നെഹെമ്യാവ് 7:1-73

നെഹെമ്യാവ് 7:1-73 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വയ്ക്കുകയും വാതിൽക്കാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന് അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോട്: വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ച് ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിനു നേരേയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു. എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല. വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിനു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടത് എന്തെന്നാൽ: ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ: ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിത്: പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്. ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റി എഴുപത്തിരണ്ട്. ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട്. യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തി എണ്ണൂറ്റി പതിനെട്ട്. ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റി അമ്പത്തിനാല്. സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റി നാല്പത്തിയഞ്ച്. സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്. ബിന്നൂവിയുടെ മക്കൾ അറുനൂറ്റി നാൽപത്തിയെട്ട്. ബേബായിയുടെ മക്കൾ അറുനൂറ്റി ഇരുപത്തിയെട്ട്. അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട്. അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തിഏഴ്. ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തി അറുപത്തിഏഴ്. ആദീന്റെ മക്കൾ അറുനൂറ്റി അമ്പത്തിയഞ്ച്. ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്. ഹാശൂമിന്റെ മക്കൾ മുന്നൂറ്റി ഇരുപത്തെട്ട്. ബേസായിയുടെ മക്കൾ മുന്നൂറ്റി ഇരുപത്തിനാല്. ഹാരീഫിന്റെ മക്കൾ നൂറ്റി പന്ത്രണ്ട്. ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്. ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റി എൺപത്തെട്ട്. അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്. ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്. രാമാക്കാരും ഗേബക്കാരും അറുനൂറ്റി ഇരുപത്തൊന്ന്. മിക്മാസ്നിവാസികൾ നൂറ്റി ഇരുപത്തിരണ്ട്. ബേഥേൽക്കാരും ഹായീക്കാരും നൂറ്റി ഇരുപത്തിമൂന്ന്. മറ്റേ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട്. മറ്റേ ഏലാമിലെ നിവാസികൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. ഹാരീമിന്റെ മക്കൾ മുന്നൂറ്റി ഇരുപത്. യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തിയഞ്ച്. ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റി ഇരുപത്തൊന്ന്. സേനായാനിവാസികൾ മൂവായിരത്തിതൊള്ളായിരത്തിമുപ്പത്. പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തി എഴുപത്തിമൂന്ന്. ഇമ്മേരിന്റെ മക്കൾ ആയിരത്തി അമ്പത്തിരണ്ട്. പശ്ഹൂരിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റിനാല്പത്തിയേഴ്. ഹാരീമിന്റെ മക്കൾ ആയിരത്തിപതിനേഴ്. ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാല്. സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തിയെട്ട്. വാതിൽക്കാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തിയെട്ട്. ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ, സീയായുടെ മക്കൾ, പാദോന്റെ മക്കൾ, ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ, ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ, ബക്ക് ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ, പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖേരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിതൊണ്ണൂറ്റിരണ്ട്. തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവർ ഇവർ തന്നെ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല. ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റിനാല്പത്തിരണ്ടു പേർ. പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽനിന്നും നീക്കിക്കളഞ്ഞു. ഊറീമും തുമ്മീമും ഉള്ളൊരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നും ദേശാധിപതി അവരോടു കല്പിച്ചു. സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്റി അറുപത് പേരായിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴ് പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റി നാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റി നാല്പത്തിയഞ്ച് കോവർകഴുതയും നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവർക്കുണ്ടായിരുന്നു. പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു. പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു. ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു. അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.

