നഹൂം 1:1-15

നഹൂം 1:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്ക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം. ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനുമാകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂർണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു. യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവന്റെ കാല്ക്കീഴിലെ പൊടിയാകുന്നു. അവൻ സമുദ്രത്തെ ഭർത്സിച്ചു വറ്റിക്കയും സകല നദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു. അവന്റെ മുമ്പിൽ പർവതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകല നിവാസികളും തന്നെ. അവന്റെ ക്രോധത്തിൻമുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിർന്നു നില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളർന്നുപോകുന്നു. യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു. എന്നാൽ കവിഞ്ഞൊഴുകുന്നൊരു പ്രവാഹംകൊണ്ട് അവൻ അതിന്റെ സ്ഥലത്തിനു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു. നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടു പ്രാവശ്യം പൊങ്ങിവരികയില്ല. അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്ക് ഇരയായിത്തീരും. യഹോവയ്ക്ക് വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പൂർണശക്തന്മാരും അവ്വണ്ണം തന്നെ അനേകരും ആയിരുന്നാലും അവർ അങ്ങനെതന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല. ഇപ്പോഴോ ഞാൻ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളകയും നിന്റെ ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും. എന്നാൽ യഹോവ നിന്നെക്കുറിച്ച്: നിന്റെ പേരുള്ള സന്തതി ഇനി ഒട്ട് ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്നു ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു. ഇതാ, പർവതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദായേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽക്കൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

പങ്ക് വെക്കു
നഹൂം 1 വായിക്കുക

നഹൂം 1:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എല്‌ക്കോശിലെ നഹൂമിന്റെ ദർശനഗ്രന്ഥം - നിനെവേയെക്കുറിച്ചുള്ള അരുളപ്പാട്: സർവേശ്വരൻ തീക്ഷ്ണതയുള്ളവനും പ്രതികാരം ചെയ്യുന്നവനുമായ ദൈവമാണ്. അവിടുന്ന് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. സർവേശ്വരൻ പ്രതിയോഗികളോടു പക വീട്ടുന്നു. ശത്രുവിനെതിരെ അമർഷംകൊള്ളുന്നു. സർവേശ്വരൻ ക്ഷമാശീലനും മഹാശക്തനും ആകുന്നു. കുറ്റവാളികളെ അവിടുന്ന് ഒരിക്കലും വെറുതെ വിടുകയില്ല. കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലുമാണ് അവിടുത്തെ വഴി. മേഘങ്ങൾ അവിടുത്തെ കാല്‌ക്കീഴിലെ പൊടിയാണ്. അവിടുന്നു സമുദ്രത്തെ ശാസിച്ച് വറ്റിക്കുന്നു. എല്ലാ നദികളെയും വരളുമാറാക്കുന്നു; ബാശാൻപുൽമേടുകളും കർമ്മേൽമലയും ഉണങ്ങിക്കരിയുന്നു; ലെബാനോനിലെ പുഷ്പങ്ങൾ വാടുന്നു. തിരുമുമ്പിൽ പർവതങ്ങൾ കിടിലംകൊള്ളുന്നു. കുന്നുകൾ ഉരുകുന്നു. തിരുസന്നിധിയിൽ ഭൂമി കുലുങ്ങുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും വിറയ്‍ക്കുന്നു. അവിടുത്തെ രോഷത്തിനു മുമ്പിൽ ആർക്കു നില്‌ക്കാൻ കഴിയും? അവിടുത്തെ കോപത്തിന്റെ ചൂട് ആർക്കു സഹിക്കാനാവും? അവിടുന്നു ക്രോധം അഗ്നിപോലെ ചൊരിയുന്നു; അവിടുന്നു പാറകളെ തകർക്കുന്നു. സർവേശ്വരൻ നല്ലവനും കഷ്ടതയുടെ നാളിൽ രക്ഷാസങ്കേതവും ആകുന്നു. തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. എന്നാൽ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താൽ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു. സർവേശ്വരനെതിരെ നിങ്ങൾ എന്തു ഗൂഢാലോചനയാണ് നടത്തുന്നത്? അവിടുന്ന് അത് നിശ്ശേഷം തകർക്കും. ശത്രുക്കൾക്ക് എതിരെ രണ്ടാമതൊരു പ്രതികാരം അവിടുത്തേക്ക് വേണ്ടിവരികയില്ല. കെട്ടുപിണഞ്ഞു കിടക്കുന്ന മുൾപ്പടർപ്പുപോലെയോ ഉണങ്ങിയ വയ്‍ക്കോൽപോലെയോ അവരെ അഗ്നിക്കിരയാക്കും. സർവേശ്വരനെതിരെ ദുരാലോചന നടത്തുകയും വഞ്ചന ഉപദേശിക്കുകയും ചെയ്ത ഒരുവൻ നിന്നിൽനിന്ന് ഉദ്ഭവിച്ചില്ലേ? സർവേശ്വരൻ അരുളിച്ചെയ്യുന്നു: അവർ ബലിഷ്ഠരും സംഖ്യാബലം ഉള്ളവരുമെങ്കിലും ഛേദിക്കപ്പെട്ട് ഇല്ലാതാകും. “ഞാൻ നിങ്ങളെ പീഡിപ്പിച്ചെങ്കിലും ഇനിമേൽ അങ്ങനെ ചെയ്കയില്ല. നിങ്ങളുടെമേൽ ഇരിക്കുന്ന അസ്സീറിയായുടെ നുകം ഞാൻ തകർത്തുകളയും. നിങ്ങളുടെ ബന്ധനങ്ങൾ ഞാൻ തകർക്കും.” അവിടുന്നു അസ്സീറിയായെക്കുറിച്ചു കല്പിച്ചിരിക്കുന്നു. നിന്റെ നാമം ഇനിമേൽ നിലനിർത്തുകയില്ല; നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് ശില്പരൂപങ്ങളും വാർപ്പുവിഗ്രഹങ്ങളും ഞാൻ തകർത്തുകളയും. നിന്റെ ദുഷ്ടത നിമിത്തം ഞാൻ നിനക്കു ശവക്കുഴി തോണ്ടും. ഇതാ സദ്‍വാർത്തകൊണ്ടുവരുന്നവന്റെ- സമാധാനം ആശംസിക്കുന്നവന്റെ പാദങ്ങൾ മലമുകളിൽ! യെഹൂദായേ, നിന്റെ ഉത്സവങ്ങൾ ആചരിക്കുക; നിന്റെ നേർച്ചകൾ കഴിക്കുക; ദുഷ്ടജനം ഇനി നിന്റെ ദേശം ആക്രമിക്കുകയില്ല; അവർ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.

പങ്ക് വെക്കു
നഹൂം 1 വായിക്കുക

നഹൂം 1:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീനെവേ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്‍റെ ദർശനഗ്രന്ഥം. ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു; അവിടുന്ന് തന്‍റെ വൈരികളോട് പ്രതികാരം ചെയ്യുകയും തന്‍റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു. യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു. അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു. അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; ഭൂലോകവും അതിലെ സകലനിവാസികളും തന്നെ. അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നില്ക്കാം? അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു. യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; അവിടുന്ന് തന്‍റെ ശത്രുക്കളെ അന്ധകാരത്തിൽ പിന്തുടരുന്നു. നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവിടുന്ന് നാശം വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല. അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും. യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും ദുഷ്ടനായ ആലോചനക്കാരൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകുകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല. ഇപ്പോൾ ഞാൻ അവന്‍റെ നുകം നിന്‍റെമേൽനിന്ന് ഒടിച്ചുകളയും; നിന്‍റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും.” എന്നാൽ യഹോവ നിന്നെക്കുറിച്ച്: “നിന്‍റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കുകയാൽ ഞാൻ നിന്‍റെ ശവക്കുഴി കുഴിക്കും” എന്ന് കല്പിച്ചിരിക്കുന്നു. ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്‍റെ കാൽ; യെഹൂദയേ, നിന്‍റെ ഉത്സവങ്ങളെ ആചരിക്കുക; നിന്‍റെ നേർച്ചകളെ കഴിക്കുക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

പങ്ക് വെക്കു
നഹൂം 1 വായിക്കുക

നഹൂം 1:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം. ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂർണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു. യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാൽക്കീഴിലെ പൊടിയാകുന്നു. അവൻ സമുദ്രത്തെ ഭർത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു. അവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ. അവന്റെ ക്രോധത്തിൻ മുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിർന്നുനില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളർന്നുപോകുന്നു. യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു. എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ടു അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു. നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല. അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും. യഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പൂർണ്ണശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവർ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല. ഇപ്പോഴോ ഞാൻ അവന്റെ നുകം നിന്റെമേൽനിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും. എന്നാൽ യഹോവ നിന്നെക്കുറിച്ചു: നിന്റെ പേരുള്ള സന്തതി ഇനി ഒട്ടും ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ നിന്നു ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു. ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

പങ്ക് വെക്കു
നഹൂം 1 വായിക്കുക

നഹൂം 1:1-15 സമകാലിക മലയാളവിവർത്തനം (MCV)

നിനവേക്കുറിച്ചുള്ള പ്രവചനം. എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം. യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അവിടന്നു പ്രതികാരംചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു. യഹോവ തന്റെ ശത്രുക്കളോട് പകരംവീട്ടുകയും തന്റെ വൈരികൾക്കായി ക്രോധം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു. യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു; അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല. അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്, മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു. അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു; നദികളെയെല്ലാം വറ്റിക്കുന്നു. ബാശാനും കർമേലും ഉണങ്ങുന്നു, ലെബാനോനിലെ പുഷ്പങ്ങൾ വാടിപ്പോകുന്നു. പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു. അവിടത്തെ സാന്നിധ്യത്തിൽ ഭൂമി വിറകൊള്ളുന്നു, ഭൂലോകവും അതിലെ സകലനിവാസികളും അങ്ങനെതന്നെ. അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും? അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും? അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു; പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു. യഹോവ നല്ലവനും അനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു. തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു, എന്നാൽ, കരകവിയുന്ന പ്രവാഹത്തിൽ അവിടന്ന് നിനവേയെ നിശ്ശേഷം നശിപ്പിക്കും; അവിടന്ന് തന്റെ ശത്രുക്കളെ അന്ധകാരത്തിൽ പിൻതുടരും. യഹോവയ്ക്കെതിരേ നിങ്ങൾ എന്തു ഗൂഢാലോചന നടത്തുന്നു? അവിടന്ന് നിശ്ശേഷം നശിപ്പിക്കും; കഷ്ടത രണ്ടുപ്രാവശ്യം വരികയില്ല. കെട്ടുപിണഞ്ഞിരിക്കുന്ന മുൾപ്പടർപ്പുപോലെ അവർ ആയിരുന്നാലും തങ്ങളുടെ മദ്യത്തിൽ മത്തുപിടിച്ചിരുന്നാലും; വൈക്കോൽക്കുറ്റിപോലെ അവർ ദഹിപ്പിക്കപ്പെടും. യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും വഞ്ചന ഉപദേശിക്കുകയും ചെയ്യുന്നവൻ നിനവേ, നിന്നിൽനിന്നു പുറപ്പെട്ടു വന്നിരിക്കുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പൂർണശക്തരും സംഖ്യാബലമുള്ളവരും ആയിരുന്നാലും അവർ ഛേദിക്കപ്പെടും; അവർ ഇല്ലാതെയാകും. ഞാൻ നിന്നെ കഷ്ടപ്പെടുത്തിയെങ്കിലും, യെഹൂദയേ, ഇനിയൊരിക്കലും ഞാൻ നിന്നെ കഷ്ടപ്പെടുത്തുകയില്ല. ഇപ്പോൾ നിന്റെ കഴുത്തിൽനിന്ന് അവരുടെ നുകം ഞാൻ ഒടിച്ചുകളയും നിന്റെ വിലങ്ങുകൾ അഴിച്ചുകളയും.” എന്നാൽ യഹോവ നിന്നെക്കുറിച്ച് കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നു: “നിന്റെ നാമം നിലനിർത്താൻ നിനക്കു സന്തതി ഉണ്ടാകുകയില്ല. നിന്റെ ദേവന്മാരുടെ ക്ഷേത്രങ്ങളിലുള്ള രൂപങ്ങളെയും വിഗ്രഹങ്ങളെയും ഞാൻ നശിപ്പിക്കും. നീ നീചനാകുകയാൽ ഞാൻ നിനക്കായി ഒരു ശവക്കുഴി ഒരുക്കും.” ഇതാ, പർവതങ്ങളിൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ പാദങ്ങൾ. യെഹൂദേ, നിന്റെ പെരുന്നാളുകൾ ആഘോഷിക്കുക, നിന്റെ നേർച്ചകൾ നിറവേറ്റുക. ദുഷ്ടർ ഇനി നിന്നിൽ പ്രവേശിക്കുകയില്ല; അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കും.

പങ്ക് വെക്കു
നഹൂം 1 വായിക്കുക