മർക്കൊസ് 4:35-41

മർക്കൊസ് 4:35-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നു സന്ധ്യയായപ്പോൾ: നാം അക്കരയ്ക്കു പോക എന്ന് അവൻ അവരോടു പറഞ്ഞു. അവർ പുരുഷാരത്തെ വിട്ട്, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അതു മുങ്ങുമാറായി. അവൻ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോട്: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റ് അമർന്നു, വലിയ ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.

മർക്കൊസ് 4:35-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നു വൈകുന്നേരം, “നമുക്ക് അക്കരയ്‍ക്കുപോകാം” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. അതുകൊണ്ട് അവർ ജനസഞ്ചയത്തെ വിട്ടിട്ട് യേശു നേരത്തെ കയറിയിരുന്ന വഞ്ചിയിൽ കയറി പുറപ്പെട്ടു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു. അപ്പോൾ അത്യുഗ്രമായ ഒരു കൊടുങ്കാറ്റടിച്ചു. തിരമാലകൾ ഉയർന്നു, വഞ്ചിയിൽ വെള്ളം അടിച്ചു കയറി, വഞ്ചി നിറയുമാറായി. യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അവിടുത്തെ വിളിച്ചുണർത്തി; “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കാൻ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു. യേശു എഴുന്നേറ്റു കാറ്റിനോട് “അടങ്ങുക” എന്ന് ആജ്ഞാപിച്ചു. തിരമാലകളോട് “ശാന്തമാകുക” എന്നും കല്പിച്ചു. ഉടനെ കാറ്റടങ്ങി. പ്രക്ഷുബ്‍ധമായ തടാകം പ്രശാന്തമായി. പിന്നീട് അവിടുന്ന് അവരോട്, “എന്തിനാണു നിങ്ങൾ ഇങ്ങനെ ഭീരുക്കളാകുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” എന്നു ചോദിച്ചു. അവർ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർ അന്യോന്യം പറഞ്ഞു.

മർക്കൊസ് 4:35-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അന്നു സന്ധ്യയായപ്പോൾ: നാം അക്കരയ്ക്ക് പോക എന്നു അവൻ അവരോട് പറഞ്ഞു. അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകക്കൊണ്ട് അത് മുങ്ങാറായി. അവൻ അമരത്ത് തലയണ വച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ?” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ? എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.

മർക്കൊസ് 4:35-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നു സന്ധ്യയായപ്പോൾ: നാം അക്കരെക്കു പോക എന്നു അവൻ അവരോടു പറഞ്ഞു. അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോടു: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.

മർക്കൊസ് 4:35-41 സമകാലിക മലയാളവിവർത്തനം (MCV)

അന്നു വൈകുന്നേരം യേശു ശിഷ്യന്മാരോട്, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞു. ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി. യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു. അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി! അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു. അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.