നെഹെമ്യാവ് 7:1-73 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ മതിലിന്റെ പണി പൂർത്തിയാക്കി കതകുകൾ വച്ചു പിടിപ്പിച്ചു. ദ്വാരപാലകരെയും ഗായകരെയും ലേവ്യരെയും നിയമിച്ചു. പിന്നീട് ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപൻ ഹനന്യായെയും യെരൂശലേമിന്റെ ഭരണാധികാരികളായി നിയമിച്ചു. ഹനന്യാ മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്‍ക്കുന്നതുവരെ യെരൂശലേം നഗരകവാടങ്ങൾ തുറക്കരുത്; വാതിലുകൾ അടച്ചു കുറ്റിയിടുന്നത് നിങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കണം. യെരൂശലേംനിവാസികളിൽനിന്നു വേണം കാവല്‌ക്കാരെ നിയമിക്കാൻ. അവർ അവരവരുടെ വീടുകളുടെ മുമ്പിൽ കാവൽ നില്‌ക്കണം. യെരൂശലേം നഗരം വളരെ വിശാലമായിരുന്നു; എന്നാൽ ജനം കുറവായിരുന്നു. വീടുകൾ പണിതിരുന്നില്ല. വംശാവലി അനുസരിച്ചു പേരുകൾ രേഖപ്പെടുത്താൻ പ്രഭുക്കന്മാരെയും പ്രമാണികളെയും ജനങ്ങളെയും വിളിച്ചുകൂട്ടുന്നതിന് എന്റെ ദൈവം എനിക്കു പ്രേരണ നല്‌കി. ആദ്യം യെരൂശലേമിലേക്കു മടങ്ങിവന്നവരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന ഒരു പുസ്‍തകം എനിക്കു കിട്ടി. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: “ബാബിലോൺരാജാവായ നെബുഖദ്നേസർ പിടിച്ചുകൊണ്ടുപോയ പ്രവാസികളിൽ അനേകം പേർ സ്വതന്ത്രരായി സ്വന്തപട്ടണങ്ങളിലേക്കു മടങ്ങിവന്നു. സെരുബ്ബാബേൽ, യേശുവ, നെഹെമ്യാ, അസര്യാ, രയമ്യാ, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരുടെ നേതൃത്വത്തിലാണ് അവർ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നത്. ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ: പരോശിന്റെ കുടുംബത്തിൽ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്; ശെഫത്യായുടെ കുടുംബത്തിൽ മുന്നൂറ്റെഴുപത്തിരണ്ട്. ആരഹിന്റെ കുടുംബത്തിൽ അറുനൂറ്റമ്പത്തിരണ്ട്; പഹത്ത്-മോവാബ് വംശക്കാരായ യേശുവയുടെയും യോവാബിന്റെയും കുടുംബങ്ങളിൽ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്; ഏലാമിന്റെ കുടുംബത്തിൽ ആയിരത്തിരുനൂറ്റമ്പത്തിനാല്; സത്ഥൂവിന്റെ കുടുംബത്തിൽ എണ്ണൂറ്റി നാല്പത്തഞ്ച്; സക്കായിയുടെ കുടുംബത്തിൽ എഴുനൂറ്ററുപത്; ബിന്നൂയിയുടെ കുടുംബത്തിൽ അറുനൂറ്റി നാല്പത്തെട്ട്, ബേബായിയുടെ കുടുംബത്തിൽ അറുനൂറ്റി ഇരുപത്തെട്ട്; അസ്ഗാദിന്റെ കുടുംബത്തിൽ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്; അദോനീക്കാമിന്റെ കുടുംബത്തിൽ അറുനൂറ്ററുപത്തേഴ്; ബിഗ്വായിയുടെ കുടുംബത്തിൽ രണ്ടായിരത്തറുപത്തേഴ്; ആദീന്റെ കുടുംബത്തിൽ അറുനൂറ്റമ്പത്തഞ്ച്; ഹിസ്കീയായുടെ പുത്രനായ ആതേരിന്റെ കുടുംബത്തിൽ തൊണ്ണൂറ്റെട്ട്; ഹാശൂമിന്റെ കുടുംബത്തിൽ മുന്നൂറ്റിരുപത്തെട്ട്; ബേസായിയുടെ കുടുംബത്തിൽ മുന്നൂറ്റിരുപത്തിനാല്; ഹാരീഫിന്റെ കുടുംബത്തിൽ നൂറ്റിപന്ത്രണ്ട്. ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്; ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്; അനാഥോത്യർ നൂറ്റിരുപത്തെട്ട്; ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവിടങ്ങളിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്; രാമാക്കാരും ഗേബക്കാരും കൂടെ അറുനൂറ്റിയിരുപത്തൊന്ന്. മിക്മാസ്യർ നൂറ്റിയിരുപത്തിരണ്ട്. ബേഥേൽക്കാരും ഹായീക്കാരും കൂടെ നൂറ്റിയിരുപത്തിമൂന്ന്; മറ്റേ നെബോവ്യർ അമ്പത്തിരണ്ട്; മറ്റേ ഏലാവ്യർ ആയിരത്തിയിരുനൂറ്റമ്പത്തിനാല്; ഹാരീമിന്റെ കുടുംബത്തിൽ മുന്നൂറ്റിയിരുപത്; യെരീഹോ നിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്; ലോദ്യരും ഹാദീദ്യരും ഓനോവ്യരും കൂടി എഴുനൂറ്റിയിരുപത്തൊന്ന്; സേനായാക്കാർ മൂവായിരത്തിത്തൊള്ളായിരത്തി മുപ്പത്. പുരോഹിതന്മാർ: യേശുവയുടെ സന്താനപരമ്പരയിൽ യെദായായുടെ കുടുംബത്തിൽ തൊള്ളായിരത്തെഴുപത്തിമൂന്ന്; ഇമ്മേരിന്റെ കുടുംബത്തിൽ ആയിരത്തമ്പത്തിരണ്ട്; പശ്ഹൂരിന്റെ കുടുംബത്തിൽ ആയിരത്തിരുനൂറ്റി നാല്പത്തേഴ്; ഹാരീമിന്റെ കുടുംബത്തിൽ ആയിരത്തിപ്പതിനേഴ്. ലേവ്യർ: ഹോദെവയുടെ സന്താനപരമ്പരയിൽ കദ്മീയേലിന്റെ പുത്രൻ യേശുവയുടെ കുടുംബക്കാർ എഴുപത്തിനാല്. ഗായകന്മാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്. ദ്വാരപാലകന്മാർ: ശല്ലൂം, ആതേർ, തൽമോൻ, അക്കൂബ്, ഹതീത, ശോബായ് എന്നിവരുടെ പുത്രന്മാർ ആകെ നൂറ്റിമുപ്പത്തെട്ട്. ദേവാലയദാസന്മാർ: സീഹ, ഹസൂഫ, തബ്ബായോത്, കേരോസ്, സീയാ, പാദോൻ, ലെബാന, ഹഗാബ, സൽമായി, ഹാനാൻ, ഗിദ്ദേൽ, ഗാഹർ, രെയായ്യാ, രെസീൻ, നെക്കോദ, ഗസ്സാം, ഉസ്സ, പാസേഹാ, ബേസായി, മെയൂന്യർ, നെഫീത്യർ, ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ, ബസ്ലീത്ത്, മെഹീദ, ഹർശ, ബർക്കോസ്, സീസെര, തേമഹ്, നെസീഹാ, ഹതീഫ എന്നിവരുടെ പുത്രന്മാരാകുന്നു. ശലോമോന്റെ ദാസന്മാരുടെ പുത്രന്മാർ: സോതായി, സോഫേരെത്ത്, പെരീദ, യാല, ദർക്കോൻ, ഗിദ്ദേൽ, ശെഫത്യാ, ഹത്തീൽ, പോഖെരെത്ത്-സെബായീം, ആമോൻ ഇവരുടെ പുത്രന്മാർ. ദേവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പുത്രന്മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്. തേൽ -മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങി വന്നവർക്ക് അവർ ഇസ്രായേല്യർ തന്നെയെന്നതിന് പിതൃഭവനമോ വംശോൽപത്തിയോ തെളിയിക്കാൻ കഴിഞ്ഞില്ല. ദെലായായുടെയും തോബീയായുടെയും നെക്കോദയുടെയും പുത്രന്മാർ ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ. പുരോഹിതരിൽ: ഹോബയുടെയും ഹക്കോസ്സിന്റെയും ബർസില്ലായുടെയും പുത്രന്മാർ. ബർസില്ലാ കുടുംബക്കാരുടെ പൂർവികൻ ഗിലെയാദുകാരനായ ബർസില്ലായുടെ ഒരു പുത്രിയെ വിവാഹം കഴിച്ചു. അതുകൊണ്ടാണ് അവർ ആ പേരിൽ അറിയപ്പെടുന്നത്. അവരുടെ വംശാവലിരേഖ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല; അതുകൊണ്ട് അവരെ അശുദ്ധരായി കരുതി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊരീമും തുമ്മീമും ധരിച്ചു ശുശ്രൂഷചെയ്യുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ വിശുദ്ധഭോജനത്തിൽ പങ്കെടുക്കരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു. ജനം ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേർ. കൂടാതെ, ദാസീദാസന്മാരായി ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴു പേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്പത്തഞ്ചു പേരും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപതു കഴുതകളും അവർക്കുണ്ടായിരുന്നു. പിതൃഭവനത്തലവന്മാർ നിർമ്മാണപ്രവർത്തനങ്ങൾക്കു സംഭാവനകൾ നല്‌കി; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു തളികകളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു നല്‌കി. പിതൃഭവനത്തലവന്മാരിൽ ചിലർ നിർമ്മാണശേഖരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തി ഇരുനൂറു മാനേ വെള്ളിയും ദാനം ചെയ്തു. മറ്റുള്ളവർ ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും നല്‌കി. പുരോഹിതർ, ലേവ്യർ, ദ്വാരപാലകർ, ഗായകർ, ദേവാലയശുശ്രൂഷകർ തുടങ്ങിയ ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ പാർത്തു.

