മർക്കൊസ് 5:35-42

മർക്കൊസ് 5:35-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്ന് ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന് എന്നു പറഞ്ഞു. യേശു ആ വാക്ക് കാര്യമാക്കാതെ പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല. പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്ന് അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തു ചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർഥത്തോടെ തലീഥാ കൂമി എന്ന് അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു.

മർക്കൊസ് 5:35-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സുനഗോഗ് അധികാരിയുടെ വീട്ടിൽനിന്ന് ഏതാനും ആളുകൾ വന്ന് “അങ്ങയുടെ മകൾ മരിച്ചുപോയി; ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?” എന്നു യായിറോസിനോടു പറഞ്ഞു. യേശു അതു ഗൗനിക്കാതെ അയാളോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” എന്നു പറഞ്ഞു. പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ എന്നിവരൊഴികെ മറ്റാരെയും തന്റെകൂടെ ചെല്ലാൻ യേശു അനുവദിച്ചില്ല. അവർ യായിറോസിന്റെ ഭവനത്തിലെത്തിയപ്പോൾ അവിടെ വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും മുറവിളിയും ആയിരുന്നു. യേശു അകത്തു കടന്ന്, “ഈ ബഹളവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ അവർ യേശുവിനെ പരിഹസിച്ചു. എന്നാൽ അവിടുന്ന് അവരെയെല്ലാം പുറത്താക്കിയശേഷം കുട്ടിയുടെ മാതാപിതാക്കളെയും കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട് അവൾ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്‌ക്കുക എന്നു ഞാൻ നിന്നോടു പറയുന്നു’ എന്നാണതിനർഥം. തൽക്ഷണം അവൾ എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവർ ആശ്ചര്യപരതന്ത്രരായി.

മർക്കൊസ് 5:35-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ആൾ വന്നു: “നിന്‍റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്?” എന്നു പറഞ്ഞു. യേശു ആ വാക്ക് കേട്ടു പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. പത്രൊസും യാക്കോബും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ അവൻ സമ്മതിച്ചില്ല. അവർ പള്ളിപ്രമാണിയുടെ വീട്ടിൽ വന്നപ്പോൾ, ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും യേശു കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ എന്നു അവരോട് പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു.

മർക്കൊസ് 5:35-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു. യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല. പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു

മർക്കൊസ് 5:35-42 സമകാലിക മലയാളവിവർത്തനം (MCV)

യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ചില ആളുകൾ വന്ന് “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു. അവർ പറഞ്ഞതു ഗൗനിക്കാതെ യേശു പള്ളിമുഖ്യനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക” എന്നു പറഞ്ഞു. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ യേശു അനുവദിച്ചില്ല. അവർ പള്ളിമുഖ്യന്റെ വീട്ടിൽ എത്തിയപ്പോൾ, ജനങ്ങൾ നിലവിളിച്ചും ഉറക്കെ കരഞ്ഞും ബഹളംകൂട്ടുന്നത് യേശു കണ്ടു. അദ്ദേഹം അകത്തുചെന്ന് അവരോട്, “എന്തിനാണ് ഈ ബഹളവും കരച്ചിലും? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു. യേശു, എല്ലാവരെയും പുറത്താക്കിയതിനുശേഷം, കുട്ടിയുടെ മാതാപിതാക്കളെയും തന്നോടൊപ്പമുണ്ടായിരുന്ന ശിഷ്യന്മാരെയുംകൂട്ടിക്കൊണ്ട്, അകത്ത് കുട്ടി കിടന്നിരുന്നിടത്തു ചെന്നു. അവളുടെ കൈക്കുപിടിച്ച് അദ്ദേഹം അവളോട്, “ തലീഥാ കൂമി! ” എന്നു പറഞ്ഞു. “ ‘മോളേ, എഴുന്നേൽക്കൂ’ എന്നു ഞാൻ നിന്നോടു പറയുന്നു” എന്നാണ് അതിന്റെ അർഥം. ഉടൻതന്നെ ബാലിക എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ട് വയസ്സുണ്ടായിരുന്നു. ഇതു കണ്ടവരെല്ലാം അത്ഭുതപരതന്ത്രരായി.