മർക്കൊസ് 4:3-8
മർക്കൊസ് 4:3-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു. മറ്റു ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിനു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. മറ്റു ചിലതു നല്ല മണ്ണിൽ വീണിട്ടു മുളച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
മർക്കൊസ് 4:3-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഇതാ കേൾക്കൂ! ഒരു മനുഷ്യൻ വിതയ്‍ക്കാൻ പുറപ്പെട്ടു. അയാൾ വിതച്ചപ്പോൾ കുറെ വിത്തു വഴിയിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. ചില വിത്തു പാറയുള്ള സ്ഥലത്താണു വീണത്. അവിടെ മണ്ണിനു താഴ്ചയില്ലാതിരുന്നതിനാൽ വിത്തു പെട്ടെന്നു മുളച്ചെങ്കിലും അവയ്‍ക്കു വേരില്ലാഞ്ഞതുകൊണ്ട് സൂര്യൻ ഉദിച്ചുയർന്നപ്പോൾ വാടിക്കരിഞ്ഞുപോയി. മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അവ ഫലം നല്‌കിയില്ല. മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളർന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്‌കി.”
മർക്കൊസ് 4:3-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“കേൾക്കുവിൻ; വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയിൽ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു. മറ്റു ചില വിത്തുകൾ പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന് താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുപൊങ്ങി. സൂര്യൻ ഉദിച്ചപ്പോൾ ചൂട് തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി. മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അത് വിളഞ്ഞതുമില്ല. മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു.
മർക്കൊസ് 4:3-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു. മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
മർക്കൊസ് 4:3-8 സമകാലിക മലയാളവിവർത്തനം (MCV)
“കേൾക്കുക! ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു. ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു. ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു. എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി. കുറെ വിത്തുകളാകട്ടെ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിയതുകൊണ്ട് അവ ഫലം പുറപ്പെടുവിച്ചില്ല. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു. അവ മുളച്ചു, വളർന്നു, മുപ്പതും അറുപതും നൂറും മടങ്ങ് വിളവുനൽകി.”