മർക്കൊസ് 16:1-10
മർക്കൊസ് 16:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധവർഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറയ്ക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കുവേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു; അത് ഏറ്റവും വലുതായിരുന്നു. അവർ കല്ലറയ്ക്കകത്തു കടന്നപ്പോൾ വെള്ള നിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തുഭാഗത്ത് ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു. അവൻ അവരോട്: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വച്ച സ്ഥലം ഇതാ. നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു. അവർക്കു വിറയലും ഭ്രമവും പിടിച്ച് അവർ കല്ലറ വിട്ട് ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല. [അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ട് താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി. അവൾ ചെന്ന് അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞും കൊണ്ടിരിക്കുന്നവരോട് അറിയിച്ചു.
മർക്കൊസ് 16:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശബത്തു കഴിഞ്ഞപ്പോൾ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മ മറിയവും ശലോമിയും യേശുവിന്റെ ശരീരത്തിൽ പൂശുവാൻ സുഗന്ധദ്രവ്യങ്ങൾ വാങ്ങി. അവർ ഞായറാഴ്ച പുലർകാലവേളയിൽ സൂര്യനുദിച്ചപ്പോൾത്തന്നെ കല്ലറയ്‍ക്കലേക്കു പോയി. “നമുക്കുവേണ്ടി കല്ലറയുടെ വാതില്‌ക്കൽനിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവർ അന്യോന്യം പറഞ്ഞു. എന്നാൽ അവർ സൂക്ഷിച്ചുനോക്കിയപ്പോൾ കല്ലുരുട്ടി നീക്കിയിരിക്കുന്നതു കണ്ടു. ഒരു വലിയ കല്ലായിരുന്നു അത്. കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചപ്പോൾ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവർ അമ്പരന്നു. അയാൾ പറഞ്ഞു: “പരിഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങൾ അന്വേഷിക്കുന്നത്; അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; ഇവിടെയില്ല. അവിടുത്തെ സംസ്കരിച്ച സ്ഥലം ഇതാ കണ്ടാലും. നിങ്ങൾ പോയി അവിടുത്തെ ശിഷ്യന്മാരോടും പത്രോസിനോടും ‘നിങ്ങൾക്കു മുമ്പായി അവിടുന്ന് ഗലീലയിലേക്കു പോകുന്നു; നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് അവിടുത്തെ നിങ്ങൾ കാണും’ എന്നു പറയുക. ആ സ്‍ത്രീകൾ കല്ലറയിൽ നിന്നിറങ്ങി ഓടി. അവർ അമ്പരന്നു വിറയ്‍ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവർ ആരോടും ഒന്നും സംസാരിച്ചില്ല. ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്‍ത്രീയിൽ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്. മറിയം പോയി യേശു ഉയിർത്തെഴുന്നേറ്റ വാർത്ത അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. അവർ ദുഃഖിച്ചു വിലപിക്കുകയായിരുന്നു.
മർക്കൊസ് 16:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശബ്ബത്തുനാൾ കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമിയും ചെന്നു യേശുവിന്‍റെ ശരീരം അഭിഷേകം ചെയ്യേണ്ടതിന് സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ തന്നെ അവർ കല്ലറയ്ക്കൽ ചെന്നു. ”കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കുവേണ്ടി ആർ കല്ല് ഉരുട്ടിക്കളയും?” എന്നു തമ്മിൽ പറഞ്ഞു. അവർ നോക്കിയപ്പോൾ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു; അത് ഏറ്റവും വലുതായിരുന്നു. അവർ കല്ലറയ്ക്കകത്ത് കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ടു ഭ്രമിച്ചു. അവൻ അവരോട്: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല, നോക്കൂ അവനെ വച്ച സ്ഥലം ഇതാ. എന്നാൽ നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകുന്നു; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് നിങ്ങൾ അവനെ കാണും എന്നു പറവിൻ” എന്നു പറഞ്ഞു. അവർക്ക് വിറയലും ഭ്രമവും പിടിച്ച് അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ വളരെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റതിനുശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി. അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോട് അറിയിച്ചു.
മർക്കൊസ് 16:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു. അവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു. അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു. അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല. [അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.
മർക്കൊസ് 16:1-10 സമകാലിക മലയാളവിവർത്തനം (MCV)
ശബ്ബത്ത് കഴിഞ്ഞശേഷം, മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമിയും യേശുവിന്റെ ശരീരത്തിൽ ലേപനം ചെയ്യുന്നതിന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി. ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്തേക്കുപോയി. “കല്ലറയുടെ കവാടത്തിൽനിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും?” എന്ന് അവർ പരസ്പരം ചോദിച്ചു. എന്നാൽ, അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു. അവർ കല്ലറയ്ക്കുള്ളിൽ പ്രവേശിച്ചു, അപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നതു കണ്ടു പരിഭ്രമിച്ചു. അയാൾ അവരോട്, “പരിഭ്രമിക്കേണ്ടാ, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹത്തെ വെച്ചിരുന്ന സ്ഥലം കാണുക. നിങ്ങൾ പോയി, ‘അദ്ദേഹം നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ, അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും പത്രോസിനെയും അറിയിക്കുക’ ” എന്നു പറഞ്ഞു. ആ സ്ത്രീകൾ പരിഭ്രമിച്ചു വിറച്ചുകൊണ്ട് കല്ലറയിൽനിന്ന് ഇറങ്ങിയോടി. അവർ ഭയന്നിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞില്ല. ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലക്കാരി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി. അവൾ പോയി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരോട് ഇക്കാര്യം പറഞ്ഞു. ആ സമയത്ത് അവർ വിലപിച്ചും കരഞ്ഞും കൊണ്ടിരിക്കുകയായിരുന്നു.