സംഖ്യാപുസ്തകം 11:1-9

സംഖ്യാപുസ്തകം 11:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ജനം യഹോവയ്ക്ക് അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ട് അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാർഥിച്ചു: അപ്പോൾ തീ കെട്ടുപോയി. യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി. പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? ഞങ്ങൾ മിസ്രയീമിൽവച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്ന അല്ലാതെ ഒന്നും കാൺമാനില്ല എന്നു പറഞ്ഞു. മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിൻറേതുപോലെയും ആയിരുന്നു. ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണ ചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.

സംഖ്യാപുസ്തകം 11:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജനം അവരുടെ ദുരിതങ്ങളെപ്പറ്റി പിറുപിറുക്കുന്നതു കേട്ടപ്പോൾ സർവേശ്വരൻ കോപിച്ച് അവരുടെമേൽ അവിടുത്തെ അഗ്നി അയച്ചു; പാളയത്തിന്റെ വക്കിലുള്ള ചില ഭാഗങ്ങൾ അഗ്നി ദഹിപ്പിച്ചുകളഞ്ഞു. ജനം മോശയോടു നിലവിളിച്ചു. മോശ സർവേശ്വരനോടു പ്രാർഥിക്കുകയും അഗ്നി അണയുകയും ചെയ്തു. സർവേശ്വരന്റെ അഗ്നി അവരുടെ ഇടയിൽ കത്തിജ്വലിച്ചതുകൊണ്ട് ആ സ്ഥലത്തിനു ‘തബേരാ’ എന്നു പേരായി. ഇസ്രായേല്യരുടെ കൂടെ യാത്ര ചെയ്തിരുന്ന അന്യവംശജർ മാംസഭക്ഷണത്തിനുവേണ്ടി കൊതിച്ചു. ഇസ്രായേല്യരും ആവലാതിപ്പെട്ടു: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആരു തരും. ഈജിപ്തിൽവച്ചു സൗജന്യമായി ലഭിച്ചിരുന്ന മത്സ്യം, വെള്ളരിക്ക, തണ്ണിമത്തൻ, സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഞങ്ങളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഈ മന്നയല്ലാതെ യാതൊന്നും ഇവിടെ കാണ്മാനില്ല.” കൊത്തമല്ലിപോലെയുള്ള മന്നയ്‍ക്കു ഗുല്ഗുലുവിന്റെ നിറമായിരുന്നു. ജനം ചുറ്റിനടന്ന് അവ പെറുക്കിയെടുത്തു തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ മാവാക്കും. പിന്നീട് അതു വേവിച്ച് അപ്പം ഉണ്ടാക്കും; എണ്ണ ചേർത്തുണ്ടാക്കിയ അപ്പത്തിന്റെ രുചിയായിരുന്നു അതിന്. രാത്രിയിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.

സംഖ്യാപുസ്തകം 11:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യഹോവയ്ക്ക് അനിഷ്ടം തോന്നത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ടു അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്‍റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോട് പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി. യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് തബേരാ എന്നു പേരായി. പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആര്‍ തരും? ഞങ്ങൾ മിസ്രയീമിൽ വച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ ഉണങ്ങിവരണ്ടിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണുവാനില്ല എന്നു പറഞ്ഞു. മന്നയോ കൊത്തമല്ലി പോലെയും അതിന്‍റെ നിറം ഗുല്ഗുലുവിൻ്റെതുപോലെയും ആയിരുന്നു. ജനം നടന്ന് പെറുക്കി തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്‍റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. രാത്രി പാളയത്തിൽ മഞ്ഞ് പൊഴിയുമ്പോൾ മന്നയും പൊഴിയും.

സംഖ്യാപുസ്തകം 11:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി. യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി. പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? ഞങ്ങൾ മിസ്രയീമിൽവെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു. മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു. ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.

സംഖ്യാപുസ്തകം 11:1-9 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം, യഹോവ കേൾക്കെ ജനം തങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചു പിറുപിറുത്തു, അതു കേട്ടപ്പോൾ അവിടത്തെ കോപം ജ്വലിച്ചു. അപ്പോൾ യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അതിർത്തിയിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. ഉടനെതന്നെ ജനം മോശയോടു നിലവിളിച്ചു; അദ്ദേഹം യഹോവയോടു പ്രാർഥിച്ചു, അഗ്നി കെട്ടടങ്ങി. യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തിയതിനാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി. അവരുടെ ഇടയിലുള്ള സമ്മിശ്രപുരുഷാരം മറ്റു ഭക്ഷണത്തിനായി കൊതിച്ചു; ഇസ്രായേൽമക്കളും തിരിഞ്ഞ് അവരോടൊപ്പം മുറവിളികൂട്ടി: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? ഈജിപ്റ്റിൽവെച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മത്സ്യവും, വെള്ളരി, മത്തങ്ങ, ഉള്ളി, ചെമന്നുള്ളി, വെളുത്തുള്ളി എന്നിവയും ഞങ്ങൾ ഓർക്കുന്നു. എന്നാൽ ഇപ്പോഴാകട്ടെ, ഞങ്ങളുടെ ഭക്ഷണത്തോടുള്ള താത്പര്യംതന്നെ ഇല്ലാതായിരിക്കുന്നു; ഞങ്ങളുടെമുമ്പിൽ ഈ മന്നയല്ലാതെ മറ്റൊന്നും കാണുന്നതുമില്ല!” മന്നാ വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും കാഴ്ചയ്ക്ക് ഗുല്ഗുലു സമാനവും ആയിരുന്നു. ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ എടുക്കും. അവർ അതു കലത്തിൽ പാകംചെയ്തെടുക്കുകയോ അപ്പമുണ്ടാക്കുകയോ ചെയ്തുവന്നു. അതിന്റെ രുചി ഒലിവെണ്ണചേർത്തുണ്ടാക്കിയ ധാന്യപ്പലഹാരംപോലെയായിരുന്നു. രാത്രി പാളയത്തിൽ മഞ്ഞിനോടൊപ്പം മന്നയും പൊഴിയും.