മർക്കൊസ് 7:31-35
മർക്കൊസ് 7:31-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വീണ്ടും സോരിന്റെ അതിർവിട്ട് സീദോൻവഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽക്കൂടി ഗലീലക്കടല്പുറത്തു വന്നു. അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്ന്, അവന്റെമേൽ കൈ വയ്ക്കേണം എന്ന് അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗത്തേക്കു നോക്കി നെടുവീർപ്പിട്ട് അവനോട്: തുറന്നുവരിക എന്ന് അർഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവിതുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിച്ചു.
മർക്കൊസ് 7:31-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് യേശു സോരിൽനിന്ന് സീദോൻവഴി ദക്കപ്പൊലി ദേശത്തുകൂടി ഗലീലത്തടാകതീരത്തേക്കു മടങ്ങിപ്പോയി. അപ്പോൾ ബധിരനും മൂകനുമായ ഒരു മനുഷ്യനെ ചിലർ അവിടുത്തെ അടുക്കൽ കൊണ്ടുവന്ന് അയാളുടെമേൽ കൈകൾ വയ്‍ക്കണമെന്ന് അപേക്ഷിച്ചു. യേശു ആ മനുഷ്യനെ ആൾക്കൂട്ടത്തിൽനിന്ന് രഹസ്യമായി മാറ്റി നിറുത്തി അയാളുടെ ചെവിയിൽ വിരലുകൾ ഇടുകയും തുപ്പൽകൊണ്ട് നാവിൽ സ്പർശിക്കുകയും ചെയ്തു; പിന്നീട് സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് “എഫഥാ” എന്ന് അയാളോടു പറഞ്ഞു; അതിനു ‘തുറക്കപ്പെടട്ടെ’ എന്നർഥം. അപ്പോൾ ആ ബധിരന്റെ ചെവി തുറന്നു. അയാളുടെ നാവിന്റെ ബന്ധനം അഴിഞ്ഞു സ്പഷ്ടമായി സംസാരിക്കുകയും ചെയ്തു.
മർക്കൊസ് 7:31-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്ത് വന്നു. അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്‍റെമേൽ കൈ വയ്ക്കേണം എന്നു അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽനിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോട്: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്‍റെ കെട്ടും അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.
മർക്കൊസ് 7:31-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു. അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
മർക്കൊസ് 7:31-35 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീട് യേശു സോർപ്രദേശം വിട്ടു സീദോനിലൂടെ ദെക്കപ്പൊലിവഴി ഗലീലാതടാകതീരത്തേക്കു പോയി. അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു. യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു. അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ “തുറന്നുവരിക” എന്നർഥമുള്ള “ എഫഥാ ” എന്നു പറഞ്ഞു. അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.