മർക്കൊസ് 16:11-20
മർക്കൊസ് 16:11-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടപ്പോൾ വിശ്വസിച്ചില്ല. പിന്നെ അവരിൽ രണ്ടു പേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. അവർ പോയി ശേഷമുള്ളവരോട് അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല. പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിനിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു. പിന്നെ അവൻ അവരോട്: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. ഇങ്ങനെ കർത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു. അവർ പുറപ്പെട്ട് എല്ലാടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]
മർക്കൊസ് 16:11-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ജീവിച്ചിരിക്കുന്നു എന്നും മറിയം അവിടുത്തെ കണ്ടു എന്നും കേട്ടിട്ട് അവർ വിശ്വസിച്ചില്ല. അതിനുശേഷം അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്കു പോകുമ്പോൾ യേശു മറ്റൊരു വിധത്തിൽ അവർക്കു പ്രത്യക്ഷപ്പെട്ടു. അവർ തിരിച്ചുചെന്ന് മറ്റുള്ളവരോട് ആ വിവരം പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. ഒടുവിൽ ശിഷ്യന്മാർ പതിനൊന്നു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. താൻ ഉയിർത്തെഴുന്നേറ്റശേഷം തന്നെ നേരിൽ കണ്ടവർ പറഞ്ഞത് അവിശ്വാസവും ഹൃദയകാഠിന്യവും മൂലം വിശ്വസിക്കാതിരുന്നതിനാൽ, യേശു അവരെ ശാസിച്ചു. അനന്തരം അവിടുന്ന് അരുൾചെയ്തു: “നിങ്ങൾ ലോകമെങ്ങും പോയി സർവമനുഷ്യരാശിയോടും ഈ സുവിശേഷം പ്രസംഗിക്കുക. വിശ്വസിച്ച് സ്നാപനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവർക്ക് ഈ അദ്ഭുതസിദ്ധികൾ ഉണ്ടായിരിക്കും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും. അവർ പുതിയ ഭാഷകളിൽ സംസാരിക്കും. സർപ്പങ്ങളെ അവർ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവർക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവർ കൈകൾവച്ചാൽ രോഗികൾ സുഖം പ്രാപിക്കും.” ഇങ്ങനെ അവരോടു പറഞ്ഞശേഷം കർത്താവായ യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശിഷ്യന്മാർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടു ചേർന്നു പ്രവർത്തിക്കുകയും അവർ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാൽ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു.
മർക്കൊസ് 16:11-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടപ്പോൾ വിശ്വസിച്ചില്ല. പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്ക് പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്ക് പ്രത്യക്ഷനായി. അവർ പോയി ശേഷമുള്ള ശിഷ്യന്മാരോട് അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല. പിന്നീട് ആ പതിനൊന്നുപേർ ഭക്ഷണത്തിനിരിക്കുമ്പോൾ യേശു അവർക്ക് പ്രത്യക്ഷനായി, ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്ക് വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു. പിന്നെ അവൻ അവരോട്: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിയ്ക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അവർ പുതുഭാഷകളിൽ സംസാരിക്കും, അവരുടെ കൈകളാൽ അവർ സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്ക് ഹാനി വരികയില്ല; അവർ രോഗികളുടെമേൽ കൈവച്ചാൽ അവർക്ക് സൗഖ്യം വരും” എന്നു പറഞ്ഞു. ഇങ്ങനെ കർത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു. അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അത്ഭുതകരമായ അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.
മർക്കൊസ് 16:11-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല. പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല. പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു. അവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]
മർക്കൊസ് 16:11-20 സമകാലിക മലയാളവിവർത്തനം (MCV)
യേശു ജീവിച്ചിരിക്കുന്നെന്നും അവൾ അദ്ദേഹത്തെ കണ്ടുവെന്നും കേട്ടിട്ട് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്ക് നടന്നുപോകുമ്പോൾ യേശു മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. അവർ മടങ്ങിവന്നു ശേഷമുള്ളവരെ വിവരം അറിയിച്ചു. എന്നാൽ, അവരെയും ശിഷ്യന്മാർ വിശ്വസിച്ചില്ല. പിന്നീട് ശിഷ്യന്മാർ പതിനൊന്നുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. താൻ ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലോകംമുഴുവനും പോയി സകലമാനവജാതിയോടും സുവിശേഷം പ്രസംഗിക്കുക. വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കും; വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവർ ഇപ്പറയുന്ന അത്ഭുതങ്ങൾ പ്രവർത്തിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതിയ ഭാഷകളിൽ സംസാരിക്കും; പാമ്പുകളെ കൈകളിൽ എടുക്കും; മാരകമായ വിഷം കുടിച്ചാൽ അത് അവർക്കു ഹാനി വരുത്തുകയില്ല; അവർ രോഗികളുടെമേൽ കൈവെച്ചാൽ, അവർക്കു സൗഖ്യം വരും.” കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു. ശിഷ്യന്മാർ പോയി എല്ലായിടത്തും പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അത്ഭുതങ്ങളിലൂടെ അവരുടെ വചനം സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.