മർക്കൊസ് 6:7-11

മർക്കൊസ് 6:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചുതുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരം കൊടുത്തു. അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുത്; ചെരിപ്പ് ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു. നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിനായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.

മർക്കൊസ് 6:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പന്ത്രണ്ടു ശിഷ്യന്മാരെ അവിടുന്ന് അടുക്കൽ വിളിച്ച് ഈരണ്ടുപേരെ വീതം അയച്ചു. അവർക്കു ദുഷ്ടാത്മാക്കളുടെമേൽ അധികാരം നല്‌കി. “യാത്രയ്‍ക്ക് ഒരു വടിയല്ലാതെ ഭക്ഷണമോ, ഭാണ്ഡമോ, കീശയിൽ പണമോ എടുക്കരുത്; ചെരുപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്ത്രം ആവശ്യമില്ല. നിങ്ങൾ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ടുപോകുന്നതുവരെ അവിടെത്തന്നെ പാർക്കുക; ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങൾ പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താൽ അവിടം വിട്ടു പൊയ്‍ക്കൊള്ളുക; നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുകയും ചെയ്യുക; അത് അവർക്കെതിരെയുള്ള സാക്ഷ്യമായിരിക്കും” എന്ന് അവരെ അനുശാസിക്കുകയും ചെയ്തു.

മർക്കൊസ് 6:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു. അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോടു കല്പിച്ചു. നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നെ താമസിക്കുവിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ എന്നും അവരോട് പറഞ്ഞു.

മർക്കൊസ് 6:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു. അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു. നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ. *ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.

മർക്കൊസ് 6:7-11 സമകാലിക മലയാളവിവർത്തനം (MCV)

അദ്ദേഹം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവർക്ക് ദുരാത്മാക്കളുടെമേൽ അധികാരംനൽകി. അവർക്ക് ഇപ്രകാരം നിർദേശംനൽകി, ഈരണ്ടുപേരെയായി അയയ്ക്കാൻതുടങ്ങി. “ഈ യാത്രയിൽ ഒരു വടിമാത്രമേ കരുതാവൂ—ആഹാരമോ സഞ്ചിയോ പണമോ എടുക്കാൻ പാടില്ല. ചെരിപ്പു ധരിക്കാം, ഒന്നിലധികം വസ്ത്രം അരുത്. ഒരു പട്ടണത്തിൽ ചെന്ന് അവിടെയുള്ള ഒരു ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക. ഏതെങ്കിലും സ്ഥലത്തു നിങ്ങളെ സ്വീകരിക്കാതിരിക്കുകയും അവിടെയുള്ളവർ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയും ചെയ്താൽ ആ സ്ഥലം വിട്ടുപോകുമ്പോൾ, ആ സ്ഥലവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.”