മർക്കൊസ് 5:5-20

മർക്കൊസ് 5:5-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൻ കല്ലുകൊണ്ടു ചതച്ചുംപോന്നു. അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്ന് അവനെ നമസ്കരിച്ചു. അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടു പോക എന്ന് യേശു കല്പിച്ചിരുന്നു. നിന്റെ പേരെന്ത് എന്ന് അവനോടു ചോദിച്ചതിന്: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു; നാട്ടിൽനിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്ന് അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ആ പന്നികളിൽ കടക്കേണ്ടതിനു ഞങ്ങളെ അയയ്ക്കേണം എന്ന് അവർ അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു: സംഭവിച്ചതു കാൺമാൻ പലരും പുറപ്പെട്ടു, യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. കണ്ടവർ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോട് അറിയിച്ചു. അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചുതുടങ്ങി. അവൻ പടക് ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനുംകൂടെ പോരട്ടെ” എന്ന് അവനോട് അപേക്ഷിച്ചു. യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

മർക്കൊസ് 5:5-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അയാൾ അത്യുച്ചത്തിൽ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി. കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എന്റെ കാര്യത്തിൽ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓർത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. “ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്. യേശു അയാളോട് “നിന്റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്റെ പേരു ലെഗ്യോൻ എന്നാണ്; ഞങ്ങൾ ഒട്ടുവളരെപ്പേർ ഉണ്ട്” എന്ന് അയാൾ പ്രതിവചിച്ചു. “ഞങ്ങളെ ഈ നാട്ടിൽനിന്ന് തുരത്തിക്കളയരുതേ” എന്ന് അയാൾ കെഞ്ചി. അവിടെ കുന്നിൻചരുവിൽ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും; അവയിൽ ഞങ്ങൾ പ്രവേശിച്ചുകൊള്ളാം” എന്ന് ദുഷ്ടാത്മാക്കൾ കേണപേക്ഷിച്ചു. യേശു അതിനവരെ അനുവദിച്ചു. അവർ ആ മനുഷ്യനിൽനിന്നു പുറത്തുകടന്നു പന്നികളിൽ പ്രവേശിച്ചു. രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം കുത്തനെയുള്ള കുന്നിൻചരുവിലൂടെ പാഞ്ഞുചെന്നു തടാകത്തിൽ ചാടി മുങ്ങിച്ചത്തു. പന്നിയെ മേയിച്ചിരുന്നവർ ഓടിപ്പോയി, പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഈ വിവരം അറിയിച്ചു. സംഭവിച്ചത് എന്തെന്നറിയാൻ ആളുകൾ ഉടനെ ഓടിക്കൂടി. അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ പിശാചുബാധിതനായിരുന്ന ആ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധമുള്ളവനായും ഇരിക്കുന്നതു കണ്ടു. ലെഗ്യോൻ ബാധിച്ചിരുന്ന ആ മനുഷ്യനെ കണ്ടപ്പോൾ അവർ ഭയപ്പെട്ടു. ആ ഭൂതബാധിതനും പന്നികൾക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളിൽനിന്ന് അവർ മനസ്സിലാക്കി. അവർ യേശുവിനോടു തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു. യേശു വഞ്ചിയിൽ കയറിയപ്പോൾ “അങ്ങയുടെകൂടെ വരാൻ എന്നെക്കൂടി അനുവദിക്കണമേ” എന്നു ഭൂതാവിഷ്ടനായിരുന്ന ആ മനുഷ്യൻ അപേക്ഷിച്ചു. പക്ഷേ യേശു അനുവദിച്ചില്ല. അവിടുന്ന് അയാളോട്: “നീ നിന്റെ വീട്ടിലേക്കു തിരിച്ചുപോയി കർത്താവു തന്റെ കരുണയാൽ നിനക്കു ചെയ്തിരിക്കുന്നത് നിന്റെ ബന്ധുമിത്രാദികളോടു പറയുക” എന്നു പറഞ്ഞു. അങ്ങനെ ആ മനുഷ്യൻ മടങ്ങിപ്പോയി യേശു തനിക്കു ചെയ്തതെല്ലാം ദക്കപ്പൊലി ദേശത്ത് പ്രഖ്യാപനം ചെയ്തുതുടങ്ങി. അതുകേട്ടവരെല്ലാം വിസ്മയഭരിതരായി.

മർക്കൊസ് 5:5-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും കല്ലുകൊണ്ടു തന്നെത്താൻ മുറിവേൽപ്പിച്ചും പോന്നു. അവൻ യേശുവിനെ ദൂരത്തുനിന്ന് കണ്ടിട്ട് ഓടിച്ചെന്നു അവനെ നമസ്കരിച്ചു. അവൻ ഉറക്കെ നിലവിളിച്ചു: “യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ” എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു. നിന്‍റെ പേരെന്ത്? എന്നു അവനോട് ചോദിച്ചതിന്: “എന്‍റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു; ആ നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിക്കുവാൻ അവൻ പലവട്ടം അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ആ പന്നികളിൽ കടക്കേണ്ടതിന് ഞങ്ങളെ അയയ്ക്കേണം” എന്നു അവർ അവനോട് അപേക്ഷിച്ചു. അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നികളിൽ കടന്നിട്ട് ആ പന്നിക്കൂട്ടം മലഞ്ചരിവിലൂടെ കടലിലേക്കു പാഞ്ഞുചെന്ന് മുങ്ങി ചത്തു. അവ ഏകദേശം രണ്ടായിരം പന്നികൾ ആയിരുന്നു. പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചത് കാണ്മാൻ പലരും പുറപ്പെട്ടു ചെന്നു. അവർ യേശുവിന്‍റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. കണ്ടവർ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും വരുന്നവരോട് അറിയിച്ചു. അപ്പോൾ അവർ യേശുവിനോടു തങ്ങളുടെ പ്രദേശം വിട്ടുപോകുവാൻ അപേക്ഷിച്ചുതുടങ്ങി. അവൻ പടക് കയറി പോകുവാൻ തുടങ്ങുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോട് അപേക്ഷിച്ചു. യേശു അവനെ അനുവദിക്കാതെ: നിന്‍റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവ് നിനക്കു ചെയ്തതു ഒക്കെയും നിന്നോട് കരുണ കാണിച്ചതും പ്രസ്താവിക്ക എന്നു അവനോട് പറഞ്ഞു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

മർക്കൊസ് 5:5-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു. അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു. അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു. നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു; നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു. അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു. അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി. അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു. യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

മർക്കൊസ് 5:5-20 സമകാലിക മലയാളവിവർത്തനം (MCV)

രാവും പകലും അയാൾ കല്ലറകൾക്കിടയിലും കുന്നുകളിലും അലഞ്ഞുതിരിയുകയും നിലവിളിക്കുകയും കല്ലുകൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തുപോന്നു. യേശുവിനെ ദൂരെനിന്നുതന്നെ കണ്ടിട്ട് അയാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാൻ അപേക്ഷിക്കുന്നു; എന്നെ പീഡിപ്പിക്കരുതേ,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. “ദുരാത്മാവേ, ഇവനിൽനിന്ന് പുറത്തുപോകുക,” എന്ന് യേശു കൽപ്പിച്ചിരുന്നു. പിന്നെ യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. “എന്റെ പേര് ലെഗ്യോൻ; ഞങ്ങൾ അസംഖ്യമാകുന്നു” അയാൾ ഉത്തരം പറഞ്ഞു. തങ്ങളെ ആ പ്രദേശത്തുനിന്നു പറഞ്ഞയയ്ക്കരുതെന്ന് അവൻ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ദുരാത്മാക്കൾ യേശുവിനോട്, “ഞങ്ങളെ പന്നികളിലേക്ക് അയയ്ക്കണമേ; അവയിൽ പ്രവേശിക്കാൻ ഞങ്ങളെ അനുവദിക്കണമേ” എന്നു യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി; ദുരാത്മാക്കൾ ആ മനുഷ്യനിൽനിന്ന് പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. എണ്ണത്തിൽ രണ്ടായിരം വരുന്ന ആ പന്നിക്കൂട്ടം ദുരാത്മാക്കൾ ബാധിച്ചതോടെ ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നു കാണാൻ ജനങ്ങൾ വന്നുകൂടി. അവർ യേശുവിന്റെ അടുക്കൽ എത്തിയപ്പോൾ, ഭൂതബാധിതനായ ആ മനുഷ്യൻ വസ്ത്രംധരിച്ച്, സുബോധത്തോടെ അവിടെ ഇരിക്കുന്നതു കണ്ടു; അവർ ഭയപ്പെട്ടു. ഭൂതബാധിതനു സംഭവിച്ചതും പന്നികളുടെ കാര്യവും ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു. ഇതു കേട്ടപ്പോൾ ജനങ്ങൾ യേശുവിനോടു തങ്ങളുടെദേശം വിട്ടുപോകാൻ അപേക്ഷിച്ചുതുടങ്ങി. യേശു വള്ളത്തിൽ കയറുമ്പോൾ, ഭൂതബാധിതനായിരുന്ന മനുഷ്യൻ അദ്ദേഹത്തെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. യേശു അവനെ അനുവദിക്കാതെ, “നീ വീട്ടിൽപ്പോയി, കർത്താവ് നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നും നിന്നോട് എങ്ങനെ കരുണ കാണിച്ചുവെന്നും അവിടെയുള്ളവരോടു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ ആ മനുഷ്യൻ പോയി യേശു തനിക്കു ചെയ്തതെല്ലാം ദെക്കപ്പൊലി നാട്ടിൽ അറിയിച്ചുതുടങ്ങി. ജനങ്ങൾ ആശ്ചര്യപ്പെട്ടു.