നെഹെമ്യാവ് 7:1-73 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം എന്‍റെ സഹോദരൻ ഹനാനിയെയും, കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു. കാരണം, ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്‍റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം. യെരൂശലേം നിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്‍റെ കാവൽസ്ഥാനത്തും അവനവന്‍റെ വീടിന്‍റെ നേരെയുമായി നിർത്തിക്കൊള്ളേണം” എന്നു പറഞ്ഞു. എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു. വീടുകൾ പണിതിരുന്നതുമില്ല. വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു: “ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്‍റെ പട്ടണത്തിലേക്കും വന്നവരായ ദേശനിവാസികൾ: ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യാവിവരം: പരോശിന്‍റെ മക്കൾ രണ്ടായിരത്തൊരുനൂറ്റിയെഴുപത്തിരണ്ട് (2,172). ശെഫത്യാവിന്‍റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട് (372). ആരഹിന്‍റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട് (652). യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്ത്-മോവാബിന്‍റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട് (2,818). ഏലാമിന്‍റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല് (1,254). സഥൂവിൻ്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ച് (845). സക്കായിയുടെ മക്കൾ എഴുനൂറ്ററുപത് (760). ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ട് (648). ബേബായിയുടെ മക്കൾ അറുനൂറ്റിയിരുപത്തെട്ട് (628). അസ്ഗാദിന്‍റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിയിരുപത്തിരണ്ട് (2,322). അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ് (667). ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴ് (2,067). ആദീൻ്റെ മക്കൾ അറുനൂറ്റമ്പത്തഞ്ച് (655). ഹിസ്ക്കീയാവിന്‍റെ സന്തതിയായ ആതേരിന്‍റെ മക്കൾ തൊണ്ണൂറ്റെട്ട് (98). ഹാശൂമിൻ്റെ മക്കൾ മുന്നൂറ്റിയിരുപത്തെട്ട് (328). ബേസായിയുടെ മക്കൾ മുന്നൂറ്റിയിരുപത്തിനാല് (324). ഹാരീഫിൻ്റെ മക്കൾ നൂറ്റിപന്ത്രണ്ട് (112). ഗിബെയോന്യർ തൊണ്ണൂറ്റഞ്ച് (95). ബേത്ലേഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട് (188). അനാഥോത്യർ നൂറ്റിയിരുപത്തെട്ട് (128). ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട് (42). കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന് (743). രാമക്കാരും ഗിബക്കാരും അറുനൂറ്റിയിരുപത്തൊന്ന് (621). മിക്മാസ് നിവാസികൾ നൂറ്റിയിരുപത്തിരണ്ട് (122). ബേഥേൽകാരും ഹായിക്കാരും നൂറ്റിയിരുപത്തിമൂന്ന് (123). മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട് (52). മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254). ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320). യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച് (345). ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിയിരുപത്തൊന്ന് (721). സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത് (3,930). പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്‍റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973). ഇമ്മേരിന്‍റെ മക്കൾ ആയിരത്തിയമ്പത്തിരണ്ട് (1,052). പശ്ഹൂരിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റിനാല്പത്തേഴ് (1,247). ഹാരീമിന്‍റെ മക്കൾ ആയിരത്തിപ്പതിനേഴ് (1,017). ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകൻ യേശുവയുടെ മക്കൾ എഴുപത്തിനാല് (74). സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട് (148). വാതിൽകാവല്ക്കാർ: ശല്ലൂമിന്‍റെ മക്കൾ, ആതേരിന്‍റെ മക്കൾ, തൽമോന്‍റെ മക്കൾ, അക്കൂബിന്‍റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ട് (138). ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിൻ്റെ മക്കൾ, കേരോസിൻ്റെ മക്കൾ, സീയായുടെ മക്കൾ, പാദോൻ്റെ മക്കൾ, ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ, ഹാനാന്‍റെ മക്കൾ, ഗിദ്ദേലിന്‍റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്‍റെ മക്കൾ, രെസീന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിൻ്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ, ബക്ക്ബൂക്കിൻ്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിൻ്റെ മക്കൾ, ബസ്ലീത്തിന്‍റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിൻ്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്‍റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. ശലോമോന്‍റെ ദാസന്മാരുടെ മക്കൾ, സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ, പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോൻ്റെ മക്കൾ, ഗിദ്ദേലിന്‍റെ മക്കൾ, ശെഫത്യാവിന്‍റെ മക്കൾ, ഹത്തീലിൻ്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമോന്‍റെ മക്കൾ. ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട് (392). തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നെ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല. ദെലായാവിന്‍റെ മക്കൾ, തോബീയാവിന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റിനാല്പത്തിരണ്ട് (642) പേർ. പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്‍റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു. ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു. സഭയാകെ നാല്പത്തീരായിരത്തിമുന്നൂറ്ററുപത് (42,360) പേരായിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തിയേഴ് (7,337) പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് (245) സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറ് (736) കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ച് (245) കോവർകഴുതകളും നാനൂറ്റിമുപ്പത്തഞ്ച് (435) ഒട്ടകങ്ങളും ആറായിരത്തിയെഴുനൂറ്റിരുപത് (6,720) കഴുതകളും അവർക്കുണ്ടായിരുന്നു. പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്ക് കൊടുത്തു. പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേക്ക് 170 കിലോഗ്രാം സ്വര്‍ണവും ഏകദേശം 1,200 കിലോഗ്രാം വെള്ളിയും കൊടുത്തു. ശേഷമുള്ള ജനം ഏകദേശം 170 കിലോഗ്രാം സ്വര്‍ണവും 1,100 കിലോഗ്രാം വെള്ളിയും അറുപത്തേഴ് (67) പുരോഹിതവസ്ത്രവും കൊടുത്തു. അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും അവരവരുടെ പട്ടണങ്ങളിൽ പാർത്തു.

