നെഹെമ്യാവ് 5:1-19
നെഹെമ്യാവ് 5:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരേ വലിയ നിലവിളികൂട്ടി: ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിനു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുർഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും രാജഭോഗം കൊടുക്കേണ്ടതിനു ഞങ്ങൾ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടം മേടിച്ചിരിക്കുന്നു; ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിനു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങൾക്കു വേറേ നിർവാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറേ ചിലരും പറഞ്ഞു. അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്ക് അതികോപം വന്നു. ഞാൻ എന്റെ മനസ്സുകൊണ്ട് ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്ന് അവരോടു പറഞ്ഞു. അവർക്കു വിരോധമായി ഞാൻ ഒരു മഹായോഗം വിളിച്ചുകൂട്ടി. ജാതികൾക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാർ തങ്ങളെത്തന്നെ നമുക്കു വില്പാൻ തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാൻ പോകുന്നുവോ എന്നു ഞാൻ അവരോടു ചോദിച്ചു. അതിന് അവർ ഒരു വാക്കും പറവാൻ കഴിയാതെ മൗനമായിരുന്നു. പിന്നെയും ഞാൻ പറഞ്ഞത്: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക. നിങ്ങൾ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയിൽ നൂറ്റിന് ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവർക്ക് ഇളച്ചുകൊടുപ്പിൻ. അതിന് അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോട് ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്ന് അവരുടെ മുമ്പിൽവച്ച് അവരെക്കൊണ്ടു സത്യം ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞു: ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സർവസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു. ഞാൻ യെഹൂദാദേശത്ത് അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നെ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല. എനിക്കു മുമ്പേ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിനു ഭാരമായിരുന്നു; നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല. ഞാൻ ഈ മതിലിന്റെ വേലയിൽ തന്നെ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലയ്ക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാരൊക്കെയും ഈ വേലയിൽ ചേർന്നു പ്രവർത്തിച്ചുപോന്നു. യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതു പേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശയ്ക്കൽ ഭക്ഷണം കഴിച്ചുപോന്നു. എനിക്ക് ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാട് കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല. എന്റെ ദൈവമേ, ഞാൻ ഈ ജനത്തിനുവേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മയ്ക്കായിട്ട് ഓർക്കേണമേ.
നെഹെമ്യാവ് 5:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ വലിയൊരു വിഭാഗം തങ്ങളുടെ യെഹൂദ സഹോദരർക്ക് എതിരെ മുറവിളികൂട്ടി. അവരിൽ ചിലർ പറഞ്ഞു: “പുത്രീപുത്രന്മാരടക്കം ഞങ്ങൾ അസംഖ്യം പേരുണ്ട്; ഞങ്ങൾക്ക് ആഹാരത്തിനു വേണ്ട ധാന്യം ലഭിക്കണം.” മറ്റു ചിലർ പറഞ്ഞു: “ഈ ക്ഷാമകാലത്തു ധാന്യം വാങ്ങുന്നതിനുവേണ്ടി നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും ഞങ്ങൾ പണയപ്പെടുത്തിയിരിക്കയാണ്.” വേറെ ചിലർ പറഞ്ഞു: “നിലങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും പേരിൽ രാജാവിനു നല്കേണ്ട നികുതി അടയ്ക്കാൻ ഞങ്ങൾ പണം കടം വാങ്ങിയിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ യെഹൂദ സഹോദരന്മാരെപ്പോലെയല്ലോ. അവരുടെ മക്കളെപ്പോലെയല്ലോ ഞങ്ങളുടെ മക്കളും. എങ്കിലും അവരെ അടിമത്തത്തിലേക്കു തള്ളിവിടേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമകളായി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിക്കഴിഞ്ഞു.” അവരുടെ മുറവിളിയും ആവലാതിയും കേട്ടപ്പോൾ എനിക്ക് അതിയായ രോഷം ഉണ്ടായി. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും ശാസിക്കാൻ ഞാൻ തീരുമാനിച്ചു. അവർക്കെതിരെ മഹാസഭ വിളിച്ചുകൂട്ടി ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ സഹോദരന്മാരോടു പലിശ വാങ്ങുന്നു.” “വിജാതീയർക്കു വിറ്റിരുന്ന നമ്മുടെ സഹോദരരെ കഴിവതും നാം വീണ്ടെടുത്തു; എന്നാൽ നിങ്ങൾ സ്വന്ത സഹോദരരെപ്പോലും വീണ്ടും വീണ്ടെടുക്കേണ്ട നിലയിൽ ആക്കിയിരിക്കുന്നു.” അതു കേട്ടിട്ട് അവർ മിണ്ടാതിരുന്നു. ഒരു വാക്കുപോലും പറയാൻ അവർക്കു കഴിഞ്ഞില്ല. ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളുടെ പരിഹാസപാത്രമാകാതിരിക്കാനെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തോടുള്ള ഭക്തിയിൽ ജീവിക്കേണ്ടതല്ലോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്ക് പണവും ധാന്യവും കടം കൊടുത്തിട്ടുണ്ട്; പലിശ നമുക്ക് ഉപേക്ഷിക്കാം. നിങ്ങൾ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുക്കണം; പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറിന് ഒന്നു വീതം പലിശയായി വാങ്ങി വരുന്നതു നിങ്ങൾ അവർക്ക് ഇളച്ചുകൊടുക്കണം.” അവർ പറഞ്ഞു: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; അവരിൽനിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെ ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം.” പിന്നീട് ഞാൻ പുരോഹിതന്മാരെ വിളിച്ചു വരുത്തി. “വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിച്ചുകൊള്ളാം” എന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുമ്പിൽവച്ച് പ്രതിജ്ഞ ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞുകൊണ്ടു പറഞ്ഞു: “ഈ വാഗ്ദാനം നിറവേറ്റാത്ത എല്ലാവരെയും അവരുടെ ഭവനത്തിൽനിന്നും തൊഴിലിൽനിന്നും ദൈവം കുടഞ്ഞുകളയട്ടെ. അങ്ങനെ അവർ ഒന്നും ഇല്ലാത്തവരായിത്തീരട്ടെ.” സഭ മുഴുവൻ “ആമേൻ” എന്നു പറഞ്ഞു സർവേശ്വരനെ സ്തുതിച്ചു. അവർ പ്രതിജ്ഞ പാലിച്ചു. അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വർഷം ഞാൻ യെഹൂദ്യയിൽ ദേശാധിപതിയായി നിയമിക്കപ്പെട്ടു. അന്നുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം ഭരണവർഷംവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ ചാർച്ചക്കാരോ ദേശാധിപതിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിനുള്ള പടി വാങ്ങിയിരുന്നില്ല. എന്റെ മുൻഗാമികളായിരുന്ന ഗവർണർമാർ ജനങ്ങളുടെമേൽ വലിയ ഭാരം ചുമത്തിയിരുന്നു; നാല്പതു വെള്ളിക്കാശു ചുമത്തിയിരുന്നതുകൂടാതെ ഭക്ഷണപാനീയങ്ങളും അവരിൽനിന്ന് ഈടാക്കിയിരുന്നു; അവരുടെ ഭൃത്യന്മാരും ജനങ്ങളുടെമേൽ അധികാരം നടത്തിയിരുന്നു; ദൈവത്തെ ഭയന്നു ഞാൻ അങ്ങനെ ചെയ്തില്ല. മതിലിന്റെ പണിയിൽ ഞാൻ മുഴുവൻ സമയവും വ്യാപൃതനായിരുന്നു. ഞങ്ങൾ സ്വന്തമായൊന്നും സമ്പാദിച്ചില്ല; എന്റെ ഭൃത്യന്മാരെല്ലാം മതിൽപ്പണിയിൽ സഹകരിച്ചു. ചുറ്റുമുള്ള ജനതകളിൽനിന്നു വന്നിരുന്നവരെ കൂടാതെ യെഹൂദ്യരും ഉദ്യോഗസ്ഥന്മാരുമായ നൂറ്റമ്പതുപേർ എന്റെ മേശയിൽനിന്നു ഭക്ഷണം കഴിച്ചിരുന്നു. ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒരു കാളയെയും കൊഴുത്ത ആറു ആടിനെയും പക്ഷികളെയും പാകം ചെയ്തിരുന്നു. പത്തു ദിവസം കൂടുമ്പോൾ പുതുവീഞ്ഞു നിറച്ച തോല്ക്കുടങ്ങൾ ഒരുക്കിയിരുന്നു; എന്നിട്ടും ജനങ്ങളുടെ കഷ്ടപ്പാടു കണ്ടിട്ട്, ഭരണാധികാരി എന്ന നിലയിൽ എനിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണപ്പടി ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ പ്രവർത്തിച്ചതെല്ലാം ഓർത്ത് എനിക്കു നന്മ വരുത്തിയാലും.
നെഹെമ്യാവ് 5:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി ഉയർത്തി: “ഞങ്ങളും ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും വളരെയധികം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ഉപജീവനത്തിന് ധാന്യം ആവശ്യമായിരിക്കുന്നു” എന്ന് ചിലരും “ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയപ്പെടുത്തി ഈ ക്ഷാമകാലത്ത് ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു” എന്ന് മറ്റുചിലരും “ഞങ്ങളുടെ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും ഉള്ള രാജനികുതി കൊടുക്കണ്ടതിന് ഞങ്ങൾ പണം കടംമേടിച്ചിരിക്കുന്നു; ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി കൊടുക്കേണ്ടിവരുന്നു. ഞങ്ങളുടെ പുത്രിമാരിൽ ചിലർ ഇപ്പോഴേ അടിമകളായിരിക്കുന്നു; ഞങ്ങൾക്ക് വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യരുടെ പക്കൽ ആയിരിക്കുന്നു” എന്നു വേറെ ചിലരും പറഞ്ഞു. അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്ക് വളരെ കോപം ഉണ്ടായി. ഞാൻ ഗൗരവമായി ചിന്തിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: “നിങ്ങൾ ഓരോരുത്തൻ നിങ്ങളുടെ സഹോദരനോട് പലിശ വാങ്ങുന്നുവല്ലോ” എന്നു അവരോട് പറഞ്ഞു. അവർക്ക് വിരോധമായി ഞാൻ ഒരു മഹായോഗം വിളിച്ചുകൂട്ടി. “ജനതകൾക്ക് വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മളാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാരെ നമുക്ക് തന്നെ വില്പാന്തക്കവണ്ണം നാം അവരെ വീണ്ടും വിൽക്കാൻ പോകുന്നുവോ” എന്നു ഞാൻ അവരോട് ചോദിച്ചു. അതിന് അവർ ഒരു വാക്കും പറവാൻ കഴിയാതെ മൗനമായിരുന്നു. പിന്നെയും ഞാൻ പറഞ്ഞത്: “നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജനതകളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ട് നടക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്ക് ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക. നിങ്ങൾ ഇന്ന് തന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറിന് ഒന്ന് വീതം നിങ്ങൾ അവരോട് വാങ്ങിവരുന്നതും അവർക്ക് ഇളെച്ചുകൊടുപ്പിൻ.” അതിന് അവർ: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോട് ഒന്നും ചോദിക്കയുമില്ല. നീ പറയുന്നതുപോലെ തന്നെ ഞങ്ങൾ ചെയ്യും” എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്ന് അവരുടെ മുമ്പാകെ അവരെക്കൊണ്ട് സത്യംചെയ്യിച്ചു. ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞ്, “ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ” എന്നു പറഞ്ഞു. സർവ്വസഭയും: ‘ആമേൻ’ എന്ന് പറഞ്ഞ് യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു. ഞാൻ യെഹൂദാദേശത്ത് അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നെ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ട് വര്ഷം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല. എനിക്ക് മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന് ഭാരമായിരുന്നു. നാല്പത് ശേക്കൽ വെള്ളിവീതം വാങ്ങിയത് കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോട് വാങ്ങി. അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു. ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല. ഞാൻ ഈ മതിലിന്റെ വേലയിൽ തന്നെ ഉറ്റിരുന്നു. ഞങ്ങൾ ഒരു നിലവും വിലയ്ക്ക് വാങ്ങിയില്ല. എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്ന് പ്രവർത്തിച്ചുപോന്നു. യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശമേൽ നിന്ന് ഭക്ഷണം കഴിച്ചുപോന്നു. എനിക്ക് ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറു ആടിനെയും ഏതാനും പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും. ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനങ്ങളുടെ മേലുള്ള ഭാരം അതികഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല. എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന് വേണ്ടി ചെയ്തതൊക്കെയും എന്റെ നന്മയ്ക്കായിട്ട് ഓർക്കേണമേ.
നെഹെമ്യാവ് 5:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി കൂട്ടി: ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുർഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങൾ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു; ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടുപോയിരിക്കുന്നു; ഞങ്ങൾക്കു വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു. അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്കു അതികോപം വന്നു. ഞാൻ എന്റെ മനസ്സുകൊണ്ടു ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്നു അവരോടു പറഞ്ഞു. അവർക്കു വിരോധമായി ഞാൻ ഒരു മഹായോഗം വിളിച്ചുകൂട്ടി. ജാതികൾക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാർ തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാൻ പോകുന്നുവോ എന്നു ഞാൻ അവരോടു ചോദിച്ചു. അതിന്നു അവർ ഒരു വാക്കും പറവാൻ കഴിയാതെ മൗനമായിരുന്നു. പിന്നെയും ഞാൻ പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക. നിങ്ങൾ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറ്റിന്നു ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവർക്കു ഇളെച്ചുകൊടുപ്പിൻ. അതിന്നു അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പിൽ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സർവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു. ഞാൻ യെഹൂദാദേശത്തു അവരുടെദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല. എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന്നു ഭാരമായിരുന്നു നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല. ഞാൻ ഈ മതിലിന്റെ വേലയിൽ തന്നേ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്നു പ്രവർത്തിച്ചുപോന്നു. യെഹൂദന്മാരുംപ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശെക്കൽ ഭക്ഷണം കഴിച്ചുപോന്നു. എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല. എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.
നെഹെമ്യാവ് 5:1-19 സമകാലിക മലയാളവിവർത്തനം (MCV)
ഈ സമയം ജനവും അവരുടെ ഭാര്യമാരും തങ്ങളുടെ യെഹൂദാസഹോദരന്മാർക്കെതിരേ ഒരു വലിയ ആവലാതി ഉയർത്തി. “ഞങ്ങളും ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും വളരെയേറെയുണ്ട്. ഞങ്ങൾക്കു ഭക്ഷണത്തിനും ജീവൻ നിലനിർത്തുന്നതിനും, ധാന്യം ആവശ്യമാണ്,” എന്നു ചിലർ പറഞ്ഞു. മറ്റുചിലർ, “ക്ഷാമകാലത്ത് ധാന്യം കിട്ടാൻ ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും വീടുകളുംവരെ പണയപ്പെടുത്തുകയാണ്” എന്നു പറഞ്ഞുകൊണ്ടിരുന്നു. “ഞങ്ങളുടെ വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയുംമേലുള്ള രാജനികുതി കൊടുക്കാൻ ഞങ്ങൾക്കു കടം വാങ്ങേണ്ടിവന്നു. ഞങ്ങളുടെ മാംസവും രക്തവും ഞങ്ങളുടെ സഹോദരങ്ങളുടേതുപോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആണെങ്കിലും ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി വിടാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഞങ്ങളുടെ പുത്രിമാരിൽ ചിലർ ഇപ്പോൾത്തന്നെ അടിമകളായിരിക്കുന്നു. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യരുടെ പക്കൽ ആയിക്കഴിഞ്ഞതിനാൽ ഞങ്ങൾക്കു യാതൊരു നിർവാഹവുമില്ല,” എന്നു വേറെ ചിലരും പറഞ്ഞു. ഈ നിലവിളിയും പരാതിയും കേട്ട് എനിക്കു വളരെ കോപമുണ്ടായി. ഇതെക്കുറിച്ചു ഞാൻ ശരിക്കും ആലോചിച്ചശേഷം ഇതിന് ഉത്തരവാദികളായ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ശാസിച്ചു: “നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ സഹോദരങ്ങളിൽനിന്നു പലിശ വാങ്ങുന്നല്ലോ,” എന്നു പറഞ്ഞു. ഇവർക്കെതിരേ ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടി, ഇപ്രകാരം പറഞ്ഞു: “യെഹൂദേതരർക്കു വിറ്റിരുന്ന നമ്മുടെ യെഹൂദാസഹോദരങ്ങളെ നാം കഴിവുള്ളിടത്തോളം തിരികെ വാങ്ങി. ഇപ്പോഴോ, നമ്മുടെ സഹോദരങ്ങൾ നമുക്കുതന്നെ വിൽക്കപ്പെടേണ്ടതിനു നാം അവരെ വിൽക്കുകയാണോ?” അതിനു മറുപടിയൊന്നും പറയാനില്ലാതെ അവർ നിശ്ശബ്ദരായി നിന്നു. ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ഈ ചെയ്തതു ശരിയല്ല, യെഹൂദേതരരായ ശത്രുക്കളുടെ നിന്ദ ഏൽക്കാതിരിക്കാൻ നാം നമ്മുടെ ദൈവത്തെ ഭയപ്പെട്ടു ജീവിക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും ഭൃത്യന്മാരും അവർക്കു പണവും ധാന്യവും കൊടുക്കുന്നുണ്ട്. എന്നാൽ, പലിശ വാങ്ങുന്നത് അവസാനിപ്പിക്കുക. ഉടൻതന്നെ അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിനൽകുക. പണം, ധാന്യം, പുതിയ വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് നൂറിൽ ഒന്നുവീതം അവരിൽനിന്നും വാങ്ങിയിരുന്ന പലിശയും മടക്കിക്കൊടുക്കുക.” “ഞങ്ങൾ അതു മടക്കിക്കൊടുക്കാം,” അവർ പറഞ്ഞു, “അവരിൽനിന്ന് ഇനി യാതൊന്നും ഞങ്ങൾ ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് അവർ വാഗ്ദാനംചെയ്തതുപോലെ പാലിക്കുമെന്നു പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയുംകൊണ്ടു ശപഥംചെയ്യിച്ചു. എന്നിട്ട് ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട്, “ഈ വാഗ്ദാനം പാലിക്കാത്ത ഏതു മനുഷ്യനെയും അവന്റെ ഭവനത്തിൽനിന്നും സ്വത്തിൽനിന്നും ദൈവം ഇപ്രകാരം കുടഞ്ഞുകളയട്ടെ. ആ മനുഷ്യൻ ഇപ്രകാരം കുടഞ്ഞും ഒഴിഞ്ഞുംപോകട്ടെ” എന്നു പറഞ്ഞു. ഇതു കേട്ട് ആ സമൂഹം മുഴുവനും “ആമേൻ,” എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാഗ്ദാനം ചെയ്തതുപോലെതന്നെ പ്രവർത്തിച്ചു. അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാമാണ്ടിൽ ഞാൻ യെഹൂദാദേശത്തിനു ദേശാധിപതിയായി നിയമിക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമാണ്ടുവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ സഹോദരന്മാരോ ദേശാധിപതിക്ക് അനുവദനീയമായിരുന്ന ഭക്ഷണവിഹിതം വാങ്ങിയിരുന്നില്ല. എന്നാൽ എനിക്കു മുമ്പുണ്ടായിരുന്ന പഴയ ദേശാധിപതിമാർ ജനത്തെ വളരെ ഭാരപ്പെടുത്തി. അവരിൽനിന്ന് ആഹാരവും വീഞ്ഞും അതിനുംപുറമേ നാൽപ്പതുശേക്കേൽ വെള്ളിയും വാങ്ങിയിരുന്നു. അവരുടെ സേവകരും ജനത്തിന്റെമേൽ അധികാരം ചെലുത്തിയിരുന്നു. എന്നാൽ ദൈവഭയംനിമിത്തം ഞാൻ അങ്ങനെ ചെയ്തില്ല. അതിനുപകരം, ഞാൻ മതിൽപണിക്കുവേണ്ടി മുഴുവൻ ശ്രദ്ധയും നൽകി. എന്റെ സേവകരെല്ലാം പണിക്കു വന്നുകൂടി; ഞങ്ങൾ നിലങ്ങളൊന്നും കൈവശപ്പെടുത്തിയതുമില്ല. യെഹൂദരും ഉദ്യോഗസ്ഥരുമായ നൂറ്റി അൻപതുപേരും ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളുടെയടുക്കൽ വരുന്നവരും എന്റെ മേശമേൽനിന്ന് ഭക്ഷിച്ചിരുന്നു. ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും ഏതാനും പക്ഷികളെയും എനിക്കായി പാകംചെയ്യും; പത്തുദിവസത്തിൽ ഒരിക്കൽ എല്ലാത്തരം വീഞ്ഞും ധാരാളമായി കൊണ്ടുവരികയും ചെയ്യും. എങ്കിലും ഇതിനുവേണ്ടി ഞാൻ ദേശാധിപതിയുടെ അഹോവൃത്തിക്കുള്ള തുക വാങ്ങിയില്ല; കാരണം ജനത്തിന്മേലുള്ള ഭാരം വളരെയധികമായിരുന്നു. എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്തതെല്ലാം എന്റെ നന്മയ്ക്കായി ഓർക്കേണമെ.