നെഹെമ്യാവ് 1:1-10

നെഹെമ്യാവ് 1:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ എന്റെ സഹോദരന്മാരിൽ ഒരുത്തനായ, ഹനാനിയും യെഹൂദായിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാൻ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു. അതിന് അവർ എന്നോട്: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവച്ച് ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു. ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെ നാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗത്തിലെ ദൈവത്തോടു ഞാൻ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: സ്വർഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ, നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കുവേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർഥന കേൾക്കേണ്ടതിനു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്തമായി പ്രവർത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല. നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും; എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓർക്കേണമേ. അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.

നെഹെമ്യാവ് 1:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹഖല്യായുടെ പുത്രൻ നെഹെമ്യായുടെ വാക്കുകൾ: അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വർഷം കിസ്ലേവ് മാസം ഞാൻ തലസ്ഥാനമായ ശൂശനിൽ ആയിരുന്നു. എന്റെ ഒരു സഹോദരനായ ഹനാനിയും യെഹൂദായിൽനിന്നു ചിലരും അവിടെ വന്നു. ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയവരിൽ ഉൾപ്പെടാതെ രക്ഷപെട്ട് അവിടെ കഴിഞ്ഞ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ഞാൻ അവരോട് ആരാഞ്ഞു. അവർ പറഞ്ഞു: പ്രവാസത്തിൽനിന്ന് രക്ഷപെട്ട് അവിടെ അവശേഷിച്ചവർ വലിയ കഷ്ടതയിലും അപമാനത്തിലുമാണു കഴിയുന്നത്. യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുന്നു.” ഇതു കേട്ടപ്പോൾ ഞാൻ നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിച്ച് ഉപവസിച്ചു. സ്വർഗസ്ഥനായ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “സ്വർഗത്തിൽ വസിക്കുന്ന ദൈവമായ സർവേശ്വരാ, അങ്ങയെ സ്നേഹിച്ചു അവിടുത്തെ കല്പനകൾ അനുസരിക്കുന്നവരോട് ഉടമ്പടി പാലിക്കുകയും സുസ്ഥിരസ്നേഹം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഉഗ്രപ്രഭാവവാനുമായ ദൈവമേ, അവിടുത്തോടു ഞാൻ യാചിക്കുന്നു. അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിനുവേണ്ടി രാവും പകലും പ്രാർഥിക്കുന്ന ഈ ദാസനെ കടാക്ഷിച്ച് അടിയന്റെ പ്രാർഥന ശ്രവിക്കണമേ. ഇസ്രായേല്യരായ ഞങ്ങൾ അങ്ങേക്ക് എതിരെ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. അങ്ങേക്ക് എതിരെ ഞങ്ങൾ കഠിനമായ തിന്മ പ്രവർത്തിച്ചു; അവിടുത്തെ ദാസനായ മോശയിലൂടെ അരുളിച്ചെയ്ത ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങൾ പാലിച്ചില്ല. മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകൾ ഓർക്കണമേ. ‘അവിശ്വസ്തത കാട്ടിയാൽ ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കും. എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പാലിക്കുകയും അവ അനുസരിക്കുകയും ചെയ്താൽ നിങ്ങൾ ആകാശത്തിന്റെ അറുതികൾവരെ ചിതറപ്പെട്ടാലും ഞാൻ അവിടെനിന്നു നിങ്ങളെ കൂട്ടിച്ചേർക്കുകയും എന്റെ വാസസ്ഥലമായി ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വരികയും ചെയ്യും.’ അവർ അവിടുത്തെ മഹാശക്തിയാലും ഭുജബലത്താലും വീണ്ടെടുക്കപ്പെട്ട ദാസരും സ്വന്തജനവുമാണല്ലോ.

നെഹെമ്യാവ് 1:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഹഖല്യാവിൻ്റെ മകനായ നെഹെമ്യാവിന്‍റെ വാക്കുകൾ. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ എന്‍റെ സഹോദരന്മാരിൽ ഒരുവനായ ഹനാനിയും യെഹൂദയിൽനിന്ന് ചില പുരുഷന്മാരും വന്നു. ഞാൻ അവരോട് പ്രവാസത്തിൽനിന്ന് രക്ഷപെട്ട യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു. അതിന് അവർ എന്നോട്: “പ്രവാസത്തിൽനിന്ന് രക്ഷപെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു. യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞും അതിന്‍റെ വാതിലുകൾ തീവെച്ച് ചുട്ടും കിടക്കുന്നു” എന്നു പറഞ്ഞു. ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു. കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ട് സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ: “സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങേയുടെ കല്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ, അങ്ങേയുടെ ദാസന്മാരായ യിസ്രായേൽ മക്കൾക്ക് വേണ്ടി രാപ്പകൽ അങ്ങേയുടെ മുമ്പാകെ പ്രാർത്ഥിക്കയും ഞങ്ങൾ അങ്ങേയോട് ചെയ്തിരിക്കുന്ന പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്ന അടിയന്‍റെ പ്രാർത്ഥന കേൾക്കേണ്ടതിന് അവിടുത്തെ ചെവി ശ്രദ്ധിച്ചും തൃക്കണ്ണു തുറന്നും ഇരിക്കേണമേ. ഞാനും എന്‍റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. ഞങ്ങൾ അങ്ങേയോട് കഠിനദോഷം പ്രവർത്തിച്ചിരിക്കുന്നു; അങ്ങേയുടെ ദാസനായ മോശെയോട് അങ്ങ് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല. “‘നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഇടയിൽ ചിതറിച്ചുകളയും; എന്നാൽ നിങ്ങൾ എങ്കലേക്ക് തിരിഞ്ഞ് എന്‍റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളിൽനിന്ന് ചിതറിപ്പോയവർ ആകാശത്തിന്‍റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്‍റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും’ എന്നു അങ്ങേയുടെ ദാസനായ മോശെയോട് അങ്ങ് അരുളിച്ചെയ്ത വചനം ഓർക്കേണമേ. “അവർ അങ്ങേയുടെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും അങ്ങ് വീണ്ടെടുത്ത അങ്ങേയുടെ ദാസന്മാരും ജനവുമല്ലോ.

നെഹെമ്യാവ് 1:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ എന്റെ സഹോദരന്മാരിൽ ഒരുത്തനായ ഹനാനിയും യെഹൂദയിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാൻ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു. അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു. ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ, നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. ഞങ്ങൾ നിന്നോടു ഏറ്റവും വഷളത്വമായി പ്രവർത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല. നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും; എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓർക്കേണമേ. അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.

നെഹെമ്യാവ് 1:1-10 സമകാലിക മലയാളവിവർത്തനം (MCV)

ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വചനങ്ങൾ: ഇരുപതാമാണ്ടിൽ, കിസ്ളേവുമാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുമ്പോൾ, എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനി യെഹൂദ്യയിൽനിന്ന് മറ്റുചില ആളുകളോടൊപ്പം വന്നു. പ്രവാസത്തിൽ നിന്നും അതിജീവിച്ച യെഹൂദരെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും ഞാൻ അവരോട് അന്വേഷിച്ചു. അവർ എന്നോടു പറഞ്ഞു: “പ്രവാസത്തിൽനിന്ന് അതിജീവിച്ചു പ്രവിശ്യയിൽ മടങ്ങി എത്തിയവർ വളരെ പ്രയാസവും അപമാനവും നേരിടുന്നു. ജെറുശലേമിന്റെ മതിലുകൾ ഇടിഞ്ഞുകിടക്കുന്നു; അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായി.” ഈ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; ഏതാനും ദിവസം, ദുഃഖിച്ചും ഉപവസിച്ചും ചെലവഴിക്കുകയും സ്വർഗത്തിലെ ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു: “സ്വർഗത്തിലെ ദൈവമായ യഹോവേ, തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകൾ പാലിക്കുന്നവർക്കു തന്റെ സ്നേഹത്തിന്റെ ഉടമ്പടി നിലനിർത്തുന്ന വലിയവനും ഭയങ്കരനുമായ ദൈവമേ, അവിടത്തെ സേവകരായ ഇസ്രായേൽജനതയ്ക്കുവേണ്ടി, ഇപ്പോൾ രാവും പകലും അവിടത്തെ മുമ്പാകെ പ്രാർഥിച്ച്, ഇസ്രായേൽജനമായ ഞങ്ങൾ അങ്ങേക്കെതിരേ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്ന അടിയന്റെ പ്രാർഥന കേൾക്കാൻ അവിടത്തെ ചെവി ശ്രദ്ധിച്ചും കണ്ണുതുറന്നും ഇരിക്കണമേ. ഞാനും എന്റെ പിതൃഭവനവും പാപംചെയ്തിരിക്കുന്നു, ഞങ്ങൾ അങ്ങയോടു കഠിനമായി പാപംചെയ്തു; അങ്ങയുടെ ദാസനായ മോശയോടു കൽപ്പിച്ച കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞങ്ങൾ പാലിച്ചിട്ടില്ല. “ ‘നിങ്ങൾ അവിശ്വസ്തരായാൽ ഞാൻ നിങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുകളയും; എന്നാൽ നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങി എന്റെ കൽപ്പനകൾ പാലിച്ച്, അവ അനുസരിച്ചാൽ, നിങ്ങളിൽനിന്നു ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിയിലാണെങ്കിലും അവിടെനിന്നും അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിക്കാൻ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അവരെ എത്തിക്കും’ എന്ന് അവിടത്തെ ദാസനായ മോശയോടു ചെയ്ത വാഗ്ദാനം ഓർക്കണമേ. “അങ്ങയുടെ മഹാശക്തിയാലും ബലമുള്ള കൈയാലും വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ.