സംഖ്യാപുസ്തകം 1:47-53

സംഖ്യാപുസ്തകം 1:47-53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. ലേവിഗോത്രത്തെ മാത്രം എണ്ണരുത്; യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുത് എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു. ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കുമൊക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിനു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം. തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ താന്താന്റെ പാളയത്തിലും ഓരോരുത്തൻ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം. എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യർ സാക്ഷ്യനിവാസത്തിനു ചുറ്റും പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം

സംഖ്യാപുസ്തകം 1:47-53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മറ്റു ഗോത്രങ്ങളോടൊപ്പം ലേവ്യഗോത്രത്തിന്റെ ജനസംഖ്യ എടുത്തില്ല. കാരണം, സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നു: “ലേവ്യരെ നീ എണ്ണരുത്. മറ്റു ഗോത്രങ്ങളോടുകൂടി അവരുടെ ജനസംഖ്യ എടുക്കുകയുമരുത്. ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്റെയും അതിന്റെ ഉപകരണങ്ങളുടെയും, അതിലുള്ള സകല വസ്തുക്കളുടെയും ചുമതല ഏല്പിക്കുക; തിരുസാന്നിധ്യകൂടാരവും അതിന്റെ സകല ഉപകരണങ്ങളും ചുമക്കേണ്ടത് അവരാണ്. തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്തുകൊണ്ട് അതിനു ചുറ്റും അവർ താവളമടിക്കട്ടെ. തിരുസാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ അത് അഴിച്ചെടുക്കുന്നതും കൂടാരമടിക്കേണ്ടിവരുമ്പോൾ അതു സ്ഥാപിക്കുന്നതും അവർതന്നെ ആയിരിക്കണം; മറ്റാരെങ്കിലും അതിനു ശ്രമിച്ചാൽ അവനെ വധിക്കണം. മറ്റു ജനങ്ങൾ ഗണംഗണമായി തിരിഞ്ഞു താന്താങ്ങളുടെ പാളയത്തിലും അവരവരുടെ കൊടിക്കീഴിലും പാളയമടിക്കണം. മറ്റാരെങ്കിലും തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുകയും തൽഫലമായി ജനത്തിന്റെമേൽ എന്റെ കോപം ജ്വലിക്കുകയും ചെയ്യാതിരിക്കാൻ ലേവ്യർ തിരുസാന്നിധ്യകൂടാരത്തിനു ചുറ്റും പാളയമടിച്ച് അതു കാത്തുസൂക്ഷിക്കണം.”

സംഖ്യാപുസ്തകം 1:47-53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. “ലേവിഗോത്രത്തെ മാത്രം എണ്ണരുത്; യിസ്രായേൽ മക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കുകയും അരുത്” എന്നു യഹോവ മോശെയോട് കല്പിച്ചിരുന്നു. ‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്‍റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്‍റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം. തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അത് നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. യിസ്രായേൽ മക്കൾ ഗണംഗണമായി ഓരോരുത്തൻ അവരവരുടെ പാളയത്തിലും സ്വന്തം കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം. എന്നാൽ യിസ്രായേൽ മക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിൻ്റെ കാര്യം നോക്കേണം’

സംഖ്യാപുസ്തകം 1:47-53 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. ലേവിഗോത്രത്തെ മാത്രം എണ്ണരുതു; യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു. ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം. തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം. യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ താന്താന്റെ പാളയത്തിലും ഓരോരുത്തൻ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം. എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം

സംഖ്യാപുസ്തകം 1:47-53 സമകാലിക മലയാളവിവർത്തനം (MCV)

ലേവിഗോത്രകുടുംബങ്ങളെ മറ്റു പിതൃഭവനക്കുടുംബങ്ങളോടൊപ്പം എണ്ണിയില്ല. യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു: “നീ ലേവിഗോത്രത്തെ എണ്ണുകയോ മറ്റ് ഇസ്രായേല്യരുടെ ജനസംഖ്യയെടുപ്പിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യരുത്. പകരം, ലേവ്യരെ ഉടമ്പടിയുടെ കൂടാരത്തിന്റെയും അതിന്റെ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മേൽവിചാരകരായി നിയമിക്കുക. സമാഗമകൂടാരവും അതിലെ ഉപകരണങ്ങളും അവർ ചുമക്കണം; അതു സൂക്ഷിക്കുകയും അതിനുചുറ്റും പാളയമടിച്ചു പാർക്കുകയും വേണം. സമാഗമകൂടാരം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിക്കണം; സമാഗമകൂടാരം സ്ഥാപിക്കുമ്പോൾ ലേവ്യർ അത് ഉയർത്തണം. അന്യർ അതിനെ സമീപിച്ചാൽ അവർക്കു വധശിക്ഷനൽകണം. ഇസ്രായേല്യർ ഗണംഗണമായി അവരവരുടെ പാളയത്തിൽ, സ്വന്തം പതാകയ്ക്കു കീഴിൽ തങ്ങളുടെ കൂടാരങ്ങൾ ഉയർത്തണം. ഇസ്രായേൽമക്കളുടെമേൽ ദൈവകോപം വരാതിരിക്കാൻ ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിനുചുറ്റും പാളയം അടിക്കണം; ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിന്റെ ചുമതല വഹിക്കുകയും വേണം.”