നെഹെമ്യാവ് 7:1-73 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വെക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു. എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല. വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ: ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ: ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവു; അസര്യാവു, രയമ്യാവു, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു: പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു. ശെഫത്യാവിന്റെ മക്കൾ മൂന്നൂറ്റെഴുപത്തിരണ്ടു. ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു. യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു. ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു. സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു. സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു. ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു. ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു. അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു. അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു. ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴു. ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു. ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു. ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ടു. ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാലു. ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ടു. ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു. ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു. അനാഥോത്യർ നൂറ്റിരുപത്തെട്ടു. ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു. രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു. മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു. ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു. മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു. മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു. ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു. യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു. ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു. സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു. പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു. ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു. പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു. ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴു. ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു. സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ടു. വാതിൽകാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ടു. ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ, സീയായുടെ മക്കൾ, പാദോന്റെ മക്കൾ, ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ, ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ, ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ, മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ, പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു. തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല. ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ. പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു. സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേരായിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു. പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു. പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു. ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു. അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.

നെഹെമ്യാവ് 7:1-73 സമകാലിക മലയാളവിവർത്തനം (MCV)

മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.” നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല. അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു: ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. (സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം: പരോശിന്റെ പിൻഗാമികൾ 2,172 ശെഫത്യാവിന്റെ പിൻഗാമികൾ 372 ആരഹിന്റെ പിൻഗാമികൾ 652 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,818 ഏലാമിന്റെ പിൻഗാമികൾ 1,254 സത്ഥുവിന്റെ പിൻഗാമികൾ 845 സക്കായിയുടെ പിൻഗാമികൾ 760 ബിന്നൂവിയുടെ പിൻഗാമികൾ 648 ബേബായിയുടെ പിൻഗാമികൾ 628 അസ്ഗാദിന്റെ പിൻഗാമികൾ 2,322 അദോനീക്കാമിന്റെ പിൻഗാമികൾ 667 ബിഗ്വായിയുടെ പിൻഗാമികൾ 2,067 ആദീന്റെ പിൻഗാമികൾ 655 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98 ഹാശൂമിന്റെ പിൻഗാമികൾ 328 ബേസായിയുടെ പിൻഗാമികൾ 324 ഹാരിഫിന്റെ പിൻഗാമികൾ 112 ഗിബെയോന്റെ പിൻഗാമികൾ 95 ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ 188 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128 ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 123 നെബോയിൽനിന്നുള്ള പുരുഷന്മാർ 52 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 721 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,930. പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973 ഇമ്മേരിന്റെ പിൻഗാമികൾ 1,052 പശ്ഹൂരിന്റെ പിൻഗാമികൾ 1,247 ഹാരീമിന്റെ പിൻഗാമികൾ 1,017. ലേവ്യർ: (കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74. സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 148. ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138. ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്, കേരോസ്, സീയഹ, പാദോൻ, ലെബാന, ഹഗാബ, ശൽമായി, ഹാനാൻ, ഗിദ്ദേൽ, ഗഹർ, രെയായാവ്, രെസീൻ, നെക്കോദ, ഗസ്സാം, ഉസ്സ, പാസേഹ, ബേസായി, മെയൂനിം, നെഫീസീം, ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ, ബസ്ളൂത്ത്, മെഹീദ, ഹർശ, ബർക്കോസ്, സീസെര, തേമഹ്, നെസീഹ, ഹതീഫ, എന്നിവരുടെ പിൻഗാമികൾ. ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരിദ, യാല, ദർക്കോൻ, ഗിദ്ദേൽ, ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ എന്നിവരുടെ പിൻഗാമികൾ, 392. തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല: ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 642. പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ. ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു. ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 736 കുതിര, 245 കോവർകഴുത, 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു. പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും, 2,200 മിന്നാ വെള്ളിയും ഖജനാവിലേക്കു നൽകി. ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു. പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി.