മർക്കൊസ് 2:18-28
മർക്കൊസ് 2:18-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്ന് അവനോട്: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞത്: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കും കാലത്തോളം അവർക്ക് ഉപവസിപ്പാൻ കഴികയില്ല. എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത് അവർ ഉപവസിക്കും. പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേർത്തുതുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതുക്കണ്ടം പഴയതിൽനിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും. ആരും പുതിയ വീഞ്ഞു പഴയതുരുത്തിയിൽ പകർന്നു വയ്ക്കുമാറില്ല; വച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകർന്നു വയ്ക്കേണ്ടത്. അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി. പരീശന്മാർ അവനോട്: നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നത് എന്ത് എന്നു പറഞ്ഞു. അവൻ അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തത് എന്ത്? അവൻ അബ്യാഥാർ മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവൻ അവരോട്: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നു പറഞ്ഞു.
മർക്കൊസ് 2:18-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരിക്കൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലർ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുണ്ടല്ലോ; അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ടാണ്?” യേശു അവരോടു ചോദിച്ചു, “മണവാളൻ കൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാമോ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. “ആരും കോടിത്തുണിക്കഷണം പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുകയില്ല. അങ്ങനെ ചെയ്താൽ പുത്തൻതുണി ചുരുങ്ങി പഴയതിൽനിന്നു വിട്ടുപോവുകയും തന്മൂലം കീറൽ ഏറെ വലുതാവുകയും ചെയ്യും. ആരും പുതുവീഞ്ഞ് പഴയ തോല്‌ക്കുടങ്ങളിൽ ഒഴിച്ചുവയ്‍ക്കാറില്ല. അപ്രകാരം ചെയ്താൽ വീഞ്ഞ് തോല്‌ക്കുടത്തെ പിളർക്കും; വീഞ്ഞ് ഒഴുകിപ്പോകുകയും കുടം നശിക്കുകയും ചെയ്യും. പുതുവീഞ്ഞ് പുതിയ തോല്‌ക്കുടങ്ങളിൽത്തന്നെയാണ് ഒഴിച്ചുവയ്‍ക്കേണ്ടത്.” ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിൽക്കൂടി നടന്നുപോകുമ്പോൾ അവിടുത്തെ ശിഷ്യന്മാർ കതിർ പറിച്ചു തുടങ്ങി. പരീശന്മാർ യേശുവിനോട്, “ഇവർ ശബത്തുദിവസം ചെയ്തുകൂടാത്തതു ചെയ്യുന്നതു കണ്ടില്ലേ?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ദാവീദും അനുചരന്മാരും വിശന്നുവലഞ്ഞപ്പോൾ എന്താണു ചെയ്തതെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അബ്യാഥാർപുരോഹിതന്റെ കാലത്ത് ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച് പുരോഹിതന്മാരല്ലാതെ മറ്റാരും ഭക്ഷിച്ചുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും അനുചരന്മാർക്കു കൊടുക്കുകയും ചെയ്തില്ലേ?” പിന്നീടു യേശു അവരോടു പറഞ്ഞു: “ശബത്തു മനുഷ്യനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ്; മനുഷ്യൻ ശബത്തിനുവേണ്ടിയുള്ളവനല്ല. മനുഷ്യപുത്രനാകട്ടെ ശബത്തിന്റെയും കർത്താവാകുന്നു.”
മർക്കൊസ് 2:18-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുക പതിവായിരുന്നു; അവർ വന്നു അവനോട്: “യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത്?“ എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞത്:മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിക്കുവാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്ക് ഉപവസിക്കുവാൻ കഴിയുകയില്ല. എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും. പഴയ വസ്ത്രത്തിൽ പുതിയതുണിക്കഷണം ആരും ചേർത്ത് തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതിയ കഷണം പഴയതിൽ നിന്നു വലിഞ്ഞിട്ട് കീറൽ ഏറ്റവും വല്ലാതെ ആകും. ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നു വയ്ക്കുമാറില്ല; വച്ചാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലത്രേ പകർന്നു വയ്ക്കേണ്ടത്. യേശു ശബ്ബത്തിൽ ഒരു വയലിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴി നടക്കയിൽ കതിർ പറിച്ചു തിന്നുതുടങ്ങി. പരീശന്മാർ അവനോട്: ”നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത്?” എന്നു പറഞ്ഞു. അവൻ അവരോട്: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്? അവൻ അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ? എന്നു ചോദിച്ചു. പിന്നെ യേശു അവരോട്: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്; അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നു പറഞ്ഞു.
മർക്കൊസ് 2:18-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്കു ഉപവസിപ്പാൻ കഴികയില്ല. എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും. പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേർത്തു തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും. ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ പകർന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകർന്നു വെക്കേണ്ടതു. അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി. പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. അവൻ അവരോടു: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു? *അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവൻ അവരോടു: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായതു; അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു എന്നു പറഞ്ഞു.
മർക്കൊസ് 2:18-28 സമകാലിക മലയാളവിവർത്തനം (MCV)
ഒരിക്കൽ, യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവാസം അനുഷ്ഠിച്ചിരുന്നപ്പോൾ, ചിലർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോടു ചോദിച്ചു: “യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരുടെ ശിഷ്യന്മാരും ഉപവസിക്കുന്നു; എന്നാൽ അങ്ങയുടെ ശിഷ്യന്മാർ അങ്ങനെ ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?” യേശു മറുപടി പറഞ്ഞു: “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ കൂടെയുള്ളേടത്തോളം അവർക്ക് അത് സാധ്യമല്ല. എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ പുതിയ തുണി ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ വീഞ്ഞ്, കുടങ്ങളെ പിളർക്കുകയും വീഞ്ഞും കുടങ്ങളും നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.” ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചുതുടങ്ങി. പരീശന്മാർ യേശുവിനോട്, “നോക്കൂ! ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തത് ഇവർ ചെയ്യുന്നതെന്ത്?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.” തുടർന്ന് യേശു, “മനുഷ്യനുവേണ്ടിയാണ് ശബ്ബത്ത് ഉണ്ടാക്കപ്പെട്ടത്; മറിച്ച് മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല; മനുഷ്യപുത്രൻ ശബ്ബത്തിന്റെയും അധിപതിയാണ്” എന്നു പറഞ്ഞു.