന്നെ യഹോവ മോശയോടും അഹരോനോടും മിര്യാമിനോടും കൽപ്പിച്ചു: “നിങ്ങൾ മൂന്നുപേരും സമാഗമകൂടാരത്തിൽ വരിക.” അങ്ങനെ അവർ മൂന്നുപേരും കൂടാരത്തിലേക്കുവന്നു. യഹോവ ഒരു മേഘസ്തംഭത്തിൽ ഇറങ്ങിവന്നു; കൂടാരവാതിലിൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു. അവർ രണ്ടുപേരും മുമ്പോട്ടുചെന്നപ്പോൾ അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ, യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും. ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും. എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല; അവൻ എന്റെ ഭവനത്തിലൊക്കെയും വിശ്വസ്തനാണ്. അവനുമായി ഞാൻ അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായുമാണ് സംസാരിക്കുന്നത്; അവൻ യഹോവയുടെ രൂപം കാണും. എന്നിട്ടും എന്റെ ദാസനായ മോശയ്ക്കു വിരോധമായി സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാഞ്ഞതെന്ത്?” യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു; അവിടന്ന് അവരെ വിട്ടുപോയി. മേഘം കൂടാരത്തിനുമീതേനിന്ന് ഉയർന്നപ്പോൾ, മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി. അഹരോൻ അവളെ നോക്കി. അവൾ കുഷ്ഠരോഗിണി എന്നുകണ്ടു അപ്പോൾത്തന്നെ അഹരോൻ മോശയോട് അപേക്ഷിച്ചു: “യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്ത പാപം ഞങ്ങളോടു കണക്കിടരുതേ. പാതി മാംസം അഴുകിപ്പോയനിലയിൽ അമ്മയുടെ ഉദരത്തിൽനിന്നും പുറത്തു വന്ന ചാപിള്ളപോലെ അവൾ ആകരുതേ.” അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു, “ദൈവമേ, അവളെ സൗഖ്യമാക്കണേ!”