നഹൂം 2:1-10
നഹൂം 2:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സംഹാരകൻ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക. യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ. അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. രഥങ്ങൾ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു. അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു. നദികളുടെ ചീപ്പുകൾ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞുപോകുന്നു. അതു നിർണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു. നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. വെള്ളി കൊള്ളയിടുവിൻ; പൊന്നു കൊള്ളയിടുവിൻ; വീട്ടുസാമാനത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്. അവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
നഹൂം 2:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിനാശകൻ നിനക്കെതിരെ വരുന്നു. കോട്ടകൾക്കു കാവൽ ഏർപ്പെടുത്തുക. വീഥികൾ കാത്തുസൂക്ഷിക്കുക. നിന്റെ അരമുറുക്കുക, സർവശക്തിയും സംഭരിക്കുക. സർവേശ്വരൻ യാക്കോബിന്റെ മഹത്ത്വം ഇസ്രായേലിന്റെ മഹത്ത്വംപോലെ പുനഃസ്ഥാപിക്കാൻ പോകുന്നു. കവർച്ചക്കാർ അവരെ കൊള്ളയടിച്ചു; അവരുടെ ശിഖരങ്ങൾ എല്ലാം നശിപ്പിച്ചു. ശത്രുവിന്റെ വീരയോദ്ധാക്കൾ ചെമ്പരിച കൈയിലേന്തിയിരിക്കുന്നു. അവരുടെ പടയാളികൾ ചെങ്കുപ്പായം അണിഞ്ഞിരിക്കുന്നു. അവർ ആക്രമിക്കാൻ ഒരുങ്ങുന്നു, അവരുടെ രഥങ്ങൾ തീജ്വാലപോലെ മിന്നിത്തിളങ്ങുന്നു. അവരുടെ പടക്കുതിരകൾ കുതിച്ചുചാടുന്നു. രഥങ്ങൾ വീഥികളിലൂടെ ഇരമ്പിപ്പായുന്നു; നഗരവീഥികളിൽ അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. തീപ്പന്തങ്ങൾപോലെ അവ കാണപ്പെടുന്നു. മിന്നൽപ്പിണർപോലെ അവ പായുന്നു. അവരുടെ പടനായകരെ വിളിച്ചുകൂട്ടുന്നു. അവർ മുന്നോട്ട് അടുക്കുമ്പോൾ ഇടറിവീഴുന്നു. അവർ തിടുക്കത്തിൽ കോട്ടയോടടുക്കുന്നു. അവിടെ ലോഹമറ സജ്ജമാക്കിയിരിക്കുന്നു. നദികൾ തുറന്നുവിട്ടിരിക്കുന്നു; രാജകൊട്ടാരം കൊടുംഭീതിയിലമർന്നിരിക്കുന്നു. രാജ്ഞിയെ നഗ്നയാക്കി പിടിച്ചുകൊണ്ടു പോയിരിക്കുന്നു. ദാസിമാർ പ്രാവു കുറുകുംപോലെ മാറിലടിച്ചു വിലപിക്കുന്നു. നിനെവേ വെള്ളം വാർന്നൊഴുകുന്ന കുളംപോലെയാണ്. “നില്‌ക്കൂ, നില്‌ക്കൂ എന്ന് അവർ വിളിച്ചുപറയുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല. സ്വർണം കൊള്ളയടിക്കുക, വെള്ളിയും പിടിച്ചെടുക്കുക, നിധികൾക്കു അന്തമില്ല, എല്ലാത്തരം അമൂല്യവസ്തുക്കളും അവിടെയുണ്ട്. എങ്ങും ശൂന്യത! ശൂന്യത! വിനാശം! ഹൃദയം തളരുന്നു. കാൽമുട്ടുകൾ വിറയ്‍ക്കുന്നു; അരക്കെട്ടിലെങ്ങും കൊടിയവേദന; എല്ലാ മുഖങ്ങളും വിളറുന്നു!
നഹൂം 2:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ. അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്‍റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. രഥങ്ങൾ തെരുവുകളിൽ പായുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു. അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു. നദികൾ തുറന്നുവിട്ടിരിക്കുന്നു; രാജമന്ദിരം തകർന്നുപോകുന്നു. അത് തീരുമാനിച്ചിരിക്കുന്നു; അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു. നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: “നില്ക്കുവിന്‍, നില്ക്കുവിന്‍!” എന്ന് വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. വെള്ളി കൊള്ളയിടുവിൻ; പൊന്ന് കൊള്ളയിടുവിൻ; സമ്പത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്. അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലായിടത്തും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
നഹൂം 2:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക. യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ. അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. രഥങ്ങൾ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു. അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു. നദികളുടെ ചീപ്പുകൾ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞുപോകുന്നു. അതു നിർണ്ണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു. നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. വെള്ളി കൊള്ളയിടുവിൻ; പൊന്നു കൊള്ളയിടുവിൻ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധമനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു. അവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
നഹൂം 2:1-10 സമകാലിക മലയാളവിവർത്തനം (MCV)
നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു. കോട്ടകളെ കാവൽചെയ്ക, വഴി സൂക്ഷിക്കുക, അര മുറുക്കുക, നിന്റെ സർവശക്തിയും സംഭരിച്ചുകൊള്ളുക! യഹോവ യാക്കോബിന്റെ മഹിമയെ ഇസ്രായേലിന്റെ മഹിമപോലെ പുനഃസ്ഥാപിക്കും. കവർച്ചക്കാർ അവരെ കൊള്ളയടിച്ച് ശൂന്യമാക്കി, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞല്ലോ. അവന്റെ യോദ്ധാക്കളുടെ പരിച ചെമന്നത്; പടയാളികൾ രക്താംബരം അണിഞ്ഞിരിക്കുന്നു. സന്നാഹദിവസത്തിൽ അവരുടെ രഥങ്ങളിലെ ഇരുമ്പ് വെട്ടിത്തിളങ്ങുന്നു. സരളമരംകൊണ്ടുള്ള കുന്തങ്ങൾ ചുഴറ്റിയെറിയപ്പെടുന്നു. രഥങ്ങൾ തെരുവുകളിലൂടെ പായുന്നു; ചത്വരങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. എരിയുന്ന പന്തംപോലെ അവ കാണപ്പെടുന്നു; മിന്നൽപോലെ അവ പായുന്നു. നിനവേ തന്റെ തെരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ വിളിപ്പിക്കുന്നു, എന്നാൽ അവർ വഴിയിൽവെച്ച് ഇടറിപ്പോകുന്നു. അവർ കോട്ടയിലേക്ക് അതിവേഗം പായുന്നു അവിടെയവർ രക്ഷാകവചം സ്ഥാപിച്ചിരിക്കുന്നു. നദിയിലെ മടക്കെട്ടുകൾ തുറന്നുവിടുന്നു; രാജമന്ദിരം തകർന്നടിയുന്നു. നിനവേയെ തടവുകാരിയാക്കി കൊണ്ടുപോകുന്നതിന് ഉത്തരവിട്ടിരിക്കുന്നു. അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ ഞരങ്ങുകയും മാറത്തടിക്കുകയുംചെയ്യുന്നു. നിനവേ ഒരു ജലാശയംപോലെ ആകുന്നു അതിലെ വെള്ളം വാർന്നുപോകുന്നു. “നിൽക്കൂ! നിൽക്കൂ!” എന്ന് അവർ നിലവിളിക്കുന്നു, എന്നാൽ ആരും തിരിഞ്ഞുനോക്കുന്നില്ല. വെള്ളി കൊള്ളയടിക്കുക! സ്വർണം കൊള്ളയടിക്കുക! എല്ലാ നിധികളിൽനിന്നുമുള്ള സമ്പത്തിനു കണക്കില്ല! അവൾ കൊള്ളയടിക്കപ്പെട്ടു, പിടിച്ചുപറിക്കപ്പെട്ടു, ശൂന്യയുമാക്കപ്പെട്ടു! ഹൃദയം ഉരുകുന്നു, മുഴങ്കാൽ ഇടറുന്നു, ശരീരം വിറയ്ക്കുന്നു, എല്ലാ മുഖവും വിളറുന്നു.