മർക്കൊസ് 9:1-13
മർക്കൊസ് 9:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി. അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചുകൊണ്ടിരുന്നു. പത്രൊസ് യേശുവിനോട്: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു. താൻ എന്തു പറയേണ്ടൂ എന്ന് അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു. പിന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനു ചെവികൊടുപ്പിൻ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല. അവർ മലയിൽനിന്ന് ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത് എന്ന് അവൻ അവരോടു കല്പിച്ചു. മരിച്ചവരിൽനിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മിൽ തർക്കിച്ചുംകൊണ്ട് അവർ ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു; ഏലീയാവ് മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ വാദിക്കുന്നത് എന്ത് എന്ന് അവർ ചോദിച്ചു. അതിനു യേശു: ഏലീയാവ് മുമ്പേ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്ന് എഴുതിയിരിക്കുന്നത് എങ്ങനെ? ഏലീയാവ് വന്നു; അവനെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു.
മർക്കൊസ് 9:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവരോടു പറഞ്ഞു: “വാസ്തവം ഞാൻ പറയട്ടെ, ദൈവരാജ്യം പ്രഭാവത്തോടുകൂടി വരുന്നതു കാണുന്നതുവരെ ഇവിടെ നില്‌ക്കുന്നവരിൽ ചിലർ മരിക്കുകയില്ല.” ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂട്ടിക്കൊണ്ട് യേശു ഒരുയർന്ന മലയിലേക്കുപോയി. അവിടെ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കൺമുമ്പിൽവച്ച് അവിടുന്നു രൂപാന്തരപ്പെട്ടു. ഭൂമിയിലുള്ള ഒരാൾക്കും വെളുപ്പിക്കുവാൻ കഴിയാത്തവിധം അവിടുത്തെ വസ്ത്രം വെൺമയുള്ളതായി മിന്നിത്തിളങ്ങി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നത് അവർ കണ്ടു. പത്രോസ് യേശുവിനോട്, “ഗുരോ, ഞങ്ങൾ ഇവിടെ ഉള്ളത് എത്ര നന്നായി; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെയോ? ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും” എന്നു ചോദിച്ചു. താൻ എന്താണു പറയേണ്ടതെന്നു പത്രോസിന് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹവും മറ്റു ശിഷ്യന്മാരും അത്രമാത്രം ഭയപരവശരായിത്തീർന്നിരുന്നു. പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവൻ എന്റെ പ്രിയപുത്രൻ, ഇവൻ പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തിൽനിന്ന് ഒരു അശരീരിയുണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കി. അപ്പോൾ തങ്ങളോടുകൂടി യേശുവിനെയല്ലാതെ ആരെയും അവർ കണ്ടില്ല. മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുതെന്ന് മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോടു കർശനമായി ആജ്ഞാപിച്ചു. അതുകൊണ്ട് ഈ സംഭവം അവർ രഹസ്യമായി സൂക്ഷിച്ചു. എന്നാൽ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കും എന്ന് അവിടുന്നു പറഞ്ഞതിന്റെ അർഥം എന്തായിരിക്കുമെന്ന് അവർ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. “ഏലിയാ ആദ്യം വരേണ്ടതാണ് എന്ന് മതപണ്ഡിതന്മാർ പറയുന്നത് എന്തുകൊണ്ട്?” എന്ന് അവർ യേശുവിനോടു ചോദിച്ചു. അതിനു യേശു അവരോടു പറഞ്ഞു: “എല്ലാം ഒരുക്കുന്നതിന് ആദ്യം ഏലിയാ വരുന്നു; എന്നാൽ മനുഷ്യപുത്രൻ വളരെയധികം കഷ്ടപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നല്ലേ എഴുതിയിരിക്കുന്നത്? ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ വന്നു കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ അവർ അദ്ദേഹത്തോടു യഥേഷ്ടം പ്രവർത്തിച്ചു.”
മർക്കൊസ് 9:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യേശു അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി. അപ്പോൾ ഏലിയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു. പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു. താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു. പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനു ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല. അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോടു കല്പിച്ചു. ‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു. “ഏലിയാവ് മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?” എന്നു അവർ ചോദിച്ചു. അതിന് യേശു: ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ? എന്നാൽ ഏലിയാവ് വന്നു; അവനെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോട് ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 9:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവൻ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി. അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു. പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു. താൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു. പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. പെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല. അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവൻ അവരോടു കല്പിച്ചു. മരിച്ചവരിൽനിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തർക്കിച്ചുംകൊണ്ടു അവർ ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു. ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ വാദിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ? ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 9:1-13 സമകാലിക മലയാളവിവർത്തനം (MCV)
യേശു തുടർന്ന് അവരോട്, “ഞാൻ നിങ്ങളോടു പറയട്ടെ, ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം” എന്നു പറഞ്ഞു. ഇതിനുശേഷം ആറുദിവസം കഴിഞ്ഞ് യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ വസ്ത്രം ഭൂമിയിൽ ആർക്കും വെളുപ്പിക്കാൻ കഴിയുന്നതിലും അധികം വെണ്മയുള്ളതായി തിളങ്ങി. ഏലിയാവും മോശയും അവർക്കു പ്രത്യക്ഷരായി, യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോൾ പത്രോസ് യേശുവിനോട്, “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്; നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം; ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. എന്തു പറയണമെന്ന് അറിയാഞ്ഞതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്; കാരണം അവർ അത്രയേറെ ഭയവിഹ്വലരായിരുന്നു. അപ്പോൾത്തന്നെ ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിൽനിന്ന് “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. പെട്ടെന്ന്, അവർ ചുറ്റും നോക്കി; അപ്പോൾ തങ്ങളോടുകൂടെ യേശുവിനെ അല്ലാതെ മറ്റാരെയും പിന്നെ കണ്ടില്ല. അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർക്കുന്നതുവരെ, ഈ കണ്ടത് ആരോടും പറയരുത് എന്നു കൽപ്പിച്ചു. അവർ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു, എന്നാൽ “മരിച്ചവരിൽനിന്ന് ഉയിർക്കുക” എന്നതിന്റെ അർഥം എന്തെന്ന് അവർക്കിടയിൽ ചർച്ചചെയ്തുകൊണ്ടും ഇരുന്നു. അവർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്നു ചോദിച്ചു. അതിന് യേശു: “ആദ്യം ഏലിയാവു വന്ന് എല്ലാക്കാര്യങ്ങളും തീർച്ചയായും പുനഃസ്ഥാപിക്കുമെങ്കിൽ മനുഷ്യപുത്രൻ വളരെ കഷ്ടത സഹിക്കുകയും തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് എഴുതിയിരിക്കുന്നത് എങ്ങനെ? എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നപ്രകാരം തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയും ചെയ്തു.”