നെഹെമ്യാവ് 4:2-4
നെഹെമ്യാവ് 4:2-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ദുർബലന്മാരായ യെഹൂദന്മാർ എന്തു ചെയ്വാൻ പോകുന്നു? അവരെ സമ്മതിക്കുമോ അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യാസൈന്യവും കേൾക്കെ പറഞ്ഞു. അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു. ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ.
നെഹെമ്യാവ് 4:2-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ ചാർച്ചക്കാരും ശമര്യാസൈന്യവും കേൾക്കെ അയാൾ പറഞ്ഞു: “ദുർബലരായ ഈ യെഹൂദന്മാർ എന്തു ചെയ്യാൻ പോകുന്നു? അവർ മതിൽ മുഴുവൻ പുനരുദ്ധരിക്കുമോ? അവർക്കു യാഗാർപ്പണം നടത്താൻ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവർ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളിൽനിന്നു കല്ലുകൾ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവർ ഉറപ്പിക്കുമോ?” അടുത്തു നിന്നിരുന്ന അമ്മോന്യനായ തോബീയാ പറഞ്ഞു: “അതേ, അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഇടിഞ്ഞുവീഴും.” ഞാൻ പ്രാർഥിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ; ഞങ്ങൾ നിന്ദിക്കപ്പെട്ടിരിക്കുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്സുകളിൽതന്നെ പതിക്കാൻ ഇടയാക്കണമേ. അവർ തടവുകാരായിത്തീരുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യട്ടെ.
നെഹെമ്യാവ് 4:2-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്‌വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു. അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: “അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും” എന്നു പറഞ്ഞു. “ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ സ്വന്തതലയിലേക്ക് തിരികെ കൊടുക്കേണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ.
നെഹെമ്യാവ് 4:2-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്തു ചെയ്വാൻ പോകുന്നു? അവരെ സമ്മതിക്കുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്നു അവർ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യാസൈന്യവും കേൾക്കെ പറഞ്ഞു. അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവു: അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു. ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവർച്ചെക്കു ഏല്പിക്കേണമേ.
നെഹെമ്യാവ് 4:2-4 സമകാലിക മലയാളവിവർത്തനം (MCV)
“ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു. അദ്ദേഹത്തോടൊപ്പമുള്ള അമ്മോന്യനായ തോബിയാവ് ഇപ്രകാരം പറഞ്ഞു: “അവർ പണിയുന്ന ഈ കന്മതിലിന്മേൽ, ഒരു കുറുക്കൻ കയറിയാൽപോലും അതിലെ കല്ലുകൾ തകർന്നുവീഴും!” ഞങ്ങളുടെ ദൈവമേ, കേൾക്കണമേ! ഞങ്ങൾ നിന്ദിതരായിരിക്കുന്നു. അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടക്കി നൽകണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏൽപ്പിക്കണമേ.