മർക്കൊസ് 3:7-21

മർക്കൊസ് 3:7-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും എദോമിൽനിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു ചെറുപടകു തനിക്ക് ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവൻ അവരെ വളരെ ശാസിച്ചുപോന്നു. പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു: ശിമോനു പത്രൊസ് എന്നു പേരിട്ടു; സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്ക് ഇടിമക്കൾ എന്നർഥമുള്ള ബൊവനേർഗ്ഗെരുസ് എന്നു പേരിട്ടു- അന്ത്രെയാസ്, ഫീലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ, തന്നെ കാണിച്ചു കൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ. അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങിക്കൂടിവന്നു. അവന്റെ ചാർച്ചക്കാർ അതു കേട്ട്, അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാൻ വന്നു.

മർക്കൊസ് 3:7-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശിഷ്യന്മാരോടുകൂടി യേശു ഗലീലത്തടാകത്തിന്റെ തീരത്തേക്കു പോയി. ഗലീലയിൽനിന്ന് ഒരു വൻ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. യെഹൂദ്യ, യെരൂശലേം, എദോം, യോർദ്ദാന്റെ മറുകര, സോരിന്റെയും സീദോന്റെയും ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം വലിയൊരു ജനാവലി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടിട്ട് അവിടുത്തെ അടുക്കൽ വന്നുകൂടി. ഒട്ടേറെ ആളുകളെ അവിടുന്ന് സുഖപ്പെടുത്തിയതിനാൽ രോഗബാധിതരായ എല്ലാവരും അവിടുത്തെ സ്പർശിക്കുന്നതിനായി തള്ളിക്കയറി മുൻപോട്ടു വന്നുകൊണ്ടിരുന്നു. ആൾക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറുവഞ്ചി ഒരുക്കുവാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. അവിടുത്തെ കണ്ടമാത്രയിൽ ദുഷ്ടാത്മാക്കൾ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു. താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് യേശു കർശനമായി ആജ്ഞാപിച്ചു. യേശു പിന്നീട് ഒരു കുന്നിന്റെ മുകളിലേക്ക് കയറിപ്പോയി. താൻ ഇച്ഛിച്ചവരെ അവിടുന്നു വിളിച്ചു. അവർ അവിടുത്തെ അടുത്തെത്തി. അവിടുന്നു നിയമിച്ച പന്ത്രണ്ടുപേർക്ക് അപ്പോസ്തോലന്മാർ എന്നു നാമകരണം ചെയ്തു. അവിടുന്ന് അവരോടു പറഞ്ഞു: “എന്റെകൂടെ ആയിരിക്കേണ്ടതിന് ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; സുവിശേഷം ഘോഷിക്കുവാൻ ഞാൻ നിങ്ങളെ അയയ്‍ക്കും; ഭൂതങ്ങളെ പുറത്താക്കുവാനുള്ള അധികാരം നിങ്ങൾക്കുണ്ടായിരിക്കും.” ശിമോന് അവിടുന്നു പത്രോസ് എന്നു പേരിട്ടു. സെബദിയുടെ പുത്രന്മാരായ യാക്കോബിനും യോഹന്നാനും ഇടിമുഴക്കത്തിന്റെ മക്കൾ എന്ന് അർഥമുള്ള ബോവനേർഗ്ഗസ് എന്നും നാമകരണം ചെയ്തു. ശേഷമുള്ളവർ അന്ത്രയാസ്, ഫീലിപ്പോസ്, ബർതൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകൻ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത് എന്നിവരായിരുന്നു. പിന്നീട് യേശു വീട്ടിലേക്കു പോയി. അവർക്കു ഭക്ഷണം കഴിക്കുവാൻപോലും സാധിക്കാത്തവിധം പിന്നെയും ജനം തിങ്ങിക്കൂടി. ഇതറിഞ്ഞ് യേശുവിന്റെ ബന്ധുജനങ്ങൾ അവിടുത്തെ പിടിച്ചുകൊണ്ടു പോകുവാൻ വന്നു. “അവിടുത്തേക്കു ബുദ്ധിഭ്രമമുണ്ട്” എന്ന് അവർ പറഞ്ഞു.

മർക്കൊസ് 3:7-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേയ്ക്കു പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്‍റെയും സീദോന്‍റെയും ചുറ്റുപ്പാടിൽ നിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്‍റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്‍റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു. തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചു പോന്നു. പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്‍റെ അരികെ വന്നു. അവൻ പന്ത്രണ്ടുപേരെ നിയമിച്ചു അവർക്ക് അപ്പൊസ്തലന്മാർ എന്നു പേരു നൽകി, തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയയ്ക്കുവാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും അവരെ നിയമിച്ചു. ശിമോനു പത്രൊസ് എന്നു പേരിട്ടു; സെബെദിയുടെ മക്കളായ യാക്കോബ്, അവന്‍റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു — അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ, തന്നെ കാണിച്ചുകൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നെ. പിന്നീട് അവൻ വീട്ടിൽ വന്നു; അവർക്ക് ഭക്ഷണം കഴിക്കുവാൻപോലും കഴിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു. അവന്‍റെ കുടുംബക്കാർ അതു കേട്ട്, “അവനു ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.

മർക്കൊസ് 3:7-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു. പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു; ശിമോന്നു പത്രൊസ് എന്നു പേരിട്ടു; സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു — അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ, തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോർത്ത് യൂദാ എന്നിവരെ തന്നേ. അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു. അവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.

മർക്കൊസ് 3:7-21 സമകാലിക മലയാളവിവർത്തനം (MCV)

യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു. യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി. ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു. അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു. എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു. അതിനുശേഷം യേശു ഒരു മലയുടെ മുകളിൽ കയറി. തന്റെ ഇഷ്ടപ്രകാരം ചിലരെ അടുത്തേക്കു വിളിച്ചു. അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു. തന്റെ സഹചാരികളായിരിക്കാനും അശുദ്ധാത്മാക്കളെ പുറത്താക്കാനുള്ള അധികാരത്തോടുകൂടി ജനത്തോട് പ്രസംഗിക്കാനും പന്ത്രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു. അവർക്ക് “അപ്പൊസ്തലന്മാർ” എന്നു നാമകരണംചെയ്തു. ഇവരാണ് ആ പന്ത്രണ്ടുപേർ: പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ, സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു. അന്ത്രയോസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ. അതിനുശേഷം യേശു ഒരു വീട്ടിലേക്ക് പോയി. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്തവിധം പിന്നെയും ജനങ്ങൾ കൂട്ടമായി വന്നുകൂടി. “